ശുദ്ധിയും , അശുദ്ധിയും എന്താണ് ?
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
സ്വാതിക ഗുണമുള്ള ശുദ്ധമായ ഒന്ന് തമോഗുണമുള്ള അശുദ്ധമായ ഒന്നിനോട് നിരന്തരമായി കലരാൻ അവസരമുണ്ടായാൽ സത്വശുദ്ധിയിൽ തമോഗുണം ബാധിച്ച് മലിനമായി തീരും. അതു കൊണ്ടാണ് അശുദ്ധമായവയുമായി ഇടപെടേണ്ടി വന്നാൽ ശുദ്ധി വരുത്തിയതിനു ശേഷമേ ദേവകാര്യങ്ങളിൽ പങ്കെടുക്കാവൂ എന്ന് പറയുന്നത്.
മത്സൃ മാംസഭക്ഷണങ്ങളും, പുളിച്ചതും അഴുകിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരേയും ആചാരങ്ങളും അനിഷ്ടാനങ്ങളും ഒന്നുമില്ലാതെ തമോഗുണം വർദ്ധിച്ച് ഉന്മാദം ബാധിച്ചവരെയും അശുദ്ധന്മാരായിട്ടാണ് പണ്ടുകാലത്ത് കണക്കാക്കിയിരുന്നത്. അതു കൊണ്ട് അത്തരക്കാരെ സാത്വിക കർമ്മങ്ങളിൽ നിന്നും അക്കാലത്ത് മാറ്റി നിർത്തിയിരുന്നു. ഇതാണ് പിന്നീട് അയിത്തവും, തീണ്ടലുമായി മാറിയത്.
അശുദ്ധി അഞ്ചു തരത്തിലാണ്. സ്പർശം, ദൃശ്യം, ഘ്രാണം,രസ്യം സാമീപ്യം
1 -സ്പർശാ ശുദ്ധി:
മലം, മൂത്രം, രജസ്വല, നീചൻ ഇവരെ സ്പർശിച്ചാൽ വരുന്ന അശുദ്ധി - പ്രതിവിധിയായി ജലശുദ്ധി ചെയ്യണം.
2-ദൃശ്യാശുദ്ധി:
പര ദ്വേഷം, കാണാൻ പാടില്ലാത്തത് കാണൽ, മ്ലേച്ചൻമാർ എന്നിവരെ കണ്ടാൽ ദൃശ്യാശുദ്ധി.
3-ഘ്രാണാശുദ്ധി:
ഭക്ഷണം, ചന്ദനം, പുഷപം, പൂജാ സാധനങ്ങൾ ഇവ മണത്തു നോക്കുന്നത്.
4-രസ്യാ ശുദ്ധി:
സ്വയം പാനം ചെയ്യുകയോ, രുചിച്ച് നോക്കുകയോ ചെയ്താൽ രസ്വാശുദ്ധി ബാധിച്ച് ഉച്ചിഷ്ടമായി.
5-അശുദ്ധ സ്ത്രീ, തസ്കരൻ, മാറാരോഗി ഇവരെ സമീപിക്കുക വഴി. കൂടാതെ അഞ്ചു രീതികളാൽ ഒരേ പോലെ അശുദ്ധമാകുന്നതാണ് മദ്യം, മാംസം, രജസ്വലയായ സ്ത്രീ ഇവയുമായുള്ള ബന്ധം. അശുദ്ധ സ്ത്രീ എന്നതിന് തെറ്റിദ്ധാരണകൾ വേണ്ട. രജസ്വലയാവുക എന്നത് അശുദ്ധിയല്ല. രക്തം ശരീരത്തിൽ നിന്ന് പുറത്ത് വരുന്ന അവസ്ഥയിൽ ആയതു കൊണ്ടാണ് സ്ത്രീക്ക് ആർത്തവ സമയത്ത് വിശ്രമം പറഞ്ഞിട്ടുള്ളത്. അത് അവളെ അശുദ്ധയെന്ന് പറഞ്ഞ് അകറ്റി നിർത്തുന്നതല്ല.
ക്ഷേത്രം , യാഗഭൂമി, എന്നിവിടങ്ങളിൽ മുറിവുണ്ടായി രക്തം വീണാലും അശുദ്ധി പ്രഖ്യാപിക്കാം. .
ജല ശുദ്ധി: കുളി, ജലപാനം, ആചമനീയം
വായു ശുദ്ധി: ശരീരത്തിലെ വിയർപ്പ് വായു കൊണ്ട് ഉണക്കി ശുദ്ധമാക്കുക.അതാണ് പൂജാരികൾ മേൽവസ്ത്രം ഉപയോഗിക്കാത്തത്.
