ഹിന്ദു അറിയേണ്ടത്

 ഓം ഗും ഗുരുഭ്യോ നമഃ

സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം.

കൃഷ്ണാനന്ദം ബ്ലോഗിനെ ഇതുവരെ പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം.

അദ്വൈതം

വളരെയേറെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയം. പരമാവധി വിശ്വസ്തതയോടെ ഈ മൂന്നക്ഷരത്തെ വിതക്കുന്നു.. 

  അദ്വൈതവാദം എന്ന ഭാരതീയ ദര്‍ശനത്തിന്റെ ലളിതമായ ഒരു സംഗ്രഹം, ചില വിശദീകരണ കുറിപ്പുകളോടെ. അദ്വൈതത്തെക്കുറിച്ച് വളരെ നല്ല ഒരു ധാരണ വളർത്തിയെടുക്കുവാൻ ഈ സംഗ്രഹം ഉപകരിക്കും. രാജാമണി തിഗുണേത്തിന്റെ“ Seven Systems of Indian Philosophy “ എന്ന പുസ്തകത്തിലെ അവസാന അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണിത്.. അമേരിക്കയിലെ ഹോന്‍സ്ഡെയിലിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്ധ്യാത്മിക തലവനാണ് ശ്രീ രാജാമണി തിഗുനേത്. പ്രസിദ്ധ ഋഷി വര്യനായിരുന്ന സ്വാമിരാമയുടെ ആദ്ധ്യാത്മിക പിന്‍ഗാമിയും ഇരട്ട പി.എച്ച്.ഡി ബിരുദധാരിയും ആണ് അദ്ദേഹം. അലഹാബാദ് യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി ‘സംസ്കൃത’ത്തിലും, പെന്‍സില്‍വാനിയ യൂണിവേര്‍സിറ്റിയുടെ പി.എച്ച്.ഡി ‘ഓറിയെന്‍റെല്‍ സ്റ്റഡീസി’ലും.

മീമാംസയും വേദാന്തവും പരസപരം ബന്ധപ്പെട്ട സമ്പ്രദായങ്ങള്‍ ആണ്. മീമാംസ പൂര്‍വ മീമാംസ എന്ന പേരിലും, വേദാന്തം ഉത്തര മീമാംസ എന്ന പേരിലും അറിയപ്പെടുന്നു. വേദങ്ങളിലെ ആരാധനാക്രമങ്ങളില്‍ നിന്നാണ് പൂര്‍വ മീമാംസ ഉടലെടുക്കുന്നത്. ഉത്തര മീമാംസയാകട്ടെ ഉപനിഷത്തുക്കളില്‍ നിന്നും. വേദ ചിന്തകളുടെ പര്യവസാനമാണ് ഉത്തരമീമാംസ എന്ന് പറയാം. ഭാഷാപരമായി പറഞ്ഞാല്‍ വേദാന്തം എന്നാല്‍ “വേദങ്ങളുടെ പര്യവസാനം” എന്നര്‍ത്ഥം. പുരാതന കാലങ്ങളില്‍ ഉപനിഷത്തുക്കളുടെ അദ്ധ്യയനം കഴിയുന്നതുവരെ  ഭാരതീയനായ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം പൂര്‍ണമായതായി കരുതപ്പെട്ടിരുന്നില്ല. പക്ഷേ, വെറും വേദ പഠനം കൊണ്ട് മാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയുകയില്ലെന്നും പറയുമായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും പഠിപ്പിച്ചതെല്ലാം സ്വന്തം അനുഭവത്തിലൂടെ  അനുഭവിച്ചറിയേണ്ട ആവശ്യമുണ്ടായിരുന്നു.

ഉപനിഷത്തുക്കളിലെ  പ്രതിപാദ്യ വിഷയം വിവരിക്കുന്ന രീതി അനന്യ സാധാരണമാണ്. മിക്കവാറും എല്ലാ ഉപനിഷത്തുക്കളും എഴുതപ്പെട്ടിരുന്നത്  പ്രതിരൂപാത്മകമായ ഭാഷയിലായിരുന്നു. ഭാഷാ പരിജ്ഞാനവും  വ്യാകരണ പരിജ്ഞാനവും കൊണ്ട്  മാത്രം യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ ഗൂഢമായ ഉപമാനങ്ങള്‍ വെളിപ്പെടുക അസാദ്ധ്യമായിരുന്നു.  ഉപനിഷദ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ “ഗുരുവിന്റെ തൊട്ടടുത്ത് ഇരുന്ന്  പഠിച്ചാല്‍ മാത്രം ശരിക്ക് പഠിക്കാന്‍ കഴിയുന്ന പ്രമാണങ്ങള്‍” എന്നാണ്. പ്രതിരൂപാത്മകതയാലും  ഉപരിതലത്തില്‍  പരിമിതമായ ഭാഷയാലും  മറക്കപ്പെട്ടിരിക്കുന്ന ഉപനിഷത്തുക്കളിലെ പ്രതിപാദ്യങ്ങള്‍   ബ്രഹ്മനിഷ്ഠനും പഠിപ്പിക്കാന്‍ യോഗ്യനുമായ ഒരു ഗുരുനാഥനില്‍ നിന്ന് നേരിട്ട് മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഒന്നാണ്. 

ഉപനിഷത്തുക്കള്‍ വ്യക്തമായ രീതിയില്‍ ക്രമീകരിക്കപ്പെട്ട ലിഖിതങ്ങളായ ഒന്നല്ല. പക്ഷേ, ബ്രഹ്മസൂത്രത്തില്‍ വ്യാസന്‍ (ബാദരായണന്‍ എന്നും അറിയപ്പെടുന്നു) ഉപനിഷത്തുക്കളിലെ ധാരണകള്‍ ക്രമാനുഗതങ്ങളായി ക്രോഡീകരിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ടിയില്‍ പരസ്പരം വിപരീത അര്‍ത്ഥം നല്‍കുന്ന വാക്യങ്ങള്‍ ഉപനിഷത്തുക്കളില്‍ നിരവധിയാണ്. പരസ്പരം വിപരീത അര്‍ത്ഥം തോന്നിപ്പിക്കുന്ന ഉപനിഷദ് സൂക്തങ്ങള്‍ വ്യക്തമാക്കി അവയെ സമന്വയിപ്പിച്ചു സമവായത്തില്‍ കൊണ്ടുവരാന്‍ ഉദ്യമിച്ച ആദ്യത്തെ പണ്ഡിതന്‍ ബാദരായണന്‍ ആയിരുന്നു. ബ്രഹ്മസൂത്രം നാല് അദ്ധ്യായങ്ങള്‍ ആയി തിരിച്ചിരിക്കുകയാണ്. “സമവായ”  എന്ന അദ്ധ്യായത്തില്‍ ഉപനിഷദ് പാഠങ്ങളിലെ വ്യക്തതയും ഏകതാനതയും വ്യക്തമാക്കുന്നു. “അവിരോധ” എന്ന അദ്ധ്യായത്തില്‍ അതിനകം തന്നെ വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടു  കഴിഞ്ഞിട്ടുള്ള  സിദ്ധാന്തങ്ങളും ന്യായ നിയമാവലികളും ആയി ഉപനിഷദ് സൂക്തങ്ങള്‍  എങ്ങിനെ തികച്ചും പരസ്പരം യോജിച്ചു നില്‍ക്കുന്നു എന്ന വസ്തുതകളാണ് വ്യക്തമാക്കുന്നത്. “സാധന”  എന്ന അദ്ധ്യായത്തില്‍ സാക്ഷാത്കാരത്തിനുള്ള വഴികളാണ് വിവരിക്കുന്നത്. പിന്നെ “ഫല” എന്ന നാലാമത്തെ അദ്ധ്യായത്തില്‍ വേദാന്ത ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളും വിവരിക്കുന്നു. സൂത്രങ്ങള്‍ വളരെ  ഹ്രസ്വങ്ങളും വിശദാംശങ്ങള്‍ അടങ്ങാത്തതും ആയതുകൊണ്ട് അവയുടെ അര്‍ത്ഥം  ഗ്രഹിക്കാന്‍ വളരെ അധികം പ്രയാസമാണ്. അതുമൂലം നിരവധി വ്യാഖ്യാനങ്ങള്‍ അവയ്ക്ക് വരുകയുണ്ടായിട്ടുണ്ട്. ഓരോ വ്യാഖ്യാതാക്കളും അവരവരുടെ നിലപാടുകള്‍ക്ക് അനുസൃതമായി ദീര്‍ഘങ്ങളായ ന്യായങ്ങളും തര്‍ക്കങ്ങളും നല്‍കിയിട്ടും ഉണ്ട്. അങ്ങിനെ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്ന് തദനുസൃതമായി അദ്വൈത സിദ്ധാന്തത്തിന് വിവിധ ശാഖകള്‍  ഉടലെടുത്തു. അവയില്‍  ഏറ്റവും പ്രസിദ്ധമായാവ, ശങ്കരന്‍, രാമാനുജന്‍, മാധവന്‍, വല്ലഭന്‍, നിംബാരകന്‍ എന്നിവരുടേതാണ്. ഈ ഓരോ ശാഖകള്‍ക്കും  അവരവരുടേതായ വളരെ ബ്രഹത്തായ പാരമ്പര്യവും ഉണ്ട്. ഇന്നും ഇവരുടെ നിരവധി മൂല വ്യാഖ്യാനങ്ങളും അവയുടെ ഉപവ്യാഖ്യാനങ്ങളും നിലവിലുണ്ടെന്ന് മാത്രമല്ല, അവയെല്ലാം വളരെ വിശ്വസ്തമായിത്തന്നെ ഭാരതത്തിലും വിദേശത്തും ഇന്നും പിന്തുടര്‍ന്നുവരുന്നുമുണ്ട്. 

എല്ലാ വേദാന്ത ശാഖകള്‍ക്കും ഒരുപോലെ പൊതുവായി ഉള്ള വീക്ഷണങ്ങള്‍

വേദാന്ത ചിന്തകളുടെ സര്‍വ്വ ശാഖകളും പൊതുവായി കാണുകയും, പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട  ചില പൊതുവായ ചോദ്യങ്ങള്‍ ഉണ്ട്: എന്താണ് ആത്യന്തികമായ യാഥാര്‍ത്ഥ്യം? എവിടെ നിന്നും ആണ് എല്ലാ ശാരീരികവും മാനസികവും ആയ പ്രതിഭാസങ്ങള്‍ ഉത്ഭവിക്കുന്നത്? എല്ലാ പ്രതിഭാസങ്ങളും ലയിച്ച് ഇല്ലാതായിത്തീരുന്ന ആ സ്ഥിതിവിശേഷത്തി സ്വഭാവം എന്താണ്? എല്ലാം നമ്മുക്ക്  തിരിച്ചറിയാന്‍  കഴിയുന്നത്‌ ഏതു യാഥാര്‍ത്ഥ്യത്തിനാലാണ്? അറിയാത്ത ഒന്നിനെ അറിയുന്ന ഒന്നായി മാറ്റുന്നതെന്താണ്? അമരത്വം കൈവരിക്കാനുള്ള വഴി എന്താണ്? സ്വ-ആത്മത്വം (SELF) – അല്ലെങ്കില്‍ “ഞാന്‍” എന്ന അറിവ് നല്‍കുന്ന അവസ്ഥ –  അതിന്റെ സ്വഭാവം എന്താണ്? മരണ ശേഷം എന്ത് സംഭവിക്കുന്നു? ഈ ചോദ്യങ്ങളും അവയ്ക്കുള്ള തീരുമാനങ്ങളും എല്ലാ ഉപനിഷത്തുകളും ഒരുപോലെ പങ്കിടുന്ന ചില അറിവുകളാണ്. ഉദാഹരണത്തിന്, “ബ്രഹ്മന്‍” അല്ലെങ്കില്‍ “ആത്മന്‍” എന്ന് പറയുന്ന സര്‍വ്വ വ്യാപിയായ  യാഥാര്‍ത്ഥ്യത്തിന്റെ  സാന്നിദ്ധ്യം  എല്ലാ ഉപനിഷത്തുക്കളും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. അതുപോലെതന്നെ, എല്ലാ ഉപനിഷത്തുക്കളും സ്വആത്മത്വം (SELF) എന്നതിനെ അപഗ്രഥിക്കുന്നത് ശരീരമോ, ശ്വാസോച്ഛ്വാസമോ, മനസ്സോ, ബുദ്ധിയോ, അല്ലാത്ത എന്നാല്‍  അതില്‍ നിന്നെല്ലാം വേറിട്ട്‌ അതെല്ലാം ഉപയോഗിച്ച് സ്വ-ആത്മത്വത്തെ(SELF)  ഒരു കവചം പോലെ കോശങ്ങളായി ആവരണം ചെയ്ത് മറച്ചു വച്ചിരിക്കുന്ന ഒന്നായിട്ടാണ്.  ഒരാള്‍ അനുഭവിക്കുന്ന വേദനയും ആനന്ദവും എന്നത്  മാറി മാറി കടന്നു വന്ന് ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്‌ എന്നിവയില്‍ പ്രതിഭലിപ്പിച്ചു കടന്നു പോയിക്കൊണ്ടിരിക്കുന്ന  കാര്യങ്ങളാണ്. അജ്ഞതയില്‍ നിന്നും പിറക്കുന്ന എന്നാല്‍  അന്തിമമായി വാസ്തവമല്ലാത്ത ഒരു കാര്യമാണത്.  സ്വ-ആത്മത്വം (SELF) എന്നത് അനശ്വരമായ ഒന്നായിട്ട്‌ കരുതപ്പെടുന്നു. ആനന്ദവും വിജ്ഞാനവും അതിന്റെ അവിഭാജ്യ സ്വഭാവങ്ങളായിട്ടും കരുതപ്പെടുന്നു. സന്തോഷം നല്‍കുന്ന എല്ലാം അതങ്ങിനെ ആയിനിലനില്‍ക്കുന്നത് ആ വസ്തുവില്‍ നിര്‍മലമായ ആ  സ്വ-ആത്മത്വം (SELF) അടങ്ങിയിരിക്കുന്നതുകൊണ്ടാണ്. സര്‍വ്വ  ആനന്ദത്തിന്റെയും ആത്യന്തികമായ ഉറവിടം ആ സ്വ-ആത്മത്വമാണ് (SELF). ഈ സ്വ-ആത്മത്വം (SELF) തിരിച്ചറിഞ്ഞ് സാക്ഷാത്ക്കരിക്കാന്‍ കൂര്‍മവും ആഴ്ന്നിറങ്ങുന്നതുമായ നമ്മുടെ ബുദ്ധിശക്തി ഉപയോഗിക്കണം. ഈ വിധത്തിലുള്ള സ്വ-ആത്മ സാക്ഷാത്കാരം ആണ് ജീവിതത്തിന്റെ ഏറ്റവും പരമമായ ലക്ഷ്യം. ഈ ലക്ഷ്യം സാധിക്കാന്‍ ഉപനിഷത്തുക്കള്‍ ബാഹ്യമായ ആരാധനാക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. നേരേ മറിച്ച് നമ്മളുടെ അവബോധത്തെ ശരീരത്തിനകത്തേക്ക് ആന്തരീകരിക്കുന്നതിലാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. 

സര്‍വ്വ വസ്തുക്കളും  പരശതം ഭാവത്തിലും രൂപത്തിലും    നിലനില്‍ക്കുന്നത്  എല്ലാ ഉപനിഷത്തുക്കളും അവസാനം അസത്യം എന്നുപറഞ്ഞു  നിഷേധിക്കുന്നു. മാത്രമല്ല, ആ രൂപ ഭാവങ്ങള്‍ക്ക് ആധാരശിലയായി നിലകൊള്ളുന്ന, മാറ്റമില്ലാത്ത ആ ശാശ്വത സത്യം –  അല്ലെങ്കില്‍ ആ അനശ്വരമായ യഥാര്‍ത്ഥത – അതൊന്നുമാത്രമാണ് സത്യത്തില്‍ നിലകൊള്ളുന്ന ഒന്നായിട്ട് ഒള്ളൂ എന്ന് പറയാന്‍ കഴിയുന്ന ഒന്ന്. വിവിധ നാമ രൂപങ്ങളിലുള്ള സ്വര്‍ണ ആഭരണങ്ങള്‍ മുഖ്യമായും സ്വര്‍ണം എന്ന ഒരു ഒറ്റ മൂല ദ്രവ്യത്തിന്റെ താത്കാലികമായ വിവധ രൂപത്തിലുള്ള നിലനില്‍പ്പാണ് എന്ന് പറയുന്നതിന് തുല്യമാണത്. ആഭരണങ്ങള്‍ എല്ലാം സ്വര്‍ണത്തില്‍ നിന്നും ഉണ്ടായതാണ്. അവയെല്ലാം ഉരുക്കുമ്പോള്‍ വീണ്ടും എല്ലാം സ്വര്‍ണമായി തന്നെ തീരുന്നു. അതുപോലെ, ജീവന്‍ നിത്യതയില്‍ നിന്നും ഉത്ഭവിച്ച്, നിത്യതയില്‍ തന്നെ തിരിച്ചെത്തി വിലയിക്കുന്നു. യഥാര്‍ത്ഥതയുടെ ആ ആധാരശില, എത്ര തന്നെ വിവിധങ്ങളായ രൂപ ഭാവങ്ങള്‍ പുറമേ പ്രകടിപ്പിച്ചാലും, അതൊന്നും കണക്കാക്കാതെ ഒരു വ്യത്യാസവും ഇല്ലാതെ തനതായി തന്നെ നില്‍ക്കുന്നു.   

ഉപനിഷത് അദ്ധ്യയനങ്ങള്‍ ബ്രഹ്മസൂത്രത്തില്‍ ക്രോഡീകരിച്ചത്തിനുശേഷം, അവക്കുള്ള വ്യാഖ്യാനങ്ങളുടേയും വിസ്തരിക്കലിന്റെയും  ഒരു പെരുവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടായി. അവയുടെയെല്ലാം സമീപനങ്ങള്‍ക്ക് തമ്മില്‍ വളരെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ശങ്കരന്‍റെ  വ്യാഖ്യാനം തികച്ചും ശ്രദ്ധേയമായി വേറിട്ട്‌ നില്‍ക്കുന്നു. വേദാന്തം  എന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ മാത്രമായ ഒരു തത്വ ദര്‍ശനമാണെന്ന് പലപ്പോഴും കരുതിപ്പോകുന്ന വിധം അദ്ദേഹത്തിന്‍റെ വിവരണവും വ്യഖ്യാനവും അത്രമാത്രം വിപുലവും വേറിട്ട്‌ നില്‍ക്കുന്നതുമാണ്. പക്ഷേ, വേദരായണന്‍റെ ബ്രഹ്മ സൂത്രത്തെത്തന്നെ ആധാരമാക്കി അദ്വൈതം, വിശിഷ്ട അദ്വൈതം, ദ്വൈതം എന്ന് തുടങ്ങി പല സിദ്ധാന്തങ്ങളും ഉയര്‍ത്തിക്കാട്ടി വളരെ അധികം വീക്ഷണഗതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള ഒരു വേദാന്ത സിദ്ധാന്തവും, ന്യായ, വൈശേഷിക, സാംഖ്യ, യോഗ, ബുദ്ധമതം എന്നീ ദര്‍ശനങ്ങളിലെ സിദ്ധാന്തങ്ങളുമായി യോജിക്കുന്നില്ല. പക്ഷേ, പ്രജ്ഞത  ഇല്ലാത്ത  ഒരു രൂപാന്തരീകരണമാണ് ഈ പ്രപഞ്ചം എന്ന് ഒരു വേദാന്ത വക്താവും കരുതുന്നുമില്ല.  എല്ലാ വേദാന്ത വീക്ഷണങ്ങളും ഒരേപോലെ ഉയര്‍ത്തിക്കാട്ടുന്നത് സപ്രജ്ഞന്നമായ  ഒരു തത്വത്തിന്റെ നിര്‍ദ്ദേശങ്ങളില്ലാതെ, അത്തരത്തിലുള്ള ചില നിബന്ധനകളും നിയമങ്ങളും പാലിച്ചല്ലാതെ,   പ്രജ്ഞത ഇല്ലാത്ത ഒരു വസ്തുവില്‍ നിന്നും ഈ ലോകം സൃഷ്ടിക്കപ്പെടാന്‍ സാദ്ധ്യമല്ലെന്നാണ്. അങ്ങനെ ഉള്ള ഒരു അടുക്കും ചിട്ടയും അപ്രജ്ഞമായ ഒരു തത്വത്തിന്റെ ഭാവം അല്ലെന്ന് അവര്‍ വാദിക്കുന്നു.  അതുപോലെ ദൈവത്തിന്റെ നിലനില്‍പ്പും എല്ലാ അദ്വൈത ചിന്താഗതികളും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. വാസ്തവമായിട്ടുള്ളത് ഇന്ദ്രിയ ഗോചരമായതും ഇന്ദ്രിയാതീതമായതും ആയ സര്‍വ്വ പ്രതിഭാസങ്ങളേയും  ഒരേ സമയം നിലവില്‍ കൊണ്ടുവരാന്‍ കഴിയുന്ന പരമോന്നതമായ പ്രജ്ഞാനം ആണെന്ന് അവര്‍ കാണുന്നു. ചിന്താക്കുഴപ്പം ഒഴിവാക്കാനായി വേദാന്ത വക്താക്കള്‍ ബ്രഹ്മന്‍ എന്ന പദം ഇന്ദ്രിയാതീതമായ ആ ഒരു ഭാവം സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇന്ദ്രിയ ഗോചരമായ ഈ ലോകത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന നനാതനമായ ആ യഥാര്‍ത്ഥത്തെ സൂചിപ്പിക്കാനായി ഈശ്വരന്‍ എന്ന വാക്കും അവര്‍ ഉപയോഗിക്കുന്നു. വിവധ വേദാന്ത ചിന്താഗതികള്‍ എല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ദൈവം എന്നത് തെളിയിക്കാനോ, കാര്യ കാരണങ്ങള്‍ കൊണ്ട് അറിയാനോ കഴിയുന്ന ഒന്നല്ല എന്നുള്ളതാണത്. ദൈവത്തിന്റെ നിലനില്‍പ്പ്‌ സ്ഥാപിക്കാന്‍ കഴിയുന്നത്‌ നേരിട്ടുള്ള അനുഭവത്തിലൂടെ അല്ലെങ്കില്‍ അനുഭവ സാക്ഷ്യങ്ങളിലൂടെ മാത്രമാണ്. എങ്കിലും വിശ്വാസങ്ങള്‍ ന്യായീകരിക്കാനും, യഥാര്‍ത്ഥത്തിലുള്ള അദ്ധ്യയനം മനസ്സില്‍ പതിയാനും, സംശയങ്ങള്‍ ദൂരീകരിക്കാനും കാരണങ്ങളും  ന്യായീകരണങ്ങളും വേണം.     

അദ്വൈതവാദം – ശങ്കരന്‍റെ ചിന്താഗതികള്‍

പാരമ്പര്യ ധാരണകള്‍ അനുസരിച്ച്, ശുദ്ധമായ, സവിശേഷതകള്‍ ഇല്ലാത്ത അദ്വൈതവാദമാണ് ഏറ്റവും പുരാതനമായ ഉപനിഷദ് ചിന്തകള്‍. ഈ ചിന്താധാരകളുടെ ഉപജ്ഞാതാവ് ഉപനിഷത് പ്രോക്തങ്ങളെ ക്രോഡീകരിച്ചത് വേദവ്യാസമഹർഷി ആണെന്ന് പറയപ്പെടുന്നു.  ഈ ചിന്താഗതികളുടെ ഗുരു-ശിഷ്യ പിന്തുടര്‍ച്ച വ്യാസ ദേവനില്‍ നിന്നും ക്രമാനുഗതം ശുകബ്രഹ്മദേവനിലേക്കും, ഗൌഡപാദ ഗുരുവിലേക്കും, ഗോവിന്ദപാദ ഗുരുവിലേക്കും, പിന്നെ സ്വാമി ശങ്കരാചാര്യരിലേക്കും ആയിട്ടാണ് ആണ്. എന്നിരുന്നാലും, ചരിത്രപരമായ തീയതികള്‍ വച്ച് നോക്കിയാല്‍ ഇത് അല്പം ആശയക്കുഴപ്പം നല്‍കുന്നതായി കാണാം. ശുകബ്രഹ്മദേവന്റെ പിതാവും, ഗുരുവും  ആയിരുന്നു വ്യാസമഹർഷി. അവര്‍ ജീവിച്ചിരുന്നത് ക്രിസ്തുവിനും 1000 മുതല്‍ 500 വരെ ഉള്ള വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എന്നാല്‍ ശങ്കരാചാര്യരുടെ കാലഘട്ടമാകട്ടെ ക്രിസ്തുവിനു ശേഷം ആറും ഒന്‍പതും നൂറ്റാണ്ടുകള്‍ക്കിടയില്‍ എപ്പോഴോ ആണ് താനും. വ്യാസ ദേവനും ആദിശങ്കരനും ഇടയില്‍ അങ്ങിനെ ഒരു ആയിരം വര്‍ഷത്തിന്‍റെ കാലവിടവുകള്‍ ഉണ്ട്. ഈ കാലഘട്ടത്തിന്റെ സമസ്യക്കുള്ള ഒരു പരമ്പരാഗത വിശദീകരണം, ശങ്കരാചാര്യർക്ക്  ഗൌഡപാദ മഹർഷിയായി ശിഷ്യത്വം കൊടുക്കുന്നത് ആത്മീയരൂപത്തിലാണ് അല്ലാതെ മനുഷ്യ രൂപത്തില്‍ ആയിരുന്നില്ല എന്നുള്ളതാണ്. മറ്റൊരു പാരമ്പര്യം അനുസരിച്ച് ശ്രീശങ്കരാചാര്യർ അദ്ദേഹത്തിന്റെ ഗുരുവായ ഗോവിന്ദപാദരെ കണ്ടുമുട്ടുമ്പോള്‍ തന്നെ ആ മഹാനായ യോഗിവര്യന്‍ തെക്കേ ഇന്ത്യയിലെ നര്‍ബദ നദിയുടെ തീരത്ത്  ആയിരവര്‍ഷമായി ജീവിച്ചു കഴിഞ്ഞിരുന്നു എന്നാണ്. ഈ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ സംശയലേശമെന്യേ വിശ്വസിക്കുന്നത് രസവാദവിദ്യ സ്വായത്തമാക്കിയതിനാല്‍  ഗോവിന്ദപാദരുടെ ശരീരം മരണമില്ലാത്തതായി തീര്‍ന്നിരുന്നു എന്നാണ്. ഹിമാലയത്തിലെ ചില  ഋഷിവര്യന്മാര്‍ മാത്രമല്ല ഭാരതത്തില്‍ ഇപ്പോഴും നിവസിക്കുന്ന ചിലരെങ്കിലും  ഇതുപോലെ നൂറുവര്‍ഷതിലധികമായ വാര്‍ദ്ധക്യമില്ലാത്ത ശരീരത്തോട് കൂടിയവരാണ്‌. ഗംഗ നദിയുടെ തീരത്ത്‌ ഇപ്പോഴും വസിക്കുന്നുണ്ട്  കറുത്ത തലമുടിയുള്ള പ്രസിദ്ധനായ ദേവരഹ ബാബ എന്ന യോഗിവര്യന്‍. അദ്ദേഹം പ്രായമില്ലാത്ത വ്യക്തിയായി കണക്കാക്കപ്പെടുന്നു. അതുപോലെ തന്നെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നെല്ലാം വേര്‍പെട്ട്,  ഭാഗ്യശാലികളായ ചുരുക്കം ചിലര്‍ക്കുമാത്രം അറിയാന്‍ കഴിഞ്ഞിട്ടുള്ള,  ഹിമാലയ സാനുക്കളില്‍ വസിക്കുന്ന നിരവധി മഹാമുനിമാരും. ഇത് തന്നെ ആകാം ശങ്കര പാരമ്പര്യത്തിന്റെ രഹസ്യവും.  

ശങ്കരന് സന്യാസ ദീക്ഷ നല്‍കിയതും, വേദവ്യാസഗുരുവിൻ്റെ ബ്രഹ്മസൂത്രം പഠിപ്പിച്ചതും  ഗോവിന്ദപാദർ എന്ന മഹര്‍ഷിയാണ്. ഗോവിന്ദ പാദരുടെ ഗുരു ഗൌഡപാദർ ആയിരുന്നു. അദ്ദേഹവും കുറച്ചു ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത് മാണ്ടൂക്യകാരികയാണ്. ഗോവിന്ദപാദന്റെ കൃതികള്‍ ഒന്നും നിലവില്ല. എങ്കിലും ഗൌഡപാദരും ഗോവിന്ദപാദരും ശങ്കരന്റെ പാരമ്പര്യത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നവരാണ്. അദ്വൈത വേദാന്തത്തില്‍ അധിഷ്ടിതമായ ഒരു ഔപചാരിക പ്രസ്ഥാനം സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുവും ദാര്‍ശനികനും ആയിരുന്നു ശീശങ്കരന്‍. ഭാരതീയ ദര്‍ശനങ്ങളുടെയും സംസ്കാരത്തിന്റെയും മഹത്തായ മൂന്നു സൂചികകള്‍ (പ്രസ്ഥാനത്രയം എന്നറിയപ്പെടുന്നു) ആണ് അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങള്‍ക്ക് ആധാരം. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രവും, ഭഗവത്ഗീതയും ആണ്. ഈ മൂന്നും കൂടി ചേര്‍ന്നതാണ് പ്രസ്ഥാനത്രയം എന്നറിയപ്പെടുന്നത്. ഇവ മൂന്നിനും വളരെ മഹത്തായ വ്യാഖ്യാനങ്ങള്‍ ശങ്കരാസ്വാമിൾ, എഴുതി. ഉപനിഷത്തുക്കളില്‍ നിന്നും വെറും പതിനൊന്ന് എണ്ണത്തിന് മാത്രമാണ് അദ്ദേഹം വ്യാഖ്യാനം എഴുതിയത്. അവ വളരെ മഹത്തരവും വിലമതിക്കാനാവാത്തതും ആണ്. വേദാന്തത്തിന്റെ സിംഹഭാഗവും അതുതന്നെ ആണ്. അദ്ദേഹം ഇതര കൃതികളും രചിക്കുകയുണ്ടായിട്ടുണ്ട്. അതെല്ലാം അദ്വൈത വേദാന്ത സിദ്ധാന്തത്തിന് ലഭിച്ച അമൂല്യ സംഭാവനകളാണ്.                     

വേദാന്തം എന്ന അദ്വൈത സിദ്ധാന്തത്തിലൂടെ രണ്ടു പ്രധാന കര്‍ത്തവ്യങ്ങള്‍ ആണ് അദ്ദേഹം  നിര്‍വഹിച്ചത്. ഒന്ന്‌, യോഗ്യത ഇല്ലാത്ത മത നേതാക്കളാല്‍ കലുഷിതമാക്കപ്പെട്ട അന്നത്തെ സമൂഹത്തെ പുനര്‍ നവീകരിച്ചു അദ്ദേഹം. രണ്ടാമതായി, മനുഷ്യ ജീവിതത്തിന്റെ അന്തര്‍ ധാരകളിലേക്ക് കടന്നു ചെന്ന് അന്വേഷണങ്ങള്‍ നടത്താന്‍ തയ്യാറുള്ളവര്‍ക്ക് വേണ്ടി  കരുത്തുള്ള ഒരു ദര്‍ശനവും, ആത്മീയ അഭ്യാസ രീതിയും അദ്ദേഹം നല്‍കി. അദ്ദേഹത്തിന്റെ പരിശീലനങ്ങളെ പ്രധാനമായി രണ്ടായി തരം തിരിക്കാം. ഒന്നാമതായി സാമൂഹികവും, സന്മാര്‍ഗികവും, ധാര്‍മികവും ആയ നിര്‍ദ്ദേശങ്ങള്‍  . രണ്ടാമതായി ആതിഭൌതികവും ആത്മീയവുമായ നിര്‍ദ്ദേശങ്ങള്‍. സ്വ-അത്മത്വം (SELF) അല്ലെങ്കില്‍ ആത്മന്‍, അത്യുന്നതമായ പ്രജ്ഞാനം അല്ലെങ്കില്‍  ബ്രഹ്മന്‍, മായികമായ പ്രപഞ്ചം അല്ലെങ്കില്‍ മായ, പ്രപഞ്ചം, ദൈവം, മനുഷ്യ ജീവിതം, വിമുക്തി എന്നിവയെല്ലാം ശങ്കരന്റെ രചനകളിലെ മഹത്തായ  വിഷയങ്ങളാണ്.

ആത്മന്‍, അല്ലെങ്കില്‍ സ്വ-ആത്മത്വം (self)  എന്ന സാമാന്യ സങ്കല്പം

    അദ്വൈത ദര്‍ശനത്തില്‍  സ്വ-ആത്മത്വം (SELF) എന്ന സാമാന്യ സങ്കല്‍പ്പം,  ന്യായ, വൈശേഷിക, സാംഖ്യ, ബുദ്ധമത സിദ്ധാന്തം  എന്നിങ്ങനെയുള്ള  മറ്റു ദര്‍ശനങ്ങളില്‍ വിവക്ഷിക്കുന്ന സ്വ-ആത്മത്വത്തില്‍  നിന്നും തികച്ചും വിഭിന്നമാണ്. ശങ്കരന്‍ പറയുന്നത് സ്വ-ആത്മത്വം (SELF) എന്നത് സ്വയം പ്രകാശിതമായ, സര്‍വ്വവ്യാപിയായ പ്രജ്ഞാനം ആണ് എന്നാണ്. ഇതാണ് പരമോന്നതമായ, അഖണ്ഡമായ സമ്പൂര്‍ണ്ണമായ സത്യം. നിലനില്‍ക്കുന്ന എല്ലാ പ്രതിഭാസങ്ങള്‍ക്കും, കാല-ദേശ-കാര്യകാരണബന്ധങ്ങള്‍ക്കും എല്ലാം അതീതം. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ, മനസ്സുകൊണ്ട് അനുഭവിച്ച് അറിയാന്‍ കഴിയുന്ന ഒന്നല്ല അത്. പഞ്ചേന്ദ്രിയ ഗോചരമായ വസ്തുവകകള്‍ അടങ്ങിയ ഈ ലോകം പൂര്‍ണമായും  കാല-ദേശ-കാര്യകാരണബന്ധങ്ങള്‍കൊണ്ട് ബന്ധിതമാണ്. ഇത്തരം സാമാന്യസങ്കല്‍പ്പങ്ങള്‍ കൊണ്ട് ഒരാള്‍ നിയന്ത്രിതനായി ഇരിക്കുന്നിടത്തോളം കാലം, അയാളുടെ അനുഭവങ്ങളും തദനുസൃതമായി നിയന്ത്രിതമായിരിക്കും.  പക്ഷേ, കാല-ദേശ സീമകള്‍ക്ക് അതീതമായ,  അഖണ്ഡമായ, യാതൊന്നിനാലും പരിമിതപ്പെടാത്ത, ആദിയും അന്തവും ഇല്ലാത്ത ഒരു പരമാര്‍ത്ഥം ഉണ്ട്. അതിനെ ആണ് ആത്മന്‍, അല്ലെങ്കില്‍ സ്വ-ആത്മത്വം (SELF) എന്ന് പറയുന്നത്.

ആത്മന്‍ ശരീരത്തിനകത്താണ്, ശരീരത്തിന് പുറത്തുമാണ്. അതേ സമയത്ത് തന്നെ, അത് ശരീരത്തില്‍ നിന്നും വേറിട്ട ഒന്നുമാണ്. ശരീരം വസ്തു വകകളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അത് ക്രമേണ നാശോന്മുഖമായി വിഘടിച്ച് അഴുകുകയും ചെയ്യുന്നു. പക്ഷേ ശുദ്ധമായ ആത്മന്‍ അങ്ങിനെ ഉള്ള മരണത്തിനും അഴുകലിനും വിധേയമല്ല. ജീവശക്തി പ്രവഹിക്കുന്ന ധാരായന്ത്രമാണ് ആത്മന്‍. മനസ്സും ശരീരവും ചേര്‍ന്ന സങ്കീര്‍ണ സമുച്ചയത്തെ പ്രവര്‍ത്തിപ്പിച്ചു പ്രേരിപ്പിച്ചു നടത്തുന്നതും അത് തന്നെ ആണ്. ബുദ്ധിശക്തിയുടേയും വിവേകത്തിന്റെയും നിലക്കാത്ത സ്രോതസ്സും അത് തന്നെ. ബാഹ്യമായ ഒരു വ്യതിയാനവും, ഒരു ഉള്‍പ്പരിവര്‍ത്തനവും ആത്മനെ ബാധിക്കുന്നതേ ഇല്ല. പ്രജ്ഞാനത്തിന്റെ ഉറവിടം ആണത്. ഒരു വ്യത്യാസവും ഇല്ലാതെ, അമരത്വത്തോടെ, എപ്പോഴും ഒരുപോലെ നിലനില്‍ക്കുന്ന ഒന്നാണത്.  അത് ശാശ്വതയില്‍ നിന്നും  ശാശ്വതയിലേക്ക് ഒഴുകുന്നു. അനന്തതയില്‍ നിന്നും അനന്തതയിലേക്കും. ഒരാളുടെ ശരീരം ബാല്യദശയില്‍ നിന്നും യൌവനത്തിലേക്കും, യൌവനത്തില്‍ നിന്നും പൂര്‍ണ വളര്‍ച്ചയിലേക്കും, അവിടെനിന്നും വാര്‍ദ്ധക്യത്തിലേക്കും പോകുന്നു. എന്നാല്‍ അയാളുടെ ഉള്ളിലുള്ള അവബോധനിലക്ക് കാര്യമായ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് കാണാം. ഈ മാറ്റമില്ലാത്ത അവസ്ഥ വസ്തുവകകള്‍ക്കോ ഊര്‍ജത്തിനോ ഉള്ള ഒന്നല്ല. ഇത് രണ്ടും എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ മാറ്റമില്ലായ്മയാണ്  ഇന്ദ്രിയാതീതമായ അഖണ്ഡമായ പരമാര്‍ത്ഥം.    

ഒരാള്‍ക്ക്‌ പരിധിയും പരിമിതികളും ഉള്ള പ്രജ്ഞാനം വന്നു ഭവിക്കാന്‍  കാരണം അയാളിലെ പരിധിയും പരിമിതികളും ഇല്ലാത്ത പ്രജ്ഞാനം പല നിലകളിലും പല അളവിലും നിയന്ത്രിതമായി  പ്രകടമാകുന്നതുകൊണ്ടാണ്. ഒരാള്‍ പല ഘട്ടങ്ങളിലും നിലകളിലും കൂടി കടന്നുപോയി, അവസാനം  സീമാതീതമായ ആ അനന്തതയില്‍ ചെന്ന് ചേരുന്നു. നിര്‍മലമായ ആത്മന്‍ അഥവാ സ്വ-ആത്മത്വം അകത്തും പുറത്തും നടക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും  പ്രതിഭാസങ്ങള്‍ക്കും സദാ സാക്ഷി ആയി നില്‍ക്കുന്നു. ഒന്നിന് പുറമേ ഒന്നായി സദാ മാറി മറിഞ്ഞുകൊണ്ട് വന്നും പോയും ഇരിക്കുകയാണ്  ചിന്തകളും വികാരങ്ങളും എന്ന് കാണാം. പക്ഷേ അതിനെല്ലാം ആധാരശിലയായി എന്നാല്‍ ഒരിക്കലും യാതൊരു മാറ്റങ്ങളും  ഇല്ലാത്ത,  ഈ പറഞ്ഞ എല്ലാ മാനസിക പ്രതിഭാസങ്ങള്‍ക്കും സാക്ഷിയായി  നിലകൊള്ളുന്ന  സ്ഥായിയായ ഒരു  പരമാര്‍ത്ഥം ആണത്. ചിന്തകളും, അഭിനിവേശങ്ങളും, വികാരങ്ങളും, മനോഭാവങ്ങളും ഉദിക്കുകയും, അസ്തമിക്കുകയും ചെയ്യും. അവ ഓരോന്നും  മാറി മറ്റൊന്ന് അതിന്  പുറകെ വന്നുകൊണ്ടിരിക്കും. അതും കടന്നുപോകും പിന്നെ. അകത്തും പുറത്തും നടക്കുന്ന എല്ലാ വ്യതിയാനങ്ങളുടെയും ആ നിതാന്ത സാക്ഷി, ഇന്ദ്രിയ ഗോചരതയുടെ  മണ്ഡലത്തിലല്ല; അത് മനസ്സ്‌, അഹങ്കാരം, ബുദ്ധി എന്നിവക്കതീതമാണ്.  ശാസ്ത്രീയമായ അവലോകനങ്ങള്‍ ഇന്ദ്രിയ  ഗോചരതയില്‍ പൂര്‍ണമായും അധിഷ്ഠിതമാണ്. സാക്ഷി ആയി ഇരിക്കുന്ന പരമാര്‍ത്ഥത അറിയാനോ അനുഭവിക്കാനോ അതിനു കഴിവില്ല. ഓരോരുത്തരുടേയും ഹൃദയത്തിന്റെ ഏറ്റവും ഉള്ളിലെ അറയിലാണ് സാക്ഷിയായി വര്‍ത്തിക്കുന്ന ശക്തി നിവസിക്കുന്നത്. പ്രകാശത്താല്‍ പ്രകാശിതമാകുമ്പോള്‍ ബാഹ്യമായ ഒരു വസ്തുവിനെ നമുക്കു പഠിക്കാനാകുന്നു. പക്ഷേ ആ പ്രകാശം മറ്റേതെങ്കിലും ഒരു ബാഹ്യവസ്തുവിനാല്‍ പ്രകാശിതമാകുന്ന ഒന്നല്ല. അതുപോലെ, ഇന്ദ്രിയങ്ങളും അവയുടെ ഗോചരതയും അനുഭവവേദ്യമാകുന്നത് ആത്മന്റെ  (പ്രജ്ഞാനത്തിന്റെ) പ്രകാശത്താലാണ്. പക്ഷേ ആ അത്മന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട്അനുഭവവേദ്യമാകുന്നില്ല. ഇന്ദ്രിയങ്ങള്‍ ഇന്ദ്രിയങ്ങളായി ഇരുന്ന് അങ്ങിനെ അറിയപ്പെടുന്നത് തന്നെ ആത്മന്‍ ഉള്ളതുകൊണ്ടാണ്. പക്ഷേ ആത്മന്‍ വെളിവാക്കപ്പെടുന്നത് സ്വയം ആണ്. നിത്യാനുഭവത്തില്‍ ഒരുവന്‍ പറയും “എനിക്ക് ശരീരം ഉണ്ട്, തലച്ചോറുണ്ട്, മനസ്സുണ്ട്” എന്നിങ്ങനെ. അത് സൂചിപ്പിക്കുന്നത് തന്നെ ആ ഒരുവന്‍ അയാളുടെ ശരീരമല്ല, തലച്ചോറല്ല, മനസ്സല്ല, നേരെമറിച്ച് ഇതില്‍നിന്നെല്ലാം വേറിട്ട, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റെന്തോ ആണ് എന്നാണ്.  