അഗ്നിശുദ്ധി: അഗ്നിയെ സ്പർശിച്ച്, സമീപത്തു വസിച്ചോ , ദർശിച്ചോ ,ഹോമിച്ചോ ശുദ്ധി വരുത്തുക.
മന്ത്രശുദ്ധി: പവിത്രീകരണമന്ത്രം ചൊല്ലുകയോ, സ്മരിക്കുകയോ, മന്ത്രം ചൊല്ലി പവിത്രീകരിച്ച ജലം തളിച്ചോ ശുദ്ധി വരുത്താം.
സ്മരണ ശുദ്ധി: ഗുരു, ഈശ്വരൻ വിഷ്ണു ഇവരെ സ്മരിച്ചു കൊണ്ട് ശുദ്ധമാക്കാം.
ദ്രവ്യശുദ്ധി: രക്തം പുരണ്ടാൽ പാൽകൊണ്ടും, മുഖം താംബൂലം കൊണ്ടും അന്തരീക്ഷം മന്ത്രത്താലും, കീർത്തനത്താലും, ജലം പുഷ്പചന്ദനങ്ങളാലും, ഗൃഹം ചാണകം ഗോമൂത്രം പഞ്ചഗവ്യം, തീർത്ഥജലം ഇവകളാലും, പ്രാണ ശുദ്ധി വായുവിനാലും, സുഗന്ധത്താലും ചെയ്യാമെന്ന് വിധിയുണ്ട്.
നമ്മുടെ വിചാരങ്ങൾ, നമ്മുടെ വഴികൾ എന്നിവയുമായി ദൈവത്തിന്റെ വഴികൾക്ക് പലപ്പോഴും ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. ഉണ്ടാകാറില്ല എന്നതാണ് സത്യം. ശുദ്ധിയുടെ കാര്യവും ഇതു തന്നെയാണ്.
നമ്മുടെ ശരീരത്തിലെ ഒൻപത് ദ്വാരങ്ങളിൽ കൂടിയും എല്ലാ നേരവും മലം (ഉച്ചിഷ്ടം) പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെയുള്ള ശരീരത്തിൽ സ്പർശിച്ചാൽ ശുദ്ധമാകേണ്ടതാണ്. ഒരു വ്യക്തി ജനിക്കുന്നതും, മരിക്കുന്നതും അശുദ്ധിയോടു കൂടിയാണ്. മലമൂത്ര ഗന്ധാദികളിലെ ദുർഗന്ധം ഒഴിവാക്കാൻ ശുദ്ധീകരണം ചെയ്യേണ്ടത് മണ്ണും വെള്ളവും ഉപയോഗിച്ചാണ്. അത് ലൗകിക ശുദ്ധി മാത്രമാകുന്നു. യഥാർത്ഥ ശുദ്ധി ഞാൻ, എനിക്ക്, എന്റെ എന്നീ ചിന്തകൾ ഒഴിവാക്കുന്നതിലൂടെയാണ്. ചിത്തത്തെ വിശുദ്ധമാക്കുന്ന പരിശുദ്ധി കാമാദികളെ ഇല്ലാതാക്കുന്നു.
ജ്ഞാനമാകുന്ന മണ്ണും, വൈരാഗ്യമാകുന്ന വെള്ളവും കൊണ്ട് ചിന്തകളെ കഴുകുമ്പോൾ യഥാർത്ഥ ശുദ്ധി കൈവരും. അത് തന്നെയാണ് പവിത്രത. ജ്ഞാനമാകുന്ന സൂര്യൻ ഹൃദയത്തിൽ എപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കണം. : അവിടെ എല്ലാമായ ആത്മശുദ്ധി വരുമ്പോഴാണ് ദർശനങ്ങളും വാക്കുകളും ദൈവികമാകുന്നത്. ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്നതെല്ലാം ഒന്നു തന്നെയാണെന്ന ഗുരുസമാധിയിൽ നിന്നുള്ള ബഹ്മജ്ഞാന പ്രബോധനത്താൽ ആശ്രമത്തെ കൊടുങ്കാടെന്നും ഏകാന്ത സ്ഥാനവുമല്ലെന്നുമുള്ള തിരിച്ചറിവ് സംഭവിച്ചിരിക്കുന്നു. നിങ്ങൾക്കും നിങ്ങൾ ആയിരിക്കുന്ന ഒരോ ആശ്രമങ്ങളിലും അങ്ങിനെ തന്നെ ആയിരിക്കട്ടെ!
ഗുരുസമാധിയിൽ നിന്നും
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
പീഠാധീശ്വർ
വിശ്വകർമ്മ സമൂഹമഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