ഗാഡഠനിദ്രയില്‍ മസ്തിഷ്കവും മനസ്സും വിശ്രമിക്കുമ്പോള്‍. മനസ്സിന്റെ ആ വിശ്രമം അനുഭവിക്കുന്ന, സ്വയം പ്രകാശിതമായ ഒന്നു അപ്പോഴും അവിടെ ഉണ്ട്.  ഗാഡഠനിദ്രയില്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന സ്വ-ആത്മത്വം(SELF)   അതിന്റെ നിര്‍മലമായ ഭാവം സ്ഥാപിക്കുന്നു. ആ വ്യക്തി ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഓര്‍ക്കുവാന്‍ കഴിയുന്നുണ്ട് നന്നായി ഉറങ്ങി എന്നും, ഒരു നല്ല ഉറക്കം ആസ്വദിച്ചു എന്നും. ഇതാണ് യാതൊരു മാറ്റവുമില്ലാതെ, ചൈതന്യവത്തായി, സ്ഥായിയായി, സ്വപ്നങ്ങളില്ലാത്ത തന്റെ ഉറക്കത്തിന്റെ സ്വാനുഭവം ഉണര്‍ന്നിരിക്കുമ്പോഴും ഓര്‍ക്കാന്‍ കഴിയുന്ന നിലയില്‍ നിലകൊള്ളുന്ന ആ സ്വ-ആത്മത്വം (SELF). ശാശ്ത്രീയ പഠനങ്ങളാലോ, അതീന്ദ്രിയ അനുഭവ പഠനങ്ങളാലോ ഒന്നും ഒരിക്കലും പഠിക്കാന്‍ കഴിയുന്ന ഒന്നല്ല, ആത്മന്‍. കാരണം, സ്വ-ആത്മത്വത്തിന്‍റെ (SELF) സ്വഭാവം തന്നെ കാല-ദേശ-കാര്യകാരണ സൃഷ്ടികള്‍ക്ക് അതീതമാണ്. ആത്മന്‍ എന്നുപറയുന്നത് എല്ലാ ജീവന്‍ന്റെ സ്വതസിദ്ധമായ സത്തയാണ്.  അത് സനാതനം ആണ്. തുടക്കവും അവസാനവും ഇല്ലാത്തതാണ്. പരിപൂര്‍ണതയാണ് അതിന്‍റെ മുഖ്യവസ്തുത. പക്ഷേ, അങ്ങിനെ ആണെങ്കിലും, തന്റെ  ഉള്‍കാഴ്ച ഇല്ലായ്മയാണ് ഒരാള്‍ക്ക്‌ തന്റെ തന്നെ ശാശ്വതമായ ഭാവത്തിന്റെ  ആ സത്യം കാണാന്‍ കഴിയാതെ പോകുന്നതിനുള്ള കാരണം.  വേദാന്ത ദാര്‍ശനികര്‍ ആത്മന്റെ ഭാവം വിവരിക്കുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന ഒരു ഉപമ താഴെ പറയാം. ആത്മന്‍ എന്ന് പറയുന്നത് പരമാനന്ദത്തിന്‍റെയും പ്രജ്ഞയുടേയും ഒരു മഹാ സാഗരമാണെങ്കില്‍ ഒരു വ്യക്തിയുടെ ശാരീരികമായ നിലനില്‍പ്പ്‌ എന്ന് പറയുന്നത് ആ ആനന്ദ സാഗരത്തില്‍ ഉയരുന്ന തിരമാലകള്‍ക്ക് സമാനമാണ്. സംസ്കാരത്തിന്റെയും ആഗ്രങ്ങളുടേയും കാറ്റടിക്കുമ്പോള്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തിരമാലകള്‍ സാഗരത്തില്‍ നിന്നും വിഭിന്നമാണ് എന്ന് ചിന്തിക്കുന്നവര്‍ അജ്ഞരാണ്. കടലിലെ തിരമാലകളുടെ ഉയര്‍ച്ചയും താഴ്ചയും കടലിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതേ ഇല്ല. അതുപോലെ തന്നെ ജനന മരണങ്ങള്‍ ആത്മന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ ഒരു വ്യതിയാനവും വരുത്തുന്നില്ല. മനുഷ്യന്റെ ശാരീരികവും, മാനസികവും ആയ ജീവിതമാണ് മരണം ഊതിക്കെടുത്തിക്കളയുന്നത്. പക്ഷേ മരണം ആത്മനെ  ബാധിക്കുന്നേയില്ല. മരണം എന്ന് പറയുന്നത് ഒരുവന്‍ ആരംഭത്തില്‍ എവിടെ നിന്നാണോ വന്നത് അവിടേക്ക്  തന്നെ തിരിച്ചു പോകുന്നു എന്നതല്ലാതെ മറ്റൊന്നും അല്ല. മാത്രവുമല്ല, വീണ്ടും അവിടെനിന്ന് അതേപോലെ നിര്‍ഗമിക്കുകയും ചെയ്യും. ജീവന്‍  അണ്ഡത്തില്‍ അല്ല ഉത്ഭവിക്കുന്നത്. അതുപോലെ ശ്മശാനത്തിലല്ല അവസാനിക്കുന്നതും. സനാതനതയില്‍ നിന്നും സനാതനതയിലേക്ക് തുടര്‍ച്ചയായുള്ള ഒരൊറ്റ നിലനില്‍പ്പാണ് സ്വ-ആത്മത്വത്തിന്റെ തുടക്കവും ഒടുക്കവും ഇല്ലാത്ത ആ യാത്രയില്‍. ഭൌതികമായ ഈ ശരീരം ഒന്നുമാത്രമാണ് ജനന-മരണത്താല്‍ വട്ടമെത്തുന്നത്. ഭഗവത് ഗീത പറയന്നു, സ്വ-ആത്മത്വം ജനിക്കപ്പെടാനോ, വധിക്കപ്പെടാനോ  ആകാത്ത ഒന്നാണ് എന്ന്. ഒരാള്‍ താന്‍ വധിക്കുന്നു എന്നും മറ്റൊരാള്‍ താന്‍ വധിക്കപ്പെടുന്നു എന്നും ചിന്തിക്കുകയാണെങ്കില്‍ ഇരുവരും ഒരേപോലെ അജ്ഞര്‍ ആണ്. കാരണം യഥാര്‍ത്ഥത്തിലുള്ള സ്വ-ആത്മത്വം വധിക്കാനോ വധിക്കപ്പെടാനോ കഴിയുന്ന ഒന്നല്ല എന്നവര്‍ അറിയുന്നില്ല. നശിക്കപ്പെടാതിരിക്കല്‍ എന്നത് സ്വ-ആത്മത്വത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ഭാവമാണ്.

ബ്രഹ്മന്‍ , അല്ലെങ്കില്‍ പരമോന്നത പ്രജ്ഞാനം   എന്ന സാമാന്യസങ്കല്പ്പം

ശങ്കര ഭാഷ്യം അനുസരിച്ച് ബ്രഹ്മന്‍ എന്ന് പറയുന്നത് അകത്തും പുറത്തും ഉള്ള അന്തിമമായ പരമാര്‍ത്ഥം ആണ്. നിലനില്കുന്ന സര്‍വ്വതും ബ്രഹ്മന്‍ ആണ്. ഭൌതിക ലോകത്തില്‍ പ്രത്യക്ഷത്തില്‍ നിലനിന്നു പ്രകടമാക്കാത്ത സര്‍വ്വതും  ബ്രഹ്മന്‍ തന്നെ. കാണുന്നതെന്തും, അറിയപ്പെടുന്നതെന്തും ബ്രഹ്മന്‍ ആണ്. ബ്രഹ്മന്‍ എന്ന് പറയുന്നത് സര്‍വ്വ വ്യാപകതയുള്ള, സ്വയം പ്രകാശിതമായ പ്രജ്ഞാനം ആണ്. ശങ്കരന്‍ പറയുന്നത് ഒരൊറ്റ പരമാര്‍ത്ഥമേ ഉള്ളൂ എന്നും അത് ബ്രഹ്മന്‍ ആണെന്നും ആണ്. ബ്രഹ്മനില്‍ നിന്നും വേര്‍പെട്ട് നിലനില്‍പ്പുള്ള ഒന്നും തന്നെ ഇല്ല. പ്രാപഞ്ചികമായ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, അജ്ഞത എന്നത് “മായ” അല്ലെങ്കില്‍ “പ്രപഞ്ചമെന്ന ഭ്രമം” ആണ്.  “മായ” എന്ന സാമാന്യസങ്കല്പ്പം ആണ് ശങ്കരന്റെ സിദ്ധാന്തത്തെ അനിതര സാധാരനമാക്കുന്നത്. അത് പ്രത്യേകം പുറകെ വിശദമാക്കുന്നുണ്ട്.

ബ്രഹ്മനും ആത്മനും രണ്ടും ഒന്നു തന്നെ ആണ്. മരങ്ങളും വനവും ഒന്നുതന്നെ ആയിരിക്കുന്നത് പോലെ ആണത്. വിവിധ തരത്തിലുള്ള മരങ്ങളും സസ്യങ്ങളും അപഗ്രഥിച്ചു നോക്കി വനത്തിന്റെ നിലനില്‍പ്പ്‌ സ്ഥാപിക്കാന്‍ കഴിയുകയില്ല. എങ്കിലും മരങ്ങളും, സസ്യങ്ങളും ചെടികളും ഒക്കെ കൂടി ചേര്‍ന്നതാണ് വനം താനും. അതുപോലെ, നിരവധി വ്യക്തിഗതമായ ആത്മാക്കള്‍ (വ്യഷ്ടി) ഉണ്ട്. പക്ഷേ അതുകൊണ്ട്, അവയെല്ലാം കൂടി ചേര്‍ന്നത്‌ (സമഷ്ടി)  ബ്രഹ്മന്‍ ആണെന്ന സത്യത്തെ മാറ്റുന്നു എന്നര്‍ത്ഥമില്ല. നാമരൂപങ്ങള്‍ എന്ന സാമാന്യസങ്കല്പ്പം ബ്രഹ്മന്റെതല്ല. കാരണം ബ്രഹ്മന്‍ എന്ന് പറയുന്നത് സര്‍വ്വവ്യാപിയായ, സനാതനമായ, അഘണ്ഡമായ പരമാര്‍ത്ഥത ആണ്. നേരേമറിച്ച്, രൂപനാമങ്ങള്‍ സൂചിപ്പിക്കുന്നത് കാല-ദേശ-കാരണ കാര്യങ്ങളാല്‍ നിയന്ത്രിതമാക്കപ്പെട്ട ക്ലിപ്തമായ വസ്തുക്കളെയാണ്.  രൂപ നാമങ്ങള്‍ ഉള്ള സര്‍വ്വതും ക്ഷണഭംഗുരങ്ങള്‍ ആണ്. പക്ഷേ സനാതനമായ ബ്രഹ്മന്‍ എന്നെന്നും നിലനില്‍ക്കുന്നതും ക്ഷണഭംഗുരമായ ഈ മണ്ഡലത്തില്‍ രൂപനാമങ്ങള്‍ ഉള്ള സര്‍വ്വതിനേയും മിഴുങ്ങുന്നതും ആണ്. രൂപ നാമങ്ങള്‍ ഉള്ള സര്‍വ്വതും അവസാനം മൃത്യുവിനാല്‍ നശിക്കപ്പെടുന്നതാണ്. പക്ഷേ, ബ്രഹ്മന്‍ എന്ന സാമാന്യസങ്കല്പ്പം മൃത്യുവിനെപോലും നശിപ്പിക്കുന്ന ഒന്നാണ്. നിലനില്‍ക്കലിന്റെ ശ്രോതസ്സു ബ്രഹ്മനാണ്. രൂപ നാമങ്ങളുടെ ഭേദഭാവത്തോടെഉള്ള മുഴുവന്‍ ബ്രഹ്മാണ്ഡവും ഉയര്‍ത്തെഴുനേല്‍ക്കുന്നത് ബ്രഹ്മനില്‍ നിന്നും ആണ്. ഭൌതികമായ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് നിറവും, ഗന്ധവും, സ്പര്‍ശനവും, ശബ്ദവും നല്‍കുന്നത് ഭാവനകളാണ്. ഭൌതികമായ വസ്തുക്കളില്‍ ഉള്ള ബ്രഹ്മന്റെ ശരിയായ സ്വഭാവം അജ്ഞരില്‍ നിന്നും മറച്ചു വക്യ്ക്കപ്പെട്ടിരിക്കുന്നു.  പക്ഷേ, ബ്രഹ്മന്റെ പ്രതിഫലനങ്ങള്‍ ആയി, ഉള്ളതിനെ ഉള്ളപോലെ കാണുന്നവര്‍,  ബ്രഹ്മപ്രജ്ഞയില്‍ ജീവിക്കുന്നു. അറിവ്, ആനന്ദം, പ്രജ്ഞ എന്നിവയുടെ പ്രകാശം ചിതറികൊണ്ട് അഘണ്ഡമായ ബ്രഹ്മന്‍ സ്വയം പ്രകാശിക്കുന്ന സൂര്യനെ പോലെ നിലകൊള്ളുന്നു. ബ്രഹ്മന്‍ നിന്നും ഉള്ള പ്രകാശ വികരണം കൊണ്ടാണ്‌ ഈലോകത്തിലെ രൂപ നാമങ്ങള്‍ ഉള്ള സര്‍വ്വതും ഇന്ദ്രിയ ഗോചരങ്ങള്‍ ആകുന്നത്. ബ്രഹ്മന്‍ അത്യുജ്ജലവും ഒന്നിനാലും സ്വാധീനിക്കപ്പെടാത്തതും, വ്യതിയാനപ്പെടാത്തതും ആയ അഘണ്ഡതയാണ്. 

ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് ബ്രഹ്മനില്‍ നിന്നും ആണ്. നിലനില്‍ക്കുന്നതും ബ്രഹ്മനില്‍ തന്നെ. ഒടുക്കം പ്രപഞ്ചം അവസാനിക്കുന്ന സമയത്ത്  ലയനം നടന്ന് തിരികെ മടങ്ങുന്നതും ബ്രഹ്മനിലേക്ക് തന്നെ. അങ്ങിനെ ബ്രഹ്മനില്‍ നിന്നും വേറിട്ട്‌ ഒന്നും നിലനില്‍ക്കുന്നില്ല. ബ്രഹ്മന്‍ ഒന്നുമാത്രമാണ് നില നില്‍ക്കുന്നത്. മറ്റു താരതമ്യ അര്‍ത്ഥത്തില്‍ ഉള്ള സര്‍വ്വ യാഥാര്‍ത്ഥ്യങ്ങളും നില നില്‍ക്കുന്നതും ബ്രഹ്മന്‍ ഒന്നുകൊണ്ട് മാത്രമാണ്. അനേകത്വവാദം എന്ന സാമാന്യസങ്കല്‍പ്പം അല്ലെങ്കില്‍ ഏകമായ ബ്രഹ്മനും ബഹുമുഖമായ ലോകവും തമ്മിലുള്ള പരസ്പര ബന്ധം എന്ന് പറയുന്നത് പ്രപഞ്ച ശകതിയുടെ മായിക വിക്ഷേപണഫലമാണ്. വാസ്തവത്തില്‍, അദ്വൈത സിദ്ധാന്തം,  ബന്ധനം എന്ന സാമാന്യസങ്കല്പ്പത്തിനേയോ, വിമുക്തി എന്ന സാമാന്യസങ്കല്പ്പത്ത്തിനേയോ അംഗീകരിക്കുന്നില്ല. കാരണം ആത്മാവും (ആത്മന്‍)  പരമ പ്രജ്ഞാനവും (ബ്രഹ്മന്‍) രണ്ടും ഒന്നു തന്നെ ആണ്. മാത്രവുമല്ല, വ്യതിയാനങ്ങളാലോ, വിഭാഗീയതകളാലോ ബാധിതമാകാതെ  എന്നും എന്നും നിത്യ നിതാന്തമായി നിലകൊള്ളുകയും ചെയ്യുന്നു. സൂര്യന്‍ മേഘങ്ങളാല്‍ മറക്കപ്പെട്ടു നില്‍ക്കുമ്പോള്‍, പഠിപ്പുള്ള ഒരാള്‍ക്കറിയാം, സൂര്യന്‍ എന്നേക്കുമായി മറക്കപ്പെട്ടു പോയിരിക്കുകയോ നശിക്കപ്പെട്ടു പോയിരിക്കുകയോ അല്ല ചെയ്തിരിക്കുന്നത്, നേരെമറിച്ച്, മേഘങ്ങള്‍ സൂര്യനെ ഒരാളുടെ ദൃഷ്ടിപഥത്തില്‍നുന്നും  വെറുതെ ഒന്നു മറച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്ന്. അല്ലാതെ സൂര്യനെ മേഘങ്ങള്‍ ഒരുതരത്തിലും ബാധിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നില്ല. താരതമ്യമായ രീതിയില്‍ പറഞ്ഞാല്‍, സനാതനമായ സ്വ-ആത്മത്വം  ഹൃദയത്തിന്റെ ഏറ്റവും അകത്തെ അറയ്ക്കുള്ളില്‍, തന്റെ സ്വതസിദ്ധമായ ചൈതന്യത്തിലും, മാഹാത്മ്യത്തിലും നിമഗ്നമായി നിലകൊള്ളുന്നു. ബ്രഹ്മന്‍ അല്ലാതെ മറ്റൊന്നും നില നില്‍ക്കുന്നില്ല. ബ്രഹ്മന്‍ നിത്യ സ്വതന്ത്രന്‍ ആണ്.

മായ എന്ന സാമാന്യസങ്കല്പ്പം        

വേദാന്തം മുന്നോട്ടു വയ്ക്കുന്നത് പോലെ, ബ്രഹ്മന്‍ സ്വയം പ്രകാശിതമായ പ്രജ്ഞാനമായി മാത്രമാണ് നിലകൊള്ളുന്നതെങ്കില്‍,  ഈ പ്രപഞ്ചം പിന്നെ എന്താണ്? ബ്രഹ്മന്‍ എന്ന് പറയുന്ന ഒരൊറ്റ പരമാര്‍ത്ഥം മാത്രമേയുള്ളൂ എങ്കില്‍, പിന്നെ എന്താണ്  മനുഷ്യന്‍ കാണുന്ന വിഭിന്നങ്ങളായ ഈ ലോക  പ്രതിഭാസങ്ങള്‍? എന്താണ് പിന്നെ മനുഷ്യന്‍ തന്റെ പരിതസ്ഥിതിയുടെ സമ്മര്‍ദത്തിന് വഴങ്ങി പെരുമാറേണ്ടി വരുന്നത്?   അദ്വൈത ദാര്‍ശനികര്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ വിശദീകരിക്കുന്നത് ഉപനിഷത്തുക്കളില്‍ പറഞ്ഞിട്ടുള്ള മായ എന്ന   സാമാന്യസങ്കല്‍പ്പത്തിന്റെ സഹായത്തോടെ ആണ്. ഋഗ്വേദം പറയുന്നത് ഇന്ദ്രന്‍ (അഖണ്ഡമായ പരമാര്‍ത്ഥത്തിന് മറ്റൊരു പേര്)  മായയിലൂടെ വിവിധ രൂപങ്ങള്‍ കൈവരിക്കുന്നു എന്നാണ്.

ഉപനിഷത്തുക്കള്‍ പറയുന്നത് സത്യത്തിന്റെ മുഖം മായയുടെ സുവര്‍ണ പതക്കത്താല്‍ മറക്കപെട്ടു നില്‍ക്കുന്നു എന്നാണ്. അത് മാറ്റിയാല്‍ മാത്രമേ അന്തിമമായ സത്യം ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. സത്യത്തിന്റെ മുഖം മറച്ചിരിക്കുന്ന കാല-ദേശങ്ങള്‍  എന്ന സാമാന്യ സങ്കല്‍പ്പങ്ങള്‍ മായയുടെ സൃഷ്ടികളാണ്. മായക്ക്  അപ്പുറം ഒരു കാലവും  ഇല്ല, ഒരു ദേശവും ഇല്ല, ഒരു പ്രപഞ്ച കാരണവും ഇല്ല. കാരണം, ബ്രഹ്മന്‍ മാത്രം – അവസാനത്തെ പരമാര്‍ത്ഥം – അവശേഷിക്കുന്നു. ഉപനിഷത്തുക്കള്‍ പറയുന്നതനുസരിച്ചു ബ്രഹ്മന്‍ ഒന്നു മാത്രമാണ് ഏക പരമാര്‍ത്ഥം,  ഈ ലോകം അന്തിമ വിശകലനത്തില്‍ അസത്യമാണ്. ഈ കാണുന്ന സര്‍വ്വ പ്രപഞ്ചം മുഴുവനും മായ വിക്ഷേപിച്ചതാണ്. മായ സത്യം മറച്ചുകൊണ്ട്‌ നിലകൊള്ളുന്നതു കൊണ്ട്‌ വ്യക്തിഗതങ്ങളായ സ്വ-ആത്മത്വം, ഈ ലോകത്തേയും, തന്നെ തന്നേയും, ബ്രഹ്മനില്‍ നിന്നും വേറിട്ട മറ്റൊന്നായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. പ്രാപഞ്ചിക അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നമ്മുടെ അജ്ഞതയാണ് മായ. പക്ഷേ ഒരു വ്യക്തിയുടെ തെറ്റായ ധാരണകളുടെ   നിലയില്‍ നിന്നും പറയുമ്പോള്‍ “അവിദ്യ” എന്ന് പറയുന്നു. അവിദ്യ, അജ്ഞാനം, അദ്ധ്യാസം, അദ്ധ്യാരോപം, അനിര്‍വചനീയം, വിവര്‍ത്തം, ഭ്രാന്തി, അവ്യക്തം, നാമരൂപം, ഭ്രമം, മൂലപ്രകൃതി, ബീജശക്തി എന്നെല്ലാം ആണ് സാധാരണയായി ഉപയോഗിക്കുന്ന വാക്കുകള്‍. അവയെല്ലാം മായയുടെ പര്യായ പദങ്ങള്‍ ആണ്.

മായയുടെ വിവരണങ്ങള്‍     

   താഴെ പറയുന്ന വിവരങ്ങള്‍ മായയുടെ സ്വഭാവം വിശദമാക്കുന്നു.

  1. പ്രകൃതി എന്ന സാമാന്യ സങ്കല്‍പം പോലെ തന്നെ, മായയും അബോധമാണ്. മാത്രവും അല്ല,  ബ്രഹ്മന്റെ സ്വബോധം എന്ന തത്വത്തിന് വിരുദ്ധമായിട്ടുള്ളതും  ആണ് മായ. പക്ഷേ, മായ യാഥാര്‍ത്ഥ്യവും സ്വതന്ത്രവും ആയിട്ടുള്ള ഒന്നല്ല താനും 
  2. ബ്രഹ്മന്റെ സ്വതസിദ്ധമായ സ്വയം മറച്ചുവയ്ക്കാന്‍ കഴിയുന്ന ഒരു ശക്തിവിശേഷം  ആണ് മായ. അത് ബ്രഹ്മനില്‍ നിന്നും വേര്‍തിരിവുള്ളതും വേര്‍തിരിയ്ക്കാന്‍ കഴിയുന്നതും ആയ ഒന്നല്ല. പക്ഷേ, മായ ബ്രഹ്മന് തത്തുല്യമായ ഒന്നല്ല. എന്നാല്‍ ബ്രഹ്മനില്‍ നിന്നും വിഭിന്നമായ ഒന്നല്ല താനും. അതുകൊണ്ട് മായ ബ്രഹ്മന് തുല്യമായതാണെന്നും ഭിന്നമായത് ആണെന്നും പറയാന്‍ പറ്റില്ല.
  3. മായ അനാദി ആണ്.
  4. മായ യാഥാര്‍ത്ഥ്യമല്ലെങ്കിലും അത് ഒരുപോലെ അനിഷേധാത്മകവും ആണ് നിഷേധാത്മകവും ആണ്. അത് അനിഷേധാത്മകമാണെന്ന് പറയാന്‍ കാരണം ബഹുമുഖമായ ഈ ലോകം വിക്ഷേപിക്കാന്‍ അതിനുള്ള കഴിവു കാരണമാണ്. അത് നിഷേധാത്മകമാണ് എന്ന് പറയുന്നത് ബ്രഹ്മന്റെ യഥാര്‍ത്ഥത്തിലുള്ള സ്വഭാവമായ പരിപൂര്‍ണ ജ്ഞാനവും പരമാനന്ദവും മറിച്ച് വയ്ക്കുവാനുള്ള അതിന്റെ കഴിവു മൂലമാണ്. മായയുടെ രണ്ടു പ്രകേതങ്ങള്‍ ആണ് യഥാക്രമം ആവരണ ശക്തിയും (മറച്ചു വക്കാനുള്ള ശക്തി) വിക്ഷേപണശക്തിയും (പുറത്തേക്ക് വിക്ഷേപിക്കാനുള്ള ശക്തി). മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മറച്ചു വയ്ക്കാനുള്ള അതിന്റെ ശക്തിയിലൂടെ ബ്രഹ്മന്റെയും ആത്മന്റെയും പരിശുദ്ധിയും മൌലികതയും ആണ് അത് മറച്ചുവക്കുന്നത്. വിക്ഷേപിക്കാനുള്ള അതിന്റെ ശക്തിയിലൂടെ ആണ്  രൂപനാമങ്ങളാല്‍ വിശദീകരിക്കപ്പെടുന്ന ഈ ലോകം രൂപപ്പെടുന്നത്. അതുകൊണ്ട് മായ എന്നത് ഒരേ സമയം മനസ്സിലാക്കാന്‍ പറ്റാത്തതും തെറ്റായി മനസ്സിലാക്കാന്‍ പറ്റുന്നതുമായ ഒന്നാണ്.
  5. മായ അവര്‍ണനീയമാണ്.  കാരണം അത് വാസ്തവീകമോ, അവാസ്തവീകമോ അല്ല. എന്നുവച്ച് അത് വാസ്തവീകമോ അവാസ്തവീകമോ ആണെന്നും അല്ല. ബ്രഹ്മനില്‍ നിന്നും വേറിട്ട സ്വതന്ത്രമായ ഒരു നിലനില്‍പ്പ്‌ അതിനു ഇല്ലാത്തതുകൊണ്ടാണ് അത് അവാസ്തവീകം എന്ന് പറയുന്നത്. എന്നാല്‍ അത് അവാസ്തവീകമല്ല എന്ന് പറയാന്‍ കാരണം, കാണപ്പെടുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഈ വിശ്വം മുഴുവനും ബ്രഹ്മന്‍ സൃഷ്ടിച്ചിരിക്കുന്നത് ഈ മായാശക്തിയാലാണ്. അത് മാത്രമല്ല. മായ വാസ്തവീകമോ അവാസ്തവീകമോ അല്ല എന്ന് പറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. വാസ്തവീകം അവാസ്തവീകം എന്നെല്ലാം ഉള്ള സാമാന്യ സങ്കല്‍പ്പങ്ങള്‍ ഒരേ സന്ദര്‍ഭത്തിലും ഒരേ സമയത്തില്‍പ്പോലും ഒരേ കാര്യത്തിന്റെ തന്നെ സ്വയം പരസ്പര വിരുദ്ധങ്ങള്‍ ആയി ഭവിക്കുന്നത് കാണാന്‍ കഴിയും. ലോകത്തിന്റെ വീക്ഷണകോണില്‍ നിന്നും നോക്കുമ്പോള്‍, മായവാസ്തവീകമായിട്ടു നമുക്കു തോന്നും. എന്നാല്‍ അഖണ്ഡമായ യാഥാര്‍ത്ഥ്യത്തിന്റെ (ബ്രഹ്മന്‍)  വീക്ഷണകോണില്‍ നിന്നും നോക്കുമ്പോള്‍ മായ അവാസ്തവീകമാണ്. അതുകൊണ്ടാണ് അത്  ഒരുപോലെ വാസ്തവീകവും  അവാസ്തവീകവും ആണെന്ന് പറയുന്നത്.  അതിന്‍റെ സങ്കീര്‍ണ്ണമായ സ്വഭാവം കൊണ്ട് അത് വിവര്‍ണനാതീതമാണ്.
  6. മായ ആപേക്ഷികമാണ്. ഒരൊറ്റ അഖണ്ഡമായ ബ്രഹ്മന്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. സീമകളില്ലാത്ത ബ്രഹ്മന് സീമകളുള്ള മറ്റുപലതുമായി മാറാനുള്ള കഴിവിനെ ആണ് മായ എന്ന് പറയുന്നത്.
  7. തെറ്റായ മനോധാരണകള്‍ അല്ലെങ്കില്‍ ഒന്നിനെ മറ്റൊന്നായി കാണുന്നത് മായ (വിഭ്രാന്തി) യുടെ വേറെ ഒരു രൂപമാണ്. കയറില്‍ പാമ്പിനെ കാണുന്നത് അല്ലെങ്കില്‍ മുത്തുച്ചിപ്പിയുടെ ചിപ്പിയില്‍ രജതം കാണുന്നത് ഇതിനൊരു ഉദാഹരണമാണ്.
  8. മായ മാറ്റാന്‍ കഴിയുന്ന ഒന്നാണ്.  ശരിയായ ജ്ഞാനം കൊണ്ട്, അല്ലെങ്കില്‍ ഉചിതമായ ധാരണകള്‍ കൊണ്ട് “മായ” എന്ന് പറയുന്ന തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിയും. കയറില്‍ പാമ്പിനെ കാണുന്ന വിഭ്രാന്തി, കയര്‍ കയറാണെന്നുള്ള ശരിയായ മനസ്സിലാക്കലിലൂടെ തിരുത്തപ്പെടുന്നതുപോലെ ആണത്.
  9. മായയുടെ  അസ്‌തിവാരം ബ്രഹ്മനാണ്. എങ്കിലും മായ ബ്രഹ്മനെ ബാധിക്കുന്നതേ ഇല്ല. അങ്ങിനെ ആണ് മായ ബ്രഹ്മന്റെ ശക്തി ആകുന്നത്. അതിന് സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ല. പക്ഷേ മായ ബ്രഹ്മനിലാണ് കുടികൊള്ളുന്നത്. എങ്കിലും, പ്രായോഗികമായി നോക്കുമ്പോള്‍ മായ തികച്ചും ഒരു  മായാദര്‍ശനമല്ല.  തീര്‍ച്ചയായും  ഉന്മത്താവസ്ഥക്കും,   മായാദര്‍ശനത്തിനും, സ്വപ്നാവസ്ഥക്കും, ജാഗ്രതാവസ്ഥയില്‍ ഉള്ള അനുഭവങ്ങള്‍ക്കും ഒക്കെ തമ്മില്‍ തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. സ്വപ്നാവസ്ഥയിലെ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ജാഗ്രതാവസ്ഥയില്‍ ഉള്ള അനുഭവങ്ങള്‍ക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യം ഉണ്ട്. പക്ഷേ  അഖണ്ഡമായ ബ്രഹ്മന്റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ ഉന്മത്താവസ്ഥയും, മായാദര്‍ശനവും,  സ്വപ്നാവസ്ഥയും,  ജാഗ്രതാവസ്ഥയില്‍ ഉള്ള അനുഭവങ്ങളും ഒക്കെ ഒരുപോലെ അവാസ്തവീകങ്ങള്‍ ആണ്.  

മായയും ബ്രഹ്മനും

 ചുരുക്കത്തില്‍ പറഞ്ഞാല്‍ മായക്ക്  വ്യക്തമായ ഒരു നിലനില്‍പ്പുണ്ട്. പക്ഷേ, മായ നിലനില്‍പ്പുള്ള ഒന്നാണെന്നോ, നിലനില്‍പ്പില്ലാത്ത ഒന്നാണെന്നോ, പറഞ്ഞ് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ ഇല്ലാത്ത ഒന്നാണെന്ന് പറയാന്‍ കഴിയില്ല. മായയുടെ ആവരണ ശക്തി കൊണ്ടാണ്‌ ബ്രഹ്മന്റെ അഖണ്ഡമായ നില മറയ്ക്കപ്പെട്ടു നില്‍ക്കുന്നത്. ജാഗ്രതാവസ്ഥയെക്കുറിച്ചുള്ള അറിവ്, ഉറക്കം എങ്ങിനെയാണോ ഗൂഢമാക്കുന്നത് അതുപോലെ ആണത്. മായയുടെ വിക്ഷേപണ ശക്തി കൊണ്ടാണ്‌ ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വപ്നാവസ്ഥയില്‍ സ്വപ്നത്തിലെ വസ്തുക്കളെ സ്വപ്നാവസ്ഥ സൃഷ്ടിക്കുന്നത് എങ്ങിനെ ആണോ, തീര്‍ത്തും അങ്ങിനെ തന്നെ ആണ് ഇതും.  മായയുടെ ആവരണ ശക്തിയും വിക്ഷേപണ ശക്തിയും ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഈശ്വരന്‍ അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നത് ബ്രഹ്മന്‍ മായയുമായി ബോധപൂര്‍വ്വം ചേര്‍ന്ന് പ്രവര്‍ത്തിച്ച്‌ പ്രപഞ്ച സൃഷ്ടി നടത്തുമ്പോഴാണ്. ബ്രഹ്മനും മായയും ചേര്‍ന്നുള്ള നിലയെ ആണ് സൃഷ്ടി, സ്ഥിതി, സംഹാര കര്‍ത്താക്കളായി നമുക്ക് അനുഭവപ്പെടുന്നത്. അതുപോലെ തന്നെ ആണ് ആത്മാവിനെ ‘ജീവ” അല്ലെങ്കില്‍ ഒറ്റയായ സ്വ-ആത്മത്വം ആയി അനുഭവപ്പെടുന്നത്. പ്രപഞ്ചത്തിന്റെ നിലയില്‍ നിന്നും നോക്കിയാല്‍ മായ എന്ന് പറയുന്നത് ഒറ്റ ഒന്നാണ്. പക്ഷേ, വ്യക്തികളുടെ നിലയില്‍ നോക്കിയാല്‍ മായ പലതാണ്.

അതുകൊണ്ട്, മായയെ രണ്ടു വിവിധ രീതിയില്‍ പഠനവിധേയമാക്കാം. പ്രപഞ്ചത്തിന്റെ നിലയിലും, വേറിട്ട വ്യക്തികളുടെ നിലയിലും. പ്രപഞ്ചത്തിന്റെ നിലയില്‍ മായയുമായിട്ടുള്ള  പ്രപഞ്ചത്തിന്റെ കൂട്ടുപ്രവര്‍ത്തനം  ഉണ്ടാകുന്നതിനെ ആണ് ഈശ്വരന്‍, അല്ലെങ്കില്‍ സഗുണ ബ്രഹ്മന്‍ അല്ലെങ്കില്‍ ദൈവം എന്ന് വിളിക്കുന്നത്‌. അതുപോലെ, ഒറ്റയായ സ്വ-ആത്മത്വം മായയുമായിട്ടുള്ള (അവിദ്യ, അജ്ഞത) കൂട്ടുപ്രവര്‍ത്തനം  ഉണ്ടാകുന്നതിനെ ആണ് ജീവാത്മാവ് എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ നിലയിലും വ്യക്തിയുടെ നിലയിലും ഉള്ള രണ്ടു “മായ”യും ബ്രഹ്മന്റെയും സ്വ-ആത്മത്വത്തിന്റെയും യഥാര്‍ത്ഥത്തിലുള്ള സ്വഭാവം മറച്ചു വക്കുന്നു. അതുകൊണ്ട് ബ്രഹ്മനും സ്വ-അത്മത്വത്തിനും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന പരിമിതികള്‍ കേവലം  മിഥ്യയും അവസ്തവീകവും ആണ്. മായ സൃഷിട്ക്കുന്ന പരിമിതികള്‍ക്ക്‌ പറയുന്നത്, നിബന്ധന എന്ന അര്‍ത്ഥം വരുന്ന  “ഉപാധി” എന്ന വാക്ക് ഉപയോഗിച്ചാണ്.  കപടമായ പരിമിതികള്‍ വാസ്‌തവികത്വത്തിന് ഒരു വ്യത്യാസവും വരുത്തുന്നില്ല. ജല മരീചികകള്‍ മണലാരണ്യങ്ങളെ എങ്ങിനെ തടാകങ്ങള്‍ ആക്കി മാറ്റുന്നില്ലയോ അതുപോലെ ആണത്. ആത്യന്തികമായി, മായയുടെ എല്ലാ വിക്ഷേപണങ്ങളും അയധാര്‍ത്ഥങ്ങള്‍ ആണ്,  മായികമായ സ്വഭാവം ഉള്ളതുകൊണ്ട്. മായയുടെ സഹായം കൊണ്ട് ഈ പ്രപഞ്ചം മുഴുവനും വികസിച്ചത് ബ്രഹ്മനില്‍ നിന്നും ആണ്. മാന്ത്രികനില്‍ നിന്നും ഇന്ദ്രജാലം വിക്ഷേപിക്കപ്പെടുന്നത് പോലെയാണത്.  ഒരു മാന്ത്രികന്‍ തന്റെ മായാജാലത്തിന്റെ മായാദര്‍ശനങ്ങളാല്‍ എങ്ങിനെ കബളിക്കപ്പെടാതെ നില്‍ക്കുന്നുവോ, അതു പോലെയാണ്  ബ്രഹ്മന്‍ ഇതിനാലൊന്നും  സ്പര്‍ശിതമാകാതെ നില്‍ക്കുന്നത്. 

ഈ പ്രപഞ്ചത്തിന്റെ ഭൌതിക കാരണം ബ്രഹ്മനും മായയും തമ്മിലുള്ള കൂട്ടുപ്രവര്‍ത്തനമാണ്. ബ്രഹ്മന്‍ മായയും ആയിട്ടുള്ള കൂട്ടുപ്രവര്‍ത്തനം   അവസാനിപ്പിച്ചു നില്‍ക്കുന്ന  സ്ഥിതിയാണ് പ്രപഞ്ചത്തിന്റെ സമര്‍ത്ഥമായ ഹേതു. ബ്രഹ്മനും പ്രപഞ്ചവും ആയുള്ള കാര്യ-കാരണ ബന്ധത്തിന്, ചിലന്തിയും അതിന്റെ വലയും ആയി  സാദൃശ്യം ഉണ്ട്. ചിലന്തി തന്റെ വല നെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലന്തിക്ക് സഹജമായ അതിന്റെ തന്നെ സ്രോതസ്സ്‌ ഉപയോഗിച്ചാണ് ഇഴകള്‍ ഉത്പാദിപ്പിക്കുന്നത്. ചിലന്തി പ്രജ്ഞയുള്ള ഒരു ജീവി ആയതുകൊണ്ട് അതിന്റെ വലയുടെ സമര്‍ത്ഥമായ ഹേതുവായി അത് സ്വയം ഭവിക്കുന്നു. ചിലന്തിക്കു അതിന്റെ വലയുടെ ഇഴകള്‍ ചിലന്തിയുടെ തന്നെ  നൈസര്‍ഗ്ഗികവും വേര്‍തിരിക്കാന്‍ ആകാത്തതും ആയ സവിശേഷത ആയതുകൊണ്ട്, ചിലന്തി തന്നെയാണ് അതിന്റെ വലക്കുള്ള ഭൌതിക ആധാരം.

പ്രപഞ്ചം എന്ന പൊതു സങ്കല്‍പം 

ശങ്കരന്‍ പറയുന്നത് അനുസരിച്ച്, ഒരൊറ്റ യാഥാര്‍ത്ഥ്യമേ ഒള്ളൂ. അത് ബ്രഹ്മന്‍ ആണ്. അദ്ദേഹം ലോകത്തിന്റെ നിലനില്‍പ്പ്‌ തീര്‍ത്തും നിരാകരിക്കുന്നില്ല. പക്ഷേ, ആത്യന്തികമായ യാഥാര്‍ത്ഥ്യം എന്താണെന്ന്  ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ഊന്നി പറയുകയാണ്‌. ഈ ലോകം ഒരു പ്രകടനം മാത്രമാണ്. അത് അന്തിമമായ ഒരു സത്യമല്ല. ഒരാള്‍ ഈ ലോകത്തില്‍ ഉള്ളിടത്തോളം കാലം, ഈ ലോകം തികച്ചും മിഥ്യയാണ് എന്ന് പറയുക വയ്യ. ശങ്കരനും സമ്മതിക്കുന്നുണ്ട്, ഒരു അളവ്‌ വരെ തെറ്റുകളും, മിഥ്യയും ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന്. സ്വപ്നത്തിലെ വസ്തുക്കള്‍ ഒരുവ്യക്തി ഉറങ്ങുന്ന കാലത്തോളം നിലനില്‍ക്കുന്നു. അതുപോലെ തന്നെ, കയറില്‍ പാമ്പിനെ തെറ്റിദ്ധരിക്കുന്നിടത്തോളം കാലം അയാള്‍ ഭയചകിതനായി, കയറിനോട്‌ ഒരു യഥാര്‍ത്ഥത്തിലുള്ള പാമ്പിനോടെന്നപോലെ പ്രതികരിക്കുന്നു. പക്ഷേ, അത് പാമ്പല്ല, കയറാണ് എന്ന് മനസ്സിലാകുമ്പോള്‍, സ്വന്തം  വിഡ്ഢിത്തം ഓര്‍ത്തു ചിരിക്കും. അതുപോലെ തന്നെയാണ്  ആപേക്ഷികമായ പ്രജ്ഞാനത്താല്‍, അജ്ഞതയില്‍ തീര്‍ത്തും വിഹരിക്കുന്നിടത്തോളം കാലം, ഈ ലോകം തികച്ചും സത്യമാണ്. എന്നാല്‍ ശരിയായ ജ്ഞാനം ഉദിക്കുമ്പോള്‍ മാത്രമാണ്, ഒരുവന് ഈലോകത്തിനു തന്റെ നിലനില്‍പ്പിന് ഹേതുവായ  ബ്രഹ്മനില്‍ നിന്നും വേറിട്ടിട്ടുള്ള സ്വതന്ത്രമായ ഒരു നിലനിപ്പില്ല എന്ന് മനസ്സിലാകുന്നത്. ശങ്കരന്‍ പറയുന്നുണ്ട്, ഒരിക്കല്‍ സ്വ-ആത്മത്വം ഈ മായിക സൃഷ്ടികളില്‍ പെട്ട്‌ കെട്ടുപിണഞ്ഞു പോയാല്‍, അതേ മായയുടെ സഹായത്തോടെ മാത്രമേ അതിനെ തരണം  ചെയ്യാന്‍ കഴിയൂ എന്ന്. പൂഴിമണ്ണില്‍ പുതഞ്ഞു പോയ ഒരാള്‍ക്ക്‌ അതില്‍ നിന്നും പുറത്തുകടക്കണം എന്നുണ്ടെങ്കില്‍ അതേ പൂഴിമണ്ണിന്റെ തന്നെ സഹായം വേണം. കാരണം അവിടെ സഹായം നല്‍കാന്‍പൂഴിമണ്ണ്‍ അല്ലാതെ മറ്റൊന്നും ഇല്ല.  

ശങ്കരന്റെ തത്വവിചാരത്തിന്റെ വിപക്ഷക്കാര്‍  ചോദിക്കുന്നുണ്ട്, “ഈ ലോകം തീര്‍ത്തും അസത്യം ആണെങ്കില്‍ പിന്നെ എങ്ങിനെ ആണ് അതിന്റെ നിലനില്‍പ്പ്‌ സത്യമാണ് എന്ന് തോന്നുന്നത്?. പിന്നെ എങ്ങിനെ ആണ് ഈ ലോകത്തിലെ വസ്തുവകകള്‍ കൊണ്ട് നമ്മള്‍ പലവിധത്തിലും  ബാധിക്കപ്പെടുന്നത്? കയറില്‍ പാമ്പില്ലെങ്കില്‍ പിന്നെ സാങ്കല്പികമായ ആ ഒരു പാമ്പിന് ദംശിക്കാനാവില്ല. കയറ് ദംശിച്ച്  ഇതുവരെ ആരും മരിച്ചിട്ടില്ല. അതേ പ്രതീകത്തില്‍, ഈ ലോകം തികച്ചും അയഥാര്‍ത്ഥവും, സാങ്കത്‌പികവും ആണെങ്കില്‍ പ്രായോഗികമായി പെരുമാറിക്കൊണ്ട് ഒരാള്‍ക്ക്‌ ഇവിടെ തുടരാനാവില്ല”. ശങ്കരന്‍ മറുപടി ആയി പറയുന്നു. സങ്കല്‍പ്പശക്തി കയറില്‍ പാമ്പിന്റെ സാനിദ്ധ്യം സൃഷ്ടിക്കുന്നു. സങ്കല്‍പ്പത്തിലെ സര്‍പ ദംശനമേറ്റ് മൃതി അടയാന്‍ പറ്റുന്ന വിധത്തില്‍ അത്രമാത്രം ശക്തിമത്താണ് അത്തരം സങ്കല്‍പ്പങ്ങള്‍. അങ്ങിനെ തെറ്റായി ഗ്രഹിച്ച അവസ്ഥ ശാരീരികവും  മനഃശ്ശാസ്‌ത്രപരവും ആയ പല പ്രതിപ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ ഖണ്‌ഡിക്കുക അല്ല, ശങ്കരന്റെ ഉദ്ദേശ്യം. വാസ്തവത്തില്‍, ശങ്കരന്‍ സത്യത്തിന്റെ രണ്ട് വ്യത്യസ്തങ്ങളായ ദര്‍ശനങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യക്ഷമായ ദൃശ്യരൂപത്തോട് കൂടി പുറമേ കാണുന്നതും, പരോക്ഷമായ ദൃശ്യരൂപം ഇല്ലാതെ കേവലമായിട്ടുള്ളതും. ബാഹ്യവും ആന്തരികവും ആയ എല്ലാ പ്രതിഭാസങ്ങളും പ്രത്യക്ഷമായി തോന്നുന്ന സത്യമാണ്, എന്നാല്‍ ആത്യന്തികമായ സത്യം ബ്രഹ്മന്‍ ഒന്നു മാത്രമാണ്. ശാരീരികവും മാനസികവും ആയ പ്രതിഭാസങ്ങളുടെ കുരുക്കില്‍  പെട്ട്‌ ഉഴലുന്നവര്‍ക്ക് പ്രത്യക്ഷമായി തോന്നുന്ന സത്യം യഥാര്‍ത്ഥ മായി തോന്നിക്കും. പ്രത്യക്ഷമായി തോന്നുന്ന സത്യത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് നോക്കി, പരോക്ഷമായ ബ്രഹ്മസത്യം കാണാനോ തിരിച്ചറിയാനോ കഴിയുകയില്ല. ആകെ ഉള്ളത് പ്രത്യക്ഷത്തില്‍ കാണുന്ന ഈ സത്യം മാത്രമേയുള്ളൂ എന്ന് അവര്‍ കരുതുന്നു. പക്ഷേ അഖണ്ഡമായ ബ്രഹ്മന്റെ ഔന്യത്യത്തില്‍ നിന്ന് നോക്കുമ്പോള്‍ നമുക്ക് രണ്ടു തരം സത്യങ്ങളും കണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നു. . പ്രത്യക്ഷമായ ദൃശ്യരൂപത്തോട് കൂടി പുറമേ കാണുന്നതും, പരോക്ഷമായ ദൃശ്യരൂപം ഇല്ലാതെ കേവലമായിട്ടുള്ളതും. അങ്ങിനെ ഉള്ള ഒരാള്‍ക്ക്‌ അഖണ്ഡമായ ബ്രഹ്മന്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു.  പ്രത്യക്ഷമായ ദൃശ്യരൂപത്തോട് കൂടി പുറമേ കാണുന്ന സത്യം വെറും മായിക ഭ്രമം മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ശങ്കരന്‍ തന്റെ ഏകത്വ ദര്‍ശനം അഖണ്ഡമായ ബ്രഹ്മന്റെ വീക്ഷണ ഗതിയില്‍നിന്നും ആണ് നല്‍കുന്നത്.  അതുകൊണ്ടാണ് പ്രത്യക്ഷമായ ദൃശ്യരൂപത്തോട് കൂടി പുറമേ കാണുന്ന ഈ സത്യം വെറും മായിക ഭ്രമം മാത്രം മായി ചൂണ്ടിക്കാണിക്കുന്നത്.

കാര്യകാരണ ബന്ധം എന്ന പൊതു സങ്കല്‍പം

ശങ്കരന്‍ കാര്യകാരണ ബന്ധത്തെക്കുറിച്ച് ഉള്ള സിദ്ധാന്തം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യകാരണ സിദ്ധാന്തം  സാംഖ്യ ദാര്‍ശനികര്‍ അംഗീകരിച്ച സിദ്ധാന്തത്തില്‍  നിന്നും കുറച്ചു വ്യത്യാസപ്പെട്ടിട്ടുള്ളതാണ്. ശങ്കരന്റെ കാര്യകാരണ സിദ്ധാന്തം “വിവര്‍ത്ത വാദം” എന്ന പേരിലാണ് അറിയപ്പെടുന്നത്.  കാര്യം എന്ന് പറയുന്നത് നിത്യ സത്യമായ കാരണം തന്നെ മായിക രൂപത്തോടെ കാണപ്പെടുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഈ ലോകം തന്നെ ബഹുമുഖങ്ങളോടും നിത്യ വ്യതിയാനങ്ങളോടും കൂടി അനുഭവപ്പെടുമ്പോള്‍, ഈപ്പറയുന്ന ഗുണങ്ങള്‍ എല്ലാം തന്നെ എപ്പോഴും ദ്വൈതമല്ലാത്തതും, ഒരുകാലത്തും ഒരുവ്യതിയാനവും ഇല്ലാതെ, ഒരിക്കലും പരിവര്‍ത്തനവിധേയമല്ലാത്ത, എന്നും ഒരുപോലെ വര്‍ത്തിക്കുന്നതുമായ ആ  നിത്യ സത്യത്തിന്റെ തന്നെ വെറും പ്രകടനങ്ങള്‍ മാത്രമാണ് എന്ന് അദ്ദേഹം പറയുന്നു. 

വാസ്തവീകതക്ക്  വ്യതിയാനമില്ലാതെ നിലനില്‍ക്കുകയും, നശിക്കപ്പെടാതെ നില്‍ക്കുകയും ചെയ്യുന്ന ഒരു ഭാവമുണ്ട്, അതാണ്‌ സ്വ-ആത്മത്വം. വാസ്തവത്തില്‍ ഇക്കാണുന്ന പ്രപഞ്ചം മുഴുവനും സ്വ-ആത്മത്വത്തിന്റെ മായികമായ സാക്ഷാത്ക്കാരം  ആണ്. പക്ഷേ ഈ ലോകത്തില്‍ നമ്മള്‍ ഈ ലോകത്തിലായിരിക്കുന്നിടത്തോളം കാലം, ലോകം  രൂപനാമങ്ങളുടെ ഈ മായികമായ അവാസ്തവം എന്ന് പറഞ്ഞു തള്ളി കളയുവാന്‍ കഴിയുകയില്ല. തീര്‍ച്ചയായും , ഈ മായികഭ്രമത്തിനുള്ളില്‍ ഒരു പരിധിവരെ പരമാര്‍ത്ഥം ഉണ്ട് താനും. നിമിഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന സ്വപനത്തിലുള്ള വസ്തുക്കള്‍ പോലും നമ്മുടെ വ്യക്തിത്വത്തില്‍ ആഴത്തിലുള്ള മുദ്രണങ്ങള്‍ അവശേഷിപ്പിക്കുന്നു.  അതുപോലെ തന്നെ, ജാഗ്രതാവസ്ഥയില്‍ ഉള്ള ഈ ലോകവുമായി ബന്ധപ്പെട്ട വസ്തുവകകള്‍ എല്ലാം നമ്മുടെ  വ്യക്തിത്വത്തിലും സ്വഭാവത്തിലും  വലിയ  ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു. അപ്പോള്‍ പിന്നെ അത് വെറും മായ മാത്രം എന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റില്ല. പ്രായോഗികമായ പ്രയോഗത്തിനുവേണ്ടി, ശങ്കരന്‍ പ്രത്യേക രീതിയിലുള്ള സാധനകളും, താരതമ്മ്യേന യഥാര്‍ഥവും, അയഥാര്‍ഥവും ആയ ഈ ഭൌതികവും മാനസികവും ആയ  ലോകം കൈകാര്യം ചെയ്യാന്‍ വേണ്ട  ലോകദര്‍ശനവും പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ഈ വഴികള്‍ ധ്യാനവും, മനനവും ആണ്. അത് പുറകെ മറ്റൊരു ഭാഗത്തില്‍ ഹൃസ്വമായി പ്രതിപാദിക്കാം. ഈ പ്രപഞ്ചത്തിന്റെ സാക്ഷാത്ക്കാരം നടക്കുന്ന രീതി, വേദാന്തത്തില്‍ സൂചിപ്പിക്കുന്നത്  ഇങ്ങിനെ ആണ്. ഈ പ്രപഞ്ചം വളരെ ക്രമത്തിലും ചിട്ടയിലും സജ്ജീകരിച്ചിരിക്കുന്ന  ഒരു സംവിധാനമാണ്.  ഈ ബ്രുഹത്തായ മായാ പ്രപഞ്ചത്തില്‍ , എല്ലാ ലോകങ്ങളും പ്രവര്‍ത്തിക്കുന്നത് നിശ്ചിതമായ നിയമാവലികള്‍ക്ക് അനുസൃതമായി ആണ്. വിജ്ഞാനസിദ്ധാന്ത പ്രകാരം ഈ പ്രപഞ്ചം വിശദീകരിക്കുകയാണെങ്കില്‍ , ഈ പ്രപഞ്ചത്തിലെ മനുഷ്യന്റെ പങ്കും, തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന അനാദി ആയ ദൈവീകത സാക്ഷാത്ക്കരിക്കാനുള്ള മനുഷ്യന്റെ അഭിവാംശ്ച പ്രപഞ്ചം തന്നെ സ്വയം മനസ്സിലാക്കുന്നതില്‍ സഹായിക്കുന്നുണ്ട്. 

ഈ പ്രപഞ്ചം വേദാന്തം വിവരിക്കുന്നത് ഇങ്ങിനെ ആണ്. ഈ പ്രപഞ്ചത്തില്‍ അടങ്ങിയിരിക്കുന്നത്   പല നിലകളിലായി അരോഹണാവരോഹണ ക്രമത്തില്‍ വേര്‍തിരിച്ച്  അടയാളം വച്ച് ക്രമപ്പെടുത്തി മായയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബ്രഹ്മന്റെ ശക്തി തന്നെ ആണ്. മായാഭ്രമത്തിന്റെ രംഗം  പോലും ഇങ്ങിനെ പല  പല നിലകളിലായി അരോഹണാവരോഹണ ക്രമത്തില്‍ വേര്‍തിരിച്ച്  അടയാളം വച്ച് ക്രമപ്പെടുത്തിയതാണ്. ചില മായാഭ്രമങ്ങള്‍ മറ്റു ചില മായാഭ്രമങ്ങളെക്കാള്‍ കൂടുതല്‍ സത്യമായി അനുഭവപ്പെടും.  ഈ . ആപേക്ഷികത പോലും മായയാണ്; ഈ ഭൌതിക ലോകത്തില്‍ ചില വസ്തുക്കള്‍ മറ്റുചില വസ്തുക്കളെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കും – ഒരു കല്ല്‌ കടലാസ്സിനേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. പക്ഷേ നിത്യമായി നില നില്‍ക്കുന്ന ഒന്നിനെ ഒരുകാലത്തും നശപ്പിക്കാന്‍ നിര്‍വ്വഹമല്ല. നിലനില്‍പ്പില്ലാത്ത ഒന്നിനെ ഒരുകലാലത്തും സൃഷ്ടിക്കാന്‍ കഴിയാത്തതുപോലെ ആണ് അതും. കടലാസ്സ് നിലനില്‍കുന്നത്‌ ആപേക്ഷികം മാത്രമായാണ്. അതിന്റെ പേരും ആകാരവും മറ്റെന്തെങ്കിലും ആയി  കാലക്രമേണ മാറും.  ദൃഷ്ടി ഗോചരമായ ഈ ലോകം മുഴുവനും ഒരിക്കല്‍ നശിക്കപ്പെടും. അവസാനം പ്രപഞ്ചത്തിന്റെ ലയന സമയത്ത് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌  മുഴുവനും  അന്തിമ സത്യമായ ബ്രഹ്മനിലേക്ക് തിരിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍, പ്രപഞ്ചം നശിക്കപ്പെട്ടു പോകുന്നു. എന്നിരുന്നാലും, പൂര്‍ണമായ ഈ ലയന നിലയിലും, മായ ആത്യന്തികമായ ബ്രഹ്മന്‍ എന്ന നിത്യസത്തിന്റെ അത്യന്താപേക്ഷിതമായ ഒരു സാധ്യതയായി നിലകൊള്ളും. അതുകൊണ്ടാണ് വേദാന്തം പറയുന്നത് മായ  ബ്രഹ്മനില്‍ നിന്നും വേറിട്ട  ഒന്നല്ല എന്ന്. 

പ്രാണന്‍ എന്ന ജീവശക്തി

വേദാന്ത ദര്‍ശനം  പറയുന്നത് ലോകത്തിലെ എല്ലാ ജീവനുള്ള വസ്തുക്കളും, ജീവനില്ലാത്ത വസ്തുക്കളും  പ്രാണന്റെ  പ്രകമ്പനം ആണ് എന്നാണ്. പ്രാണന്‍ ആണ് ജീവശക്തി. അതും മായയില്‍ നിന്നും വിഭിന്നമായ ഒന്നല്ല.  പ്രാണന്റെ പ്രകമ്പനം ആണ് ഈ മുഴുവന്‍ പ്രപഞ്ചത്തിന്റെയും നാരായവേര്. ഈ പ്രപഞ്ചത്തില്‍ നടക്കുന്നു കൊണ്ടിരിക്കുന്ന  സര്‍വ്വ കാര്യങ്ങള്‍ക്കും നിദാനം പ്രാണനാണ്‌. വിശ്വ ജീവന്റെ തത്വം തന്നെ പ്രാണനാണ്‌. ആത്യന്തിക പരമാര്‍ത്ഥമായ ബ്രഹ്മന്റെ ശ്വാസമാണ് പ്രാണന്‍. ഈ ജീവ ശക്തി ഉള്ളതിനാലാണ് സചേതന വസ്തുക്കള്‍ ചലിക്കുന്നതും, ചലനങ്ങള്‍ സൃഷ്ടിക്കുന്നതും. അതുപോലെ തന്നെ ആണ് സര്‍വ്വ മൂലകങ്ങളും വിവധ തോതുകളില്‍ ഉള്ള പ്രകമ്പനങ്ങളുടെ ഡിസൈന്‍-മാതൃക ഒരു വസ്തുവായി സാക്ഷാത്ക്കരിച്ചു ഉണ്ടാകുന്നതാണ്. അങ്ങിനെ ഈ പ്രപഞ്ചം മുഴുവനും പ്രകമ്പനങ്ങളുടെയും ചലനങ്ങളുടെയും ഒരു വലിയ മാതൃകാ രൂപമാണ്. ഈ സ്വയം പ്രകമ്പനം കൊള്ളുന്ന ഊര്‍ജമാണ് ഏറ്റവും ചെറിയ കണികയെ  മുതല്‍ ഏറ്റവും വലിയ  ഗ്രഹങ്ങളെവരെ ഒരുമിച്ച് നിറുത്തി പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നിറുത്തന്നത്. വൈദ്യുതി, ഗുരുത്വാകര്‍ഷണശക്തി, കാന്തശക്തി തുടങ്ങിയ എല്ലാം തന്നെ പ്രകമ്പനത്തിന്റെ വിവധ നിലകളാണ്. നിറം, ഗന്ധം, ശബ്ദം, രുചി തുടങ്ങിയ എല്ലാ അനുഭൂതികളും പ്രകമ്പനത്തിന്റെ വിവിധ രൂപ മാതൃകകള്‍ ആണ്. ബൌദ്ധികമായ കഴിവുകള്‍ എല്ലാം തന്നെ അതുപോലെ  പ്രകമ്പനത്തിന്റെ രൂപ മാതൃകകള്‍ ആണ്. പ്രകമ്പനത്തിന്റെ ശക്തി പോലും പ്രാണന്‍ തന്നെയാണ്‌. വേറിട്ട്‌ വെവ്വേറെ നിലകൊള്ളുന്ന സര്‍വ്വ വസ്തുക്കളും,  ഈ പ്രപഞ്ചം മുഴുവനും തന്നെയും ഈ ജീവശക്തിയുടെ അനന്തമായ സാക്ഷാത്ക്കാരങ്ങള്‍ ആണ്. 

വേദാന്തത്തില്‍ പറയുന്നത് ഈ പ്രപഞ്ചം എന്നത് ബ്രഹ്മനും മായയും തമ്മിലുള്ള സഹകരണ ഫലമായി ഉണ്ടായ ഉത്പന്നമാണ് എന്നാണ്. ബ്രഹ്മനും മായയുമായി ഉള്ള അതേ സഹകരണം ആണ് ഇശ്വരന്‍, വേദാന്തത്തില്‍. അതുകൊണ്ട് ജഡം എന്ന ഒരു വസ്തു ഇല്ല തന്നെ. ഈ പ്രപഞ്ചം അതിന്റെ മുഴുവന്‍ വ്യാപ്തിയിലും ഒരു ജീവനുള്ള വസ്തുവാണ്. വേദാന്തം പറയുന്നത് പ്രാണ എന്ന  പ്രപഞ്ചശക്തി പരിണാമ പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പുതന്നെ നിലനില്‍പ്പുള്ള ഒന്നാണ് എന്നാണ്. പ്രപഞ്ചസൃഷ്ടി ഉണ്ടാകുന്നതിനു മുന്‍പ് അസ്ഥിത്വം ഉണ്ടാവുകയോ അസ്ഥിത്വം ഇല്ലാതിരിക്കുകയോ ചെയ്തിട്ടില്ല. കാലമോ, ദേശമോ ഇല്ല, വെളിച്ചമോ ഇരുട്ടോ ഇല്ല, മരണമോ, അമരത്വമോ ഇല്ല, പരമമായ ജീവന്‍ ശ്വാസം ഇല്ലാതെ ശ്വസിക്കുകയും പ്രപഞ്ച ഊര്‍ജത്തോടോപ്പം ഒന്നായി നില്‍ക്കുകയും ചെയ്യ്തു.  ഊര്‍ജസ്വലമായ ആ മഹാസ്രോതസ്സില്‍ – ബ്രഹ്മനും മായയും – നിന്നും ആണ് ഈ പ്രപഞ്ചം നിലവില്‍ വരുന്നത്.   

പ്രാണയിലാണ്  ആണ് പ്രജ്ഞയുടെ സാദ്ധ്യത നിലനില്‍ക്കുന്നത്. അതേ നിതാന്തമായ  അനശ്വരമായ പ്രാണയാണ് വ്യക്തി ജീവനും, പ്രപഞ്ച ജീവനും. പ്രപഞ്ചത്തിന്റെ പ്രകടനം ശാശ്വതമല്ലെങ്കിലും, യഥാര്‍ത്ഥ സത്യം സ്വയം ശാശ്വതമാണ്. ബാഹ്യമായ വസ്തുക്കളുടെ നഷ്ടത്തില്‍ കേഴുന്നവര്‍ക്ക് ഈ സത്യം പൂര്‍ണമായും മനസ്സിലാകുന്നില്ല.  ഈ സര്‍വ്വ പ്രപഞ്ചത്തെയും ഭരിക്കുന്ന ആ പ്രപഞ്ച ജീവ ശക്തി മനസ്സിലാക്കാതെ, ഭൌതികമായ ഈ ലോകത്തെ നോക്കിക്കാണുന്നവര്‍, ഈ ലോകം നിത്യേന മാറിക്കൊണ്ടിരിക്കുന്നതും മരിച്ച് അഴുകലിന് വിധേയമായതും ആണെന്ന് തോന്നും. പക്ഷേ അങ്ങിനെ ഉള്ള ഒരാള്‍ പ്രപഞ്ചത്തെ ഭരിക്കുന്ന ഈ പ്രാണശക്തി ശരിക്കും മനസ്സിലാക്കി കഴിയുമ്പോള്‍ ഈ തെറ്റിദ്ധാരണക്ക് കാരണ ഭൂതമായ ലോക നിയമത്തില്‍ നിന്നും സ്വതന്ത്രന്‍ ആക്കപ്പെടുന്നു. 

സത്യത്തില്‍, ഒന്നും ഒരുകാലത്തും നഷ്ടപ്പെടുന്നില്ല. ഒന്നും ഒരുകാലത്തും നേടുന്നുമില്ല. ശ്രുഷ്ടിയും നാശവും ആയി കാണപ്പെടുന്നതെല്ലാം തന്നെ എന്തെങ്കിലും ഒന്നു അതിന്റെ രൂപം മാറുന്നത് മാത്രമാണ്. ഏതെങ്കിലും ഒരു രൂപം അജ്ഞാതവും അദൃശ്യവുമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നത് മാത്രമാണ് മരണം എന്ന് വിവക്ഷിക്കുന്ന സ്ഥിതി. മരണം എന്ന ഈ  നടപടിക്രമം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, മരണജനനങ്ങള്‍ പ്രാണന്റെ വിവിധമായ പ്രകമ്പന സ്ഥിതികള്‍ ആണെന്ന് കാണാന്‍ കഴിയും. ജീവശക്തിയുടെ വിശ്വ പ്രകമ്പനങ്ങളുടെ രഹസ്യം മനസ്സിലായ ഒരാള്‍ മരണത്തിലോ, നഷ്ടത്തിലോ കേഴുന്നില്ല, കാരണം ഈ സാമാന്യ സങ്കല്പ്ങ്ങളിലെ കപടത അത്തരത്തിലുള്ള ഒരാള്‍ക്ക് മനസ്സിലാകും എന്നത് കൊണ്ടാണത്. സ്ഥൂലമായ ഖരപദാര്‍ത്ഥങ്ങളുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍, ഈ പ്രപഞ്ചവും അതിലെ സര്‍വ്വതും അഴുകലിനും മരണത്തിനും അധീനമാണ്. അതുകൊണ്ട് ആത്യന്തികമായി  അതെല്ലാം ദുഃഖത്തിനും ദുരിതത്തിനും കാരണമാകുന്നു. പക്ഷേ, സാര്‍വ്വലൌകികതയുടെ, അല്ലെങ്കില്‍, വിശ്വത്തിലെ ജീവശക്തിയുടെ  അല്ലെങ്കില്‍ അഖണ്ഡമായ സത്യത്തിന്റെ  വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ ഈ പ്രപഞ്ചം  സത്യവും നിത്യവും , ബ്രഹ്മന്‍ സ്വയം എങ്ങിനെ ആണോ അങ്ങിനെ തന്നെ. ഉയര്‍ന്ന അനുകൂലസ്ഥാനത്ത് നിന്ന് നോക്കുമ്പോള്‍ എന്തെങ്കിലും നഷ്ടപ്പെടലോ, നേടലോ ഉണ്ടാകുന്നില്ല. പക്ഷേ, താഴ്ന്ന സ്ഥാനത്തുനിന്നും നോക്കുമ്പോള്‍ എല്ലാം നഷ്ടപ്പെടുന്നു, ഒന്നും നേടുന്നുമില്ല, എന്ന് തോന്നുന്നു. 

പ്രപഞ്ച സൃഷ്ടിയുടെ നടപടിക്രമം

ഒരു പദാര്‍ത്ഥം സൃഷ്ടിക്കപ്പെടുന്നത് വ്യവസ്ഥിതമായ നടപടി ക്രമത്തിലൂടെ ആണെന്ന് വേദാന്തം പറയുന്നുണ്ട്. ഭൌതികമായ ഈ ലോകത്തില്‍ അടങ്ങിയിരിക്കുന്നത് അഞ്ച് സ്ഥൂലമായ മൂലകങ്ങള്‍ ആണ്: പൃഥിവി, ജലം, അഗ്നി, വായു, ആകാശം,. ഇതില്‍ ഓരോ മൂലകത്തിലും, മറ്റു നാല് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഒരു മൂലകവും ശുദ്ധമല്ല. ഒരു മൂലകത്തിനെ മറ്റു മൂലകത്തില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് അതില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ആ പ്രത്യേക മൂലക ഘടകം ആണ്. വേദാന്തം പറയുന്നത് ഓരോ മൂലകങ്ങളും പഞ്ചഗുണ രീതിയിലാണ് എന്നാണ്. ഇതിനെയാണ് പഞ്ചകരണം എന്ന് വിവക്ഷിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ചിത്രീകരണം പ്രപഞ്ചത്തിലെ ഈ അഞ്ച് ഘടകങ്ങളെ ചിത്രീകരിക്കുന്നു.



വേദാന്തം പ്രപഞ്ചത്തിന്‍റെ സ്വഭാവം വിവരിക്കുന്നിടത് സാംഖ്യയില്‍ നിന്നും വളരെ അധികം  കടം കൊള്ളുന്നുണ്ട്. സാംഖ്യയില്‍ അന്തക്കരണങ്ങള്‍ മൂന്നുണ്ട്( മനസ്സ്‌, ബുദ്ധി, അഹങ്കാരം). എന്നാല്‍, വേദാന്തത്തില്‍ നാലാണ് അത് (മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം – ഓര്‍മ്മകള്‍ സൂക്ഷിക്കുന്നിടം), എന്നിവയാണത്.  പത്ത് ഇന്ദ്രിയങ്ങള്‍, അഞ്ച് സൂക്ഷ്മ മൂലകങ്ങള്‍, അഞ്ച് സ്ഥൂല മൂലകങ്ങള്‍, ഇതെല്ലാം സംഖ്യയിലും വേദന്തത്തിലും ഒന്നു തന്നെ. വേദാന്തം ജീവ ശക്തിയായ പ്രാണനും അതിന്റെ വകഭേദങ്ങള്‍ ആയ ഉപ പ്രാണനും  വിശദീകരിക്കുന്നുണ്ട്. പ്രാണ, അപാന, സമാന, ഉദാന, വ്യാന, നാഗ, കൂര്‍മ, കൃകാല, ദേവദത്ത, പിന്നെ ധനന്‍ജയയും. ഇതില്‍ ആദ്യത്തെ അഞ്ച് പ്രാധാന്യം അര്‍ഹിക്കുന്നു.

ബ്രഹമനും  പ്രപഞ്ചവും ആയുള്ള  ബന്ധം  

പ്രപഞ്ചത്തിന്റെ പരമാര്‍ത്ഥവും പരമാര്‍ത്ഥം ഇല്ലായ്മയും സത്യത്തെക്കുറിച്ച് ഒരാളുടെ സാമാന്യ സങ്കല്‍പ്പത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. ആത്യന്തികമായ പരമാര്‍ത്ഥത്തെ കുറിച്ച് ബോധമില്ലാത്ത ഒരാള്‍ക്ക്‌, ഉണ്ടെന്ന് തോന്നുന്ന ഈ ലോകം യഥാര്‍ത്ഥത്തിലുള്ള ഒന്നാണെന്ന് തോന്നിക്കും. ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം മറന്നു പോയ ഒരാള്‍ ഈ ലോകത്തിലെ വസ്തുവകകളോട് താദാത്മ്യം കൊണ്ട് അത് കൈക്കിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.  അങ്ങിനെ അയാള്‍ അതില്‍ ആശ്രയിച്ച് നിലകൊള്ളുകയും തത് ഫലമായി വേദനയും കഷ്ടപ്പാടും അനുഭവിക്കുകയും ചെയ്യും. എന്നാല്‍ പ്രപഞ്ച നിയമങ്ങള്‍ മനസ്സിലാക്കി ക്ഷണഭംഗുരമായ ഈ  വസ്തുവകകളുടെ പുറകിലുള്ള പരമാര്‍ത്ഥം തിരിച്ചറിയുന്ന നിമിഷം മുതല്‍ ഒരാള്‍ അയാള്‍ കാണുന്ന ഈ വിക്ഷേപിത ലോകത്തിന്റെ അസത്യം കണ്ട്, മായ ആകുന്ന തിരശീലയ്ക്ക് പിന്നിലുള്ള ബ്രഹ്മസത്യം അറിയുന്നു. ബ്രഹ്മ-പ്രജ്ഞാനം  സര്‍വ്വ രൂപ നാമങ്ങളേയും വിഴുങ്ങി മരണ ഭീതിയില്‍ നിന്നും ഒരാളെ മോചിപ്പിച്ച്, ശാശ്വതമായ ജീവിതത്തിന്റെ കവാടങ്ങള്‍ അയാള്‍ക്ക്‌ മുന്‍പില്‍ തുറന്നു കൊടുക്കുന്നു.  രൂപ നാമങ്ങളുടെ ബഹു മുഖരിതത്വം ലയിപ്പിച്ച് , ബാഹ്യമായ ലോകത്തില്‍ നിന്നും തന്നെ വിടര്‍ത്തി മാറ്റി  കളയുന്നതില്‍ വിജയിച്ച ഒരാള്‍ക്ക്‌ , ആ നിമിഷം മുതല്‍ അയാള്‍ അന്തമായ ജീവിതവുമായി ഒന്നായിത്തീരുന്നു. വേദാന്ത ദൃഷ്ടിയില്‍ ബ്രഹ്മനും പ്രപഞ്ചവുമായുള്ള ബന്ധത്തെക്കുറിച്ച്  ഒരുകാര്യം സൂചിപ്പിക്കുന്നുണ്ട്.  ജ്ഞാനോദയം അല്ലെങ്കില്‍ വിമുക്തി എന്നാല്‍ ബാഹ്യമായ ഒരു നേട്ടമല്ല. നേരേ മറിച്ചു അജ്ഞതയുടെ അന്ധകാരത്താല്‍ മറക്കപ്പെട്ടിരിക്കുന്ന നമ്മുടെ  ആന്തരിക സാദ്ധ്യതകളുടെ അനാച്ഛാദനം ആണത്. മായികമായ രൂപനാമങ്ങളെ ലയിപ്പിച്ച് കളഞ്ഞ്നമ്മുടെ ഉള്ളില്‍ ഒളിഞ്ഞ് അന്തര്‍ലീനമായിരിക്കുന്ന ഏകത്വമായ ദൈവീകതയെ തിരിച്ചറിയുക എന്നതാണ് വേദാന്തത്തിന്റെ ഉദ്ദേശ്യം. ചുരുക്കത്തില്‍, വേദാന്ത സമ്പ്രദായം പുറമെയുള്ള ലോകവും ബ്രഹ്മ സത്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന പരമ പൂജ്യമായ കണ്ണിയാണ്. 

ദൈവം എന്ന സങ്കല്‍പ്പം 

വേദാന്തത്തിലെ ദൈവ സങ്കല്പം വളരെ പ്രത്യേകതയുള്ള ഒന്നാണ്. മറ്റു ഭാരതീയ ദര്‍ശങ്ങളില്‍ ഒന്നും കാണാത്ത ഒന്നാണത്. വേദാന്തത്തിലെ ബ്രഹ്മന്‍, മായ, പ്രപഞ്ചം എന്നീ സങ്കല്‍പ്പങ്ങള്‍ സങ്കീര്‍ണമായിരിക്കുന്നത് പോലെ, വേദാന്തത്തിലെ ദൈവ സങ്കല്‍പ്പവും സങ്കീര്‍ണമാന്. ബ്രഹ്മന്‍ ഒന്നു മാത്രമാണ് സത്യം എങ്കില്‍, ഒരു ബൌദ്ധിക മനസ്സിനെ ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ പറഞ്ഞ് സമ്മതിപ്പിക്കാന്‍ പ്രയാസമാണ്. ഒരു പ്രത്യേക വീക്ഷണഗതിയില്‍ നിന്നുകൊണ്ട് ശങ്കരന്‍ പ്രപഞ്ചത്തിന്റെ അനിശ്ചിതത്വം  സ്ഥാപിക്കുന്നു. പക്ഷേ മറ്റൊരു വീക്ഷണഗതിയില്‍ നിന്നുകൊണ്ട് അദ്ദേഹം സര്‍വ്വ വസ്തുക്കളുടെയും – പ്രപഞ്ചത്തേയും അതിനപ്പുറമുള്ളതിന്റെയും – യാഥാര്‍ത്ഥ്യതയേയും സ്ഥാപിക്കുന്നു. 

ദൈവം എന്ന സങ്കല്പം മനസ്സിലാക്കാന്‍, ഒരു വേദ വിദ്യാര്‍ഥി ആദ്യം തന്നെ ഒരു നിലപാട് സ്വീകരിക്കണം. ഉണ്ടെന്ന് തോന്നിക്കുന്ന ഈ പ്രപഞ്ചത്തിന്റെ നിലപാടില്‍ നിന്നുകൊണ്ടാണോ അതോ അഖണ്ഡമായ ബ്രഹ്മന്റെ നിലപാടില്‍ നിന്നുകൊണ്ടാണോ നോക്കുന്നത് എന്നതാണത്. ശങ്കരന്‍ പറയുന്നത് ഇതാണ്. ഈ പ്രപഞ്ചം സത്യമാണെങ്കില്‍, ദൈവം എന്ന സങ്കല്‍പ്പവും സത്യമാണ്. കാരണം മായയുമായി ചേര്‍ന്ന്നില്‍ക്കുന്ന പരമ പ്രജ്ഞാനമാണ് സര്‍വ്വതിനും ഉള്ള സാദ്ധ്യതയായി നിലകൊള്ളുന്നത്. പ്രാപഞ്ചിക വീക്ഷണത്തില്‍ നിന്നും നോക്കുമ്പോള്‍ ദൈവം സത്യമായും നിലനില്‍ക്കുന്ന ഒന്നാണ്. പക്ഷേ, അഖണ്ഡമായ ബ്രഹ്മസത്യത്തിന്റെ വീക്ഷണത്തില്‍ നിന്നും നോക്കുമ്പോള്‍, ഈ പ്രപഞ്ചം പോലെ തന്നെ ദൈവ സങ്കല്‍പ്പങ്ങളും മിഥ്യയാണ്‌. ശങ്കരന്‍ ദൈവത്തെ ഒരു മാന്ത്രികനായി ഉപമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം അങ്ങിനെ ചെയ്യുന്നത് പ്രാപഞ്ചികമായ ഒരു വീക്ഷണത്തിലൂടെ അല്ല. ദൈവം തന്റെ ഇന്ദ്രജാല ശക്തി ഉപയോഗിച്ച്, ശരീര രൂപത്തില്‍ വേറിട്ട ഓരോരുത്തരായി   സദസ്സില്‍ ഇരിക്കുന്ന ആത്മാക്കള്‍ക്ക് കാണിച്ച് കൊടുക്കാന്‍ വേണ്ടി അനുവദിച്ച ഇന്ദ്രജാല വസ്തുക്കള്‍ അരങ്ങേറിയ ഒരു നാടകം ആണത്. ഒരു മാന്ത്രികനെ തന്റെ ഇന്ദ്രജാലം ഒരിക്കലും ബാധിക്കുകയില്ല. പക്ഷേ കാണികള്‍ക്ക് കാഴ്ച്ചയുടെ പുറകിലെ രഹസ്യം അറിയാത്തതുകൊണ്ട് കാണുന്ന മായാജാലം സത്യമാണെന്ന ഭ്രമത്തില്‍ പെട്ടുപോകുന്നു.

ഈ മായാഭ്രമത്തില്‍ നിന്നും ഉള്ള മോചനത്തിന് ദൈവത്തോടുള്ള ഗാഢസ്‌നേഹം അത്യന്താപേക്ഷിതമാണ്. പക്ഷേ, ബഹുമുഖമായ ഈ കച്ഛഭൂമിയില്‍ നിന്നും മോചനം നേടി അദ്വൈത വിജ്ഞാനത്തിന്റെ വെണ്ണക്കല്‍ പ്രതലത്തില്‍ എത്തിക്കഴിഞ്ഞവര്‍ക്ക്, പിന്നെ മായയുടെ വല വിരിച്ചു ഭ്രമിപ്പിക്കുന്ന ദൈവത്തെ പിന്തുടരേണ്ട ആവശ്യം ഇല്ല. “ജീവന്‍” എന്ന് വേദാന്തത്തില്‍ വിവക്ഷിക്കുന്നത് ഒരു വ്യക്തിയിലെ നിത്യ സത്യമായ സ്വ-ആത്മത്വം അജ്ഞതയുമായി കൂട്ട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയെ ആണ്. “ഈശ്വരന്‍” എന്ന് പറയുന്നത് ബ്രഹ്മന്‍ മായയും ആയിനില്‍ക്കുന്നതിനെ ആണ്. വേദാന്തം എന്നത്  ഇത് രണ്ടും കൂടി ചേര്‍ന്ന് ഏകതത്വത്തില്‍ നില്‍ക്കുന്ന, രണ്ടിനും അതീതമായ, ആ പരമമായ “തുരിയ” എന്ന പരമ-പ്രജ്ഞാനത്തില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ നല്‍കുന്ന ഒന്നാണ്.          

മനുഷ്യ ജീവിതവും “സ്വ-ആത്മത്വവും” 

മനുഷ്യന്‍ സ്വ-ആത്മത്വം, മനസ്സ്‌, പ്രാണന്‍, ശരീരം എന്നിവ കൂടിച്ചേര്‍ന്നു നില്‍ക്കുന്ന സ്ഥിതി ആണ്. ശരീരം സ്വ-ആത്മത്വം നിവസിക്കുന്ന ഇടം ആണ്. അതിനെ ജീവിതമാകുന്ന നഗരത്തിന്റെ ഏറ്റവും ഉള്ളിലുള്ള അന്ത:പ്പുരത്തിനോട്  ഉപമിക്കാം. ഈ പൊതു തത്ത്വം മനസ്സിലാക്കിക്കാനായി ശ്രീമത് മഹാഭാരതത്തില്‍ ഒരു മനോഹരമായ കഥയുണ്ട്. 

പണ്ടൊരിക്കല്‍ “ശാശ്വത”യുടെ ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ പരമാധികാരം പ്രയോഗിച്ച് ആസ്വദിക്കുന്നതിനായി, അതിനാവശ്യമായ ധനവും, ആഡംബരങ്ങളും, പ്രജകളും ഒക്കെ ഉള്ള ഒരു രാജ്യം അന്വേഷിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹം മനോഹരമായ ഒരു നഗരം കണ്ടെത്തി. അതിന് ചുറ്റും ഒന്‍പത് പ്രവേശന കവാടങ്ങളോട് കൂടിയ ഒരു മതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. അഞ്ച് പത്തികളുള്ള ഒരു രാജവെമ്പാല ആ നഗരത്തിന് കാവല്‍ ആയി നില്‍ക്കുന്നു. ആ നഗരത്തിന്‍റെ മതിലില്‍ എണ്ണമറ്റ അറകള്‍ ഉണ്ട്. ആ ഓരോ അറകളിലും, ആ നഗരത്തെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികള്‍ സദാ സമയവും നടന്നുകൊണ്ടിരുന്നു. നഗരമാകട്ടെ ഉജ്ജ്വലമായതും  ഐശ്വര്യം നിറഞ്ഞതും. നഗരത്തിന്റെ ദ്വാരപാലകന്‍ രാജകുമാരനെ ഹാര്‍ദവമായി വരവേറ്റു. രാജകുമാരന്‍ നേരേ രാജകൊട്ടാരത്തിലേക്ക് ചെന്നു. അതിന്‍റെ ഉദ്യാനത്തില്‍  പ്രൌഢയും സുന്ദരിയുമായ ഒരു രാജകുമാരി ഉലാത്തുന്നു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടി. പ്രഥമ ദര്‍ശനത്തില്‍ തന്നെ അവര്‍ അനുരാഗ ബദ്ധരായി. അധികം താമസിയാതെ, അവര്‍ വിവാഹിതരാവുകയും ചെയ്തു. കഥ പുരോഗമിക്കുമ്പോള്‍ അവര്‍ക്കു നിരവധി കുട്ടികളും, പേരക്കുട്ടികളും ഒക്കെ ആയിക്കഴിരിക്കുന്നു. രാജ്യഭരണവും, കുടുംബപരിപാലനവും ഒക്കെ കൊണ്ട് രാജകുമാരന്‍ തന്‍റെ സ്വന്തം ശാരീരികവും, മാനസികവും, ആത്മീയവും ആയ ആരോഗ്യം സംരക്ഷിക്കാന്‍ മറന്നുപോയിരുന്നു.

കഥയിലെ രാജകുമാരന്‍ വേറിട്ട ഒരു വ്യക്തിയായി നില്‍ക്കുന്ന സ്വ-ആത്മത്വം (ആത്മന്‍) ആണ് – ഇനി അങ്ങോട്ട്‌ സ്വ-ആത്മത്വത്തിനു, ആത്മന്‍ എന്ന വാക്ക് ഉപയോഗിക്കുന്നു. പരമമായ ബ്രഹ്മനില്‍ നിന്നും  അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ സ്വ-ആത്മത്ത്വത്തില്‍ നിന്നും ഉത്ഭവിച്ചതാണ് രാജകുമാരന്‍ എന്ന ആത്മന്‍. . അജ്ഞത മൂലം ചക്രവര്‍ത്തിയായ ബ്രഹ്മനെ വേര്‍പിരിഞ്ഞതാണ് രാജകുമാരന്‍. സ്വന്തം പരമാധികാരം ആസ്വദിക്കാന്‍ വേണ്ടി, രാജകുമാരന്‍ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് തനിക്കു പുറത്ത് ഒരു മായാരാജ്യം ഉണ്ടാക്കിയതാണ് അത്. നഗരം ശരീരത്തെ പ്രതിനിധാനം ചെയ്യന്നു. ഒന്‍പത് നഗര കവാടങ്ങള്‍ രണ്ട് കണ്ണുകള്‍, രണ്ടു ചെവികള്‍, രണ്ടു നാസികാ ദ്വാരങ്ങള്‍ , വായ്‌, മലദ്വാരം, മൂത്രദ്വാരം എന്നിവയും. ശരീരമാകുന്ന നഗരത്തെ സംരക്ഷിക്കുന്ന അഞ്ച് ഫണങ്ങള്‍, ഭൂമി, അഗ്നി, വെള്ളം, വായു, ആകാശം എന്നിവയാണ്. ശരീരത്തിനകത്ത് കോടിക്കണക്കിനു  കോശങ്ങളും അവയില്‍ ജീവകര്‍മങ്ങള്‍ അനസ്യൂതം നടന്നുകൊണ്ടേ ഇരിക്കുന്നു. ആത്മന്‍ എന്ന രാജകുമാരന്‍ ആഗ്രഹങ്ങള്‍ എന്ന ഉദ്യാനത്തില്‍ അലയുന്ന ബുദ്ധി എന്ന രാജകുമാരിയെ കണ്ട് മോഹിച്ച്, അജ്ഞത എന്ന പാശം കൊണ്ട് ബന്ധിച്ച്, ആ രാജകുമാരിയില്‍ അനുരക്തനാവുകയാണ്. അങ്ങിനെ ഇന്ദ്രിയഗോചരമായ വസ്തുക്കളെ ആസ്വദിക്കുവാന്‍  ആത്മന്‍ ബുദ്ധിയെ വിവാഹം കഴിക്കുകയാണ്. പക്ഷേ, ആത്മന്‍ ഈ ലോകത്തില്‍ വ്യാപൃതനായി സ്വന്തം സമാധാനം നഷ്ടപ്പെട്ട്, സ്വന്തം മൂല്യമായ അഖണ്ഡമായ സ്വഭാവവും മായിക ശക്തിയും വിസ്മരിച്ചു പോകുന്നു. അദ്ദേഹം തന്റെ തന്നെ മായാസൃഷ്ടിയില്‍ ഭ്രമിച്ച്, ഇന്ദ്രിയാനുഭവങ്ങള്‍ ഒരു യജമാനസ്ഥാനത്തു നിന്ന് ആസ്വദിക്കുന്നതിനു പകരം അതിന് ഇരയായിത്തീര്‍ന്ന തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ദ്രിയ നിവര്‍ത്തികള്‍ക്കായ് ആര്‍ത്തിയോടെ ചെയ്യുകയാണ് ചെയ്യുന്നത്. ആ വശ്യതയും ആസ്വാദനവും തന്റെ ചേതന ഊറ്റിക്കുടിച്ച് , അദ്ദേഹം സ്വയംകൃതമായ വിഷമങ്ങളില്‍ മുങ്ങിപ്പോകുന്നു. 

ഒരു ദിവസം, മരണത്തിന്റെ മകളായ വാര്‍ദ്ധക്യം എന്ന വൃദ്ധകന്യക നഗരത്തില്‍ വന്നു. അവര്‍ ഈ ലോകം മുഴുവനും തേടി നടക്കുകയായിരുന്നു തനിക്കു അനുയോജ്യനായ ഒരു കൂട്ടുകാരനെത്തേടി. ആരെങ്കിലും കണ്ടെത്തി അവരോട് വിവാഹത്തിനപേക്ഷിക്കാന്‍ തുടങ്ങുമ്പോഴേക്കും, അവരുടെ ആലിംഗന മാത്രയില്‍ തന്നെ പ്രതിശ്രുത വരന്‍ മോഹാലസ്യപ്പെട്ടു വീണ്, സ്വന്തം ശാരീരിക സാന്നിദ്ധ്യം നിലനിര്‍ത്താന്‍ ആകാതെ, മരണ വക്രത്തിലേക്ക് വഴുതിവീണു പോകുന്നു. വാര്‍ദ്ധക്യം രാജകുമാരനെ  വശീകരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഇന്ദ്രിയാനുഭവങ്ങള്‍ക്കായുള്ള  അതിയായ അനുവര്‍ത്തനം മൂലം അവരുടെ ആലിംഗനത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. അവരുടെ സ്വഭാവത്തിന് അനുസൃതമായി, അവര്‍ രാജകുമാരന്റെ ശക്തിയും ഊര്‍ജവും ഊറ്റിക്കുടിക്കുവാന്‍ തുടങ്ങി. അതിനെ തുടർന്ന് രാജകുമാരന് തന്റെ തന്നെ ഉള്ളില്‍ ഉള്ള ആത്മശക്തിയില്‍ നിന്നും ശക്തി സമാഹരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും തത് ഫലമായി ക്ഷീണം, നിരാശ, വൈമനസ്യം, ഏകാന്തത, ആശാഭംഗങ്ങള്‍ എന്നീ ദിരിതങ്ങള്‍ക്ക് ഇരയായി തീരുകയും ചെയ്തു. അത് മാത്രമല്ല, രോഗം, ദുഃഖം, മറ്റുപല മാനസികകാരണങ്ങളാലുണ്ടാകുന്ന ശാരീരികരോഗങ്ങള്‍, എന്ന് തുടങ്ങിയ ശത്രുക്കള്‍ മരണം എന്ന തലവന്റെ നേതൃത്വത്തില്‍ നഗരത്തെ ആക്രമിക്കുകയും ചെയ്തു. പാവം കാവല്‍ നില്‍ക്കുന്ന അഞ്ച് ഫണങ്ങള്‍ ഉള്ള സര്‍പ്പം (പഞ്ചഭൂതങ്ങള്‍), ദീര്‍ഘനാളായുള്ള അവഗണനകൊണ്ട് വളരെ ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. സര്‍പ്പം നഗരം രക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്തു എങ്കിലും പ്രയോജനം ഉണ്ടായില്ല. വൃദ്ധനായ രാജകുമാരന്‍ തന്റെ മന്ത്രിമാരേയും, സൈന്യത്തേയും വരുത്തി അവരോടും, രാജ്യത്തെ പ്രജകളോടും തന്നെ രക്ഷിക്കാന്‍ ആജ്ഞാപിച്ചു.  പക്ഷേ, അപ്പോഴേക്കും വളരെ താമസിച്ചു പോയിരുന്നു. പക്ഷേ ഭയം മൂലം അവരാരും തന്നെ അദ്ദേഹത്തിന്റെ ആജ്ഞയോട് പ്രതികരിച്ചില്ല. അവസാനം, പാവപ്പെട്ട രാജകുമാരന്‍ മരണത്തിന്റെ കൈകളില്‍ കീഴടങ്ങി. പക്ഷേ അപ്പോഴും അദ്ദേഹത്തിന് ഒരിക്കലും  തന്റെ തന്നെ അജയ്യവും, അനന്തവും ആയ ശക്തി മനസ്സിലായിരുന്നില്ല. അദ്ദേഹം കീഴടങ്ങുമ്പോള്‍, ഭാര്യയെ ദയനീയമായി നോക്കി. അപ്പോള്‍ അവര്‍ യാതൊരു താത്പര്യവും ഇല്ലാത്ത മട്ടില്‍ കൈകാട്ടി മംഗള യാത്ര ചൊല്ലിയപ്പോള്‍, അദ്ദേഹം ഞെട്ടിപ്പോയി. അപ്പോള്‍ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി. “ബുദ്ധി” എന്നത് ബോധമില്ലാത്ത ഒന്നാണെന്നും, തന്‍റെ നാഥന്റെ സാന്നിദ്ധ്യം തന്നില്‍ നിന്നും  വേര്‍പെടുമ്പോള്‍ ചിന്തിക്കുക എന്നത് ബുദ്ധിയുടെ സ്വഭാവം അല്ല എന്നും, അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹത്തിന് ഒരു കാര്യം കൂടി മനസ്സിലായി. ഇതുവരെ ബുദ്ധിക്ക് ചിന്തിക്കാന്‍ കഴിയുമെന്ന് തന്നെക്കൊണ്ട് തോന്നിപ്പിച്ചത്, തന്റെ തന്നെ പ്രജ്ഞയുടെ ശക്തി കൊണ്ടാണെന്നും, ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന സുഖങ്ങളുടെ പുറകെ ഇത്രനാളും ഓടിയ താന്‍ ഒരു വിഡ്ഢിയാണെന്നും.

ഇതുതന്നെ ആണ് ഒരു മനുഷ്യന്റെയും കാര്യം. വളരെ വൈകിയാണ് മനുഷ്യനും തന്റെ തെറ്റുകളും, തന്റെ തന്നെ ബുദ്ധിയും അതുപോലെ തനിക്കുള്ള മറ്റു കഴിവുകളും ആയി തന്റെ ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തിരിച്ചറിയുന്നത്‌.

അഞ്ച് കവചങ്ങള്‍ അല്ലെങ്കില്‍ കോശങ്ങള്‍                 

ഹൃദയത്തിന്റെ ഏറ്റവും ഉള്ളിലെ അറയിലാണ് ആത്മന്‍ മറഞ്ഞിരിക്കുന്നത്. അഞ്ച് കവചങ്ങള്‍ ആത്മനെ ആവരണം ചെയ്തിരിക്കുന്നു. മനുഷ്യ ജീവന്‍ എന്ന് പറയുന്നത് ആ അഞ്ച് കവചങ്ങളും ആത്മനും ചേര്‍ന്നതാണ്. അഞ്ച് കവചങ്ങള്‍ ഭൌതിക കവചം, ഊര്‍ജ കവചം, മാനസിക കവചം, വിവേക കവചം, നിര്‍വൃതി കവചം എന്നിവയാണ്.  ഭൌതിക കവചത്തിന്റെ അഞ്ച് സ്ഥൂല മൂലകങ്ങള്‍ ത്വക്ക്, രക്തം,മാംസം, അസ്തി, മജ്ജ, അസ്ഥിയുടെ കെട്ടുനാരുകള്‍ എന്നിവയാണ്. ഭൌതിക കവചത്തിനെ ആഹാര കവചം എന്നും പറയും. കാരണം അത് ആഹാരത്തിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതും, ആഹാരം കൊണ്ടാണ്‌ നിര്‍മിച്ചിരിക്കുന്നതും. ആത്മന്റെ ഏറ്റവും പുറമേ ഉള്ള, ഏറ്റവും സ്ഥൂലമായ മുഖാവരണം ഇതാണ്. അടുത്ത കവചം ഊര്‍ജകവചം (അല്ലെങ്കില്‍ പ്രാണ കവചം) കൂടുതല്‍ സൂക്ഷമായിട്ടുള്ളതാണ്. മനുഷ്യനിലെ ഊര്‍ജകവചത്തിന്റെ ഭൌതികതലത്തിലെ പ്രകടനം ശ്വാസോച്ഛ്വാസമായിട്ടാണ്. പ്രാണന് പത്തു സൂക്ഷമനിലകളുണ്ട്. മനുഷ്യന്റെ  ജീവസന്ധാരണരസതന്ത്രം ഈ പത്തു സൂക്ഷ്മ പ്രാണനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. ഊര്‍ജ കവചത്തെക്കാള്‍ കൂടുതല്‍ സൂക്ഷ്മമായതാണ് മാനസിക കവചം. ആന്തരികമായ ധാരണാ ശക്തിയുടെ അഞ്ച് ഉപകരണങ്ങള്‍ ആണ് ഈ കവചം: മനസ്സ്‌ എന്ന താഴ്ന്ന മനസ്സ്‌, അഹങ്കാരം, ബുദ്ധി, ചിത്തം (മന:സാമഗ്രി). ഈ കവചത്തിനും അകത്തുള്ളതാണ് വിവേക കവചം. അതിലൂടെ ആണ് സനാതനമായ അറിവുകള്‍ ബുദ്ധിയിലേക്ക് പകരുന്നത്. ഏറ്റവും ഉള്ളിലെ കവചമാണ് നിര്‍വൃതി കവചം.  ഈ കവചത്തെ ബ്രഹ്മന്‍ ആയി ധരിച്ചു  ആശയക്കുഴപ്പത്തിലാകരുത്. ബ്രഹ്മന്റെ പ്രധാനമായ സ്വഭാവം ശുദ്ധമായ ബ്രഹ്മാനന്ദമാണ്.  അതുമായി തുലനം ചെയ്യുമ്പോള്‍ ഈ ആനന്ദത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് വ്യാജമായ ആനന്ദമാണ്. ഈ നിലയിലുള്ള നമ്മിലെ നാം (ആത്മന്‍) നമ്മുടെ അടിസ്ഥാന സ്വഭാവത്തിന്റെ സാക്ഷാത്‌കാരത്തിനോട് വളരെ അടുത്താണ് നില്‍ക്കുന്നത്. പക്ഷേ അതിന്‍റെ മുഴുവന്‍ പ്രതാപവും, പൂര്‍ണതയും കാണാന്‍ തക്കവണ്ണം സ്വതന്ത്രമായിട്ടില്ല എന്ന് മാത്രം.

നമ്മിലെ നമുക്ക് (ആത്മന്‍ എന്ന അവബോധം) ശരീരം ഉണ്ട്. പക്ഷേ ആ ശരീരമല്ല നമ്മള്‍ അല്ലെങ്കില്‍  ആത്മന്‍. ആത്മന്‍ ഇന്ദ്രിയങ്ങള്‍ക്കും ഇന്ദ്രിയഗോചരങ്ങളായ വസ്ത്തുക്കള്‍ക്കും അടിമപ്പെട്ടുപോകുന്നു. അതിനു കാരണം ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്‌ പിന്നെയുമുള്ള കവചങ്ങള്‍ ഇവ ഒക്കെയും ആയി ആത്മന്‍  താദാത്മ്യംപ്രാപിച്ച് പോകുന്നതാണ്. ആത്മാവിന് തന്റെ അടിസ്ഥാന ഭാവം ഓര്‍മവരുന്ന നിമിഷം, ഈ പഞ്ചകോശങ്ങള്‍ തന്റെ സുഖാസ്വാദനത്തിന് വേണ്ടി മാത്രം നല്‍കപ്പെട്ടതാണെന്ന്  മനസ്സിലാക്കി അതിനിന്നും സ്വയം വിച്ഛേദിച്ച് നില്‍ക്കപ്പെടും. അതിനു ശേഷം ഈ ലോകത്തിന്റെ വശ്യതയും പ്രലോഭനങ്ങളും തീരെ ബാധിക്കുകയേ ഇല്ല. വേദാന്ത സമ്പ്രദായം കവചകങ്ങളുടെ പ്രാധാന്യത്തെ തിരസ്കരിക്കുന്നില്ല. പക്ഷേ, അതുമായി താദാത്മ്യം പ്രാപിച്ച് നില്‍ക്കാതെ അതിനും അതീതമായി ചെന്ന് സനാതന ജീവനം ആസ്വദിക്കണം എന്ന് നമ്മെ ഓര്‍മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

സ്ഥൂലം ശരീരം, സൂക്ഷ്മ ശരീരം, കാരണ എന്നിങ്ങനെ. സ്ഥൂല ശരീരം എന്നത് ആഹാര കവചം തന്നെ. ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലെ വസ്തുവകകള്‍ പ്രജ്ഞാനം ശരീരത്തില്‍ വ്യാപൃതമായ നില ആണ്. സൂക്ഷ്മ ശരീരം എന്നത് ഊര്‍ജം, മനസ്സ്‌, വിവേകം എന്ന കവചങ്ങള്‍ എല്ലാം കൂടി ചേര്‍ന്നതാണ്. പ്രജ്ഞാനം ഇപ്പറഞ്ഞ  ശരീരത്തില്‍ വ്യാപൃതമായ നിലയാണ് അന്തര്‍ഗതങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകം. കാരണ ശരീരം എന്നത്  നിര്‍വൃതി കവചം തന്നെ. അഗാധമായ സുഷുപ്തിക്ക് തുല്ല്യം ആണത്. ഉപനിഷത്തുക്കള്ളില്‍, പ്രജ്ഞാനം ഈ മൂന്നുവിധത്തിലുള്ള ശരീരങ്ങളെയും ആവരണം ചെയ്തിരിക്കുന്നത്, യഥാക്രമം വൈശ്വാനരന്‍, തൈജസ, പ്രജ്ഞാന എന്നിങ്ങനെ  ആണ് അറിയപ്പെടുന്നത്.

അഞ്ച് സ്ഥൂല മൂലകങ്ങള്‍ അടങ്ങിയ ശരീരം ആണ് ഏറ്റവും  സാന്ദ്രമായ ഉപകരണം. അത് ഉപയോഗിച്ചു വേണം ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍. അത് ആരോഗ്യപൂര്‍ണവും നല്ല നിലയില്‍ പ്രവത്തിക്കുന്നതും ആയില്ലെങ്കില്‍, ഒരാളുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ വിലങ്ങു തടി ആയിരക്കും അത്. ശാരീരിക ആരോഗ്യം ആശ്രയിച്ചു നില്‍ക്കുന്നത് അതിനെ ഭരിക്കുകയും, നിയന്ത്രിക്കുകയും, പരിപോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു സൂക്ഷ്മശക്തിയെ ആണ്. ശരീരത്തെ നിലനിര്‍ത്തുന്ന ആ സൂക്ഷ്മ ശക്തി ആണ് പ്രാണന്‍.

പ്രാണന്‍. വ്യക്തിവൈശിഷ്‌ട്യത്തിന്റെ എല്ലാ നിലകളെയും സംരക്ഷിക്കുന്നത് പ്രാണന്റെ ശരിയായ പ്രവര്‍ത്തനം കൊണ്ടാണ്‌. ഈ ജവശക്തി തന്നെ ആണ് ശരീരത്തിന്റെയും മനസ്സിന്റെയും ഇടയിലെ കണ്ണിയും. പ്രാണന്റെ  ഏറ്റവും സാന്ദ്രമായ പ്രകടനം ശ്വാസം ആണ്. എല്ലാ ശാരീരിക പ്രതിഭാസങ്ങളും ശ്വാസത്തില്‍ പ്രതിഫലിക്കുന്നു, ശ്വാസത്തിലൂടെ മനസ്സില്‍ പ്രതിഫലിക്കുന്നു. അങ്ങിനെ ശരീരവും മനസ്സും തമ്മിലുള്ള പരസ്‌പരപ്രവര്‍ത്തനത്തില്‍  ശ്വസനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ശരീരത്തിന്നേയും മനസ്സിന്നേയും അത് ചെയ്യുന്ന കര്‍ത്തവ്യങ്ങളേയും ജീവന്‍റെ സ്രോതസ്സ്‌ ആയ പ്രാണന്‍ ചൈതന്യവത്താക്കുന്നു. ശ്വാസം നിലക്കുമ്പോള്‍ ശാരീരികവും മാനസികവും ആയ എല്ലാ പ്രവര്‍ത്തനങ്ങളും നിലക്കുന്നു. ഉപനിഷത്തുക്കളില്‍ പ്രാണനെ തേനീച്ചകളുടെ ഇടയിലെ റാണി ആയിട്ടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. റാണി പറന്ന് പോകുമ്പോള്‍, ബാക്കി ഉള്ള എല്ലാ തേനീച്ചകളും (എല്ലാ മാനസിക-ശാരീരിക ഊര്‍ജങ്ങളും  പ്രവര്‍ത്തനങ്ങളും) പറന്ന് പോകുന്നു. പ്രാണനാകുന്ന തേനീച്ച റാണി ഇരിക്കുമ്പോള്‍, മറ്റെല്ലാ തേനീച്ചകളും ഒപ്പം വന്നു അവള്‍ക്കു ചുറ്റും ഇരിക്കുന്നു. അങ്ങിനെ, ശരീരത്തിന്റെയും, മനസ്സിന്‍റെയും പ്രവര്‍ത്തനങ്ങള്‍  പ്രാണന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. പ്രാണന്‍ പൊരുത്തത്തോടെ ഒഴുകുകയാണെങ്കില്‍,  ശരീരത്തിലും മനസ്സിലും പൊരുത്തം ഉണ്ടാകും. അതുകൊണ്ട്, ശ്വാസം ആണ് മനസ്സിന്റെയും ശരീരത്തിന്റെയും രഹസ്യങ്ങള്‍ തുറക്കുന്ന താക്കോല്‍ ആയി കരുതപ്പെട്ടിരിക്കുന്നത്. മനസ്സിന്റെ എല്ലാ അവസ്ഥകള്‍ക്കും അതീതമായി പോകാനുള്ള വാതില്‍ തുറന്നു തരുന്നതും ശ്വാസം തന്നെ.

മനസ്സ്. ഒരു മനുഷ്യന്റെ അടുത്ത നില മനസ്സാണ്. മനസ്സിനെ കുറിച്ചുള്ള വേദാന്ത സങ്കല്‍പ്പങ്ങള്‍ മറ്റു ഭാരതീയ ദര്‍ശങ്ങളിലെ സങ്കല്‍പ്പങ്ങളില്‍ നിന്നും വളരെ വിഭിന്നമാണ്. വേദാന്തം പറയുന്നത് മനസ്സ്‌, ബാഹ്യ അനുഭവങ്ങളെ ഏറ്റുവാങ്ങി ആത്മാവിലേക്ക് സംപ്രേക്ഷണംചെയുന്ന ഒരു ആന്തരിക ഉപകരണം (അന്ത:ക്കരണം) ആണെന്നാണ്‌. യോഗയില്‍ – “ചിത്തം” – എന്ന ഒരൊറ്റ പേരുമാത്രമേ  ഈ ആന്തരിക ഉപകരണത്തിന് ഉള്ളൂ. പക്ഷേ സാംഖ്യ സമ്പ്രദായത്തില്‍ മനസ്സിനെ  മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടാണ്  പഠിച്ചിരിക്കുന്നത്‌: ബുദ്ധിയും,   അഹങ്കാരവും, പിന്നെ കീഴ് മനസ്സും. പക്ഷേ, വേദാന്തത്തില്‍ മനസ്സിനെ നാലായിട്ടാണ് ഭാഗിച്ചിരിക്കുന്നത്: കീഴ്‌ മനസ്സ്, അഹങ്കാരം, മന:സാമഗ്രികള്‍, പിന്നെ ബുദ്ധിയും. കീഴ്‌ മനസ്സ് ആണ് വികാരങ്ങളേയും, അനുഭൂതികളേയും ബാഹ്യലോകത്തുനിന്നും ബുദ്ധിയിലൂടെ കയറ്റുകയും  ഇറക്കുകയും ചെയ്ത് സ്വ-ആത്മത്വത്തിന് എത്തിച്ചുകൊടുക്കുന്നത്. അഹങ്കാരം എന്ന ശക്തി മൂലമാണ് “ഞാന്‍”എന്ന ഭാവം ഉണ്ടാകുന്നത്. ബാഹ്യലോകത്തിലെ വസ്തു വകകളോട്  ഒരു ദ്വൈതഭാവത്തോടെ ഒന്നുകില്‍ അഭിനിവേശമോ അല്ലെങ്കില്‍  വെറുപ്പോ സൃഷ്ടിച്ചുകൊണ്ടാണ് അത് പ്രതികരിക്കുന്നത്.  മന:സാമഗ്രികള്‍ (ചിത്തം) എന്നത് ഓര്‍മകള്‍ സൂക്ഷിച്ചുവക്കുന്ന ഒന്നാണ്. കീഴ്‌മനസ്സിലും, ബുദ്ധിയിലും, അഹങ്കാരത്തിലും  കയറി ഇറങ്ങി പോകുന്ന സര്‍വ്വതിനേയും അത് സൂക്ഷിച്ചുവച്ച്,  ഇടക്കിടക്ക് അവയെ കീഴ്മനസ്സിന്റെ പ്രതലങ്ങളിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. ബുദ്ധി എന്നത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. സ്വ-ആത്മത്വത്തിനോടു അടുത്ത് നില്‍ക്കുന്ന മനസ്സിന്റെ ഒരു ഭാവമാണത്. തേജസ്സുള്ള അല്ലെങ്കില്‍ പ്രകാശമാനമായ “സത്വ” എന്ന ഒരു ഗുണമാണ് ബുദ്ധിക്കു പ്രധാനമായും ഉള്ളത്.  പാശ്ചാത്യ മന:ശാസ്ത്രത്തില്‍ കീഴ്മനസ്സ്, അഹങ്കാരം, ബുദ്ധി എന്നത് ബോധമനസ്സാണ്. ചിത്തം എന്നത് ഉപബോധമനസ്സും.

നമ്മുടെ നിത്യജീവിതത്തില്‍ ഇന്ദ്രിയാനുഭവങ്ങള്‍ ബുദ്ധിയില്‍ വന്നു ചേരുന്നത് ഒരു പ്രത്യേക രീതിയിലാണ്.  ആദ്യം ഇന്ദ്രിയവും, ഇന്ദ്രിയവിഷയവും തമ്മില്‍ സമ്പര്‍ക്കം ഉണ്ടാകുന്നു. ഇന്ദ്രിയം ആ അനുഭവത്തെ ആദ്യം എത്തിക്കുന്നത് കീഴ്മനസ്സിലേക്ക് ആണ്. കീഴ് മനസ്സ്‌ ആ അനുഭവത്തെ വിശകലനം ചെയ്ത് തീരുമാനിച്ചതിനു ശേഷം അഹങ്കാരത്തിലേക്ക് അയക്കുന്നു. അതിനേ തുടര്‍ന്ന്  അഹങ്കാരം ആ അനുഭവവും ആയി ഒരു നിശ്ചിതമായ ബന്ധം സ്ഥാപിക്കുന്നു. ഒന്നുകില്‍ ആ അനുഭവത്തെ നിരാകരിച്ചുകൊണ്ടോ അല്ലെങ്കില്‍ അതിനോട് ഒരു അഭിനിവേശം പുലര്‍ത്തിക്കൊണ്ടോ ആണത് ചെയ്യുന്നത്. ഒരു ലൌകികാനുഭവം സുഖകരമായി ഭവിക്കുമ്പോള്‍,  അഹങ്കാരം ആവസ്തുവും ആയി താദാത്മ്യം പ്രാപിച്ച് ആ വസ്തുവിനെ സ്വീകാര്യതകൊണ്ടും ആസക്തികൊണ്ടും നിറം പിടിപ്പിച്ചിട്ടാണ് ബുദ്ധിയിലേക്ക് അയക്കുന്നത്. ഒരു  ലൌകികാനുഭവം അസന്തുഷ്‌ടമായ ഒന്നാണെങ്കില്‍, അപ്പോഴും അഹങ്കാരം ആവസ്തുവും ആയി താദാത്മ്യം പ്രാപിച്ച് ആ വസ്തുവിനെ നിരാകരണം കൊണ്ടും, വികര്‍ഷണം കൊണ്ടും നിറം പിടിപ്പിച്ചതിനു ശേഷം ആണ് ബുദ്ധിയിലേക്ക് അയക്കുന്നത്. ബുദ്ധി, അഹങ്കാരം  തനിക്കയച്ചു നല്‍കിയ അനുഭവത്തെ വിശകലനം ചെയ്ത്, സ്വീകരിക്കാനോ, തിരസ്കരിക്കാനോ ഉള്ള അന്തിമ തീരുമാനം എടുക്കുന്നു. ബുദ്ധിശക്തിയാണ് മനസ്സിന്റെ കഴിവുകളില്‍ പരമോന്നത സ്ഥാനം വഹിക്കുന്നത്. അതാണ്‌ കീഴ്മനസ്സും, അഹങ്കാരവും അയച്ചുതന്ന വിവരം ഉപയോഗിച്ച്  എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത്. അതാണ്‌ ഒരു വ്യക്തിയുടെ മുഴുവന്‍ വ്യക്തിത്വത്തേയും നിയന്ത്രിക്കുന്നത്‌.

ഇന്ദ്രിയങ്ങള്‍ മുതല്‍ ബുദ്ധിശക്തി വരെയുള്ള അനുഭവങ്ങളുടെ ഈ സംപ്രേക്ഷണത്തിന്റെ ഓരോഘട്ടങ്ങളും, “ചിത്തം” എന്ന് വിവക്ഷിക്കുന്ന  അബോധമനസ്സിന്റെ ബ്രുഹത്തായ തിരശീലയില്‍ ആലേഖനം ചെയ്യപ്പെടുന്നുണ്ട്. ഉണര്‍ന്നിരിക്കുന്ന ബോധാവസ്ഥയില്‍ കീഴ്മനസ്, അഹങ്കാരം, ബുദ്ധി എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അബോധമനസ്സിന്റെ വലിയ മണ്ഡലം ഇവയുടെ എല്ലാം പുറകില്‍ മറഞ്ഞാണ്‌ ഇരിക്കുന്നത്. ഒരു  കമ്പ്യൂട്ടര്‍ വിവരങ്ങള്‍ സംരക്ഷിച്ചുവക്കുന്നതുപോലെ ഇവിടെ ആണ് സര്‍വ്വ അനുഭവങ്ങളും സൂക്ഷിച്ചുവച്ചിരിക്കുന്നത്‌. അബോധമനസ്സ് മറ്റൊരു പ്രവര്‍ത്തനം കൂടി നിര്‍വഹിക്കുന്നുണ്ട്. ബോധമനസ്സ് ശാന്തമായും ഇന്ദ്രിയങ്ങള്‍ ബാഹ്യമായ  ഇന്ദ്രിയ വസ്തുക്കളുമായി സമ്പര്‍ക്കം ഇല്ലാതെ ഇരിക്കുകയും ചെയ്യുന്ന അവസരങ്ങളില്‍, കഴിഞ്ഞ കാലത്തെ ശാരീരികവും, മാനസികവും ആയ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മുദ്രണങ്ങള്‍, ചിത്തം എന്ന ഓര്‍മകളുടെ ശയ്യയില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. മിക്കവാറും എല്ലാ ഓര്‍മകളും, ഉത്കണ്ഠകളും ഒക്കെ തന്നെ അബോധമനസ്സുമായി ബന്ധപ്പെട്ടതാണ്. മുഴുവന്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള വിവരങ്ങളും അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നതായി പറയപ്പെടുന്നു; വേദാന്തം അതുകൊണ്ട് ഇങ്ങിനെ പറയുന്നു. “ഏതാണോ പുറത്തുള്ളത്, അത് അകത്തും ഉണ്ട്. സ്ഥൂലപ്രപഞ്ചവും സൂക്ഷ്മപ്രപഞ്ചവും ഒന്നു തന്നെ.”  ബാഹ്യലോകത്തു നിന്നും അതുപോലെ തന്നെ ആന്തരിക ലോകത്തുനിന്നും ഉദിക്കുന്ന, അനുചിതമായി വിശകലനം ചെയ്യപ്പെട്ട  വികാരങ്ങളും, ഇന്ദ്രിയാനുഭവങ്ങളും വേദാന്ത സമ്പ്രദായം നിയന്ത്രിക്കുന്നതില്‍ ഒരുപോലെയുള്ള പ്രാധാന്യം കൊടുക്കുന്നുണ്ട്. വിശകലനം ചെയ്യാപ്പെടാതേയും, തെറ്റിദ്ധരിക്കപ്പെട്ടിട്ടും ലഭിക്കുന്ന  ലൌകിക വസ്തുക്കളില്‍ നിന്നും ഉദിക്കുന്ന ഇന്ദ്രിയാനുഭവങ്ങള്‍ ജീവിതത്തിന്റെ അന്ത:ര്‍ പഥങ്ങളില്‍ പര്യവേക്ഷണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നമുക്കു നിഷേധിക്കുന്നു. അതുപോലെ തന്നെ ചിത്തത്തില്‍ നിന്നും ഉദിക്കുന്ന  ഓര്‍മകളായി നിലകൊള്ളുന്ന ഇന്ദ്രിയാനുഭവങ്ങളും വികാരങ്ങളും നമ്മെ ആന്തരികമായി ചുഴിഞ്ഞു പരിശോധിക്കുന്നതിന് അനുവദിക്കുന്നില്ല.

സ്വ-ആത്മത്വം: ഈ പറഞ്ഞ എല്ലാ പ്രാപ്തികളും ബോധപൂര്‍വമായി പ്രവര്‍ത്തനക്ഷമമാകുന്നത് പ്രജ്ഞാനവുമായി അവക്കുള്ള ബന്ധം മൂലമാണ്. പ്രജ്ഞാനം ഇല്ലാതെ വരുമ്പോള്‍  അവയെല്ലാം വെറും നിര്‍ജീവമായ നിശ്ചേഷ്ടവസ്തുക്കള്‍. ബുദ്ധിക്ക് ബുദ്ധിശക്തി ലഭിക്കുന്നത് ഈ സ്രോതസ്സില്‍ നിന്നാണ്. പ്രാണന് ചേതന ലഭിക്കുന്നത് ഈ സ്രോതസ്സില്‍ നിന്നാണ്. ശരീരം വളര്‍ന്നു പ്രവര്‍ത്തനക്ഷമമാകുന്നത് ഈ സ്രോതസ്സിന്റെ  പ്രഭാവം കൊണ്ടാണ്‌. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഈ സ്രോതസ്സുമായി ഒന്നായി ചേരുക എന്ന കര്‍മത്തിന്റെ സാഫല്യമാണ്.

മുക്തിയും അതിനുള്ള മാര്‍ഗങ്ങളും.

 യഥാര്‍ത്ഥത്തില്‍  ബന്ധനത്തിനോ മുക്തിയ്ക്കോ വേദാന്ത സമ്പ്രദായത്തില്‍ സ്ഥാനമില്ല. നിലനില്‍പ്പുള്ള ഒന്നേ ഉള്ളൂ – സ്വ-ആത്മത്വം ഒന്നുമാത്രം. സ്വ-ആത്മത്വത്തിന് പുറമേ, വേറെ ഒന്നുമില്ല ബന്ധനമാകുന്ന പാശം കൊണ്ട് ബന്ധിതമാക്കാന്‍. സ്വ-ആത്മത്വം സര്‍വ വ്യാപിയും അനന്തവും ആണ്. അതുകൊണ്ട് തന്നെ, സ്വ-അത്മത്വത്തിന്റെ  ബഹുഗുണങ്ങളും മാറി മാറി വരുന്ന വ്യതിയാനങ്ങളും കണ്ട് തെറ്റിദ്ധരിക്കുകയോ തെറ്റായി മനസ്സിലാക്കുകയോ ചെയ്യപ്പെട്ടു പോകുന്നതാണ് അത്. ഇത്തരം തെറ്റിദ്ധാരണകള്‍ കൊണ്ട് സ്വ-ആത്മത്തിനു ഒരു മാറ്റവും വരുന്നില്ല. ലോക നിയമങ്ങളും, വ്യവസ്ഥകളും, നിയന്ത്രണങ്ങളും ഒന്നും സ്വ-ആത്മത്വത്തിനെ ബാധിക്കുന്നില്ല. പക്ഷേ, അതുമൂലം ഒരുവന് നിരന്തരമായി അനുഭവിക്കേണ്ട  സന്തോഷത്തിന്റെയും നിര്‍വൃതിയുടെയും  അവബോധം നഷ്ടപ്പെട്ടുപോകുന്നു. വേദാന്ത സമ്പ്രദായത്തില്‍ മുക്തി എന്ന് ഉദ്ദേശിക്കുന്നത് അജ്ഞാനത്തിന്റെ മൂടുപടം ഉപേക്ഷിച്ച് ഒരുവന് തനതായിട്ടുള്ള നിര്‍വൃതി, അറിവ്, പ്രജ്ഞാനം എന്നീ മുഖ്യസ്വഭാവങ്ങള്‍ തിരികെ സ്വായത്തമാക്കുക എന്നതിനെ മാത്രമാണ്. മുക്തി എന്നത് ഒരു നേട്ടമല്ല. നമ്മില്‍ തന്നെ അതിനുമുന്‍പേ കുടികൊള്ളുന്ന സത്യത്തിന്റെ വെറും തിരിച്ചറിവാണ് മുക്തി. അത് ഒരുവന്റെ യഥാര്‍ത്ഥ സ്വഭാവത്തെകുറിച്ചുള്ള വെറും ബുദ്ധിപരമായ ഒരു അറിവല്ല. നേരേ മറിച്ച് യഥാര്‍ത്ഥത്തില്‍ ഉള്ള സാക്ഷാത്കാരവും, ആന്തരിക മനോഭാവത്തിന്റെ പരിവര്‍ത്തനവും ആണ്.    

ഒരിക്കല്‍ ബന്ധനം എന്ന ഒന്നുണ്ടെന്ന് അംഗീകരിച്ചാല്‍, അപ്പോള്‍ പിന്നെ മുക്തി എന്ന സങ്കല്‍പ്പവും തീര്‍ച്ചയായും നിലനില്‍പ്പുള്ള ഒന്നു തന്നെ ആണ്. ബന്ധനവും മുക്തിയും പരസ്പരം ധ്വനിപ്പിക്കുന്ന ഒന്നാണ്. ഒന്ന്‌ മറ്റേതിനെ ആശ്രയിച്ച് നില്‍ക്കുന്ന ഒന്നും ആണ്. ശങ്കരന്‍ തന്റെ ഗുരുവിന്റെ ഗുരുനാഥന്റെ കാഴ്ചപ്പാടാണ് പിന്തുടര്‍ന്നത്‌. അതനുസരിച്ച് ആരും പൂര്‍ണരോ അപൂര്‍ണരോ അല്ല.  കാര്യസിദ്ധി പ്രാപിച്ചവരോ പ്രാപിക്കാത്തവരോ, പ്രാപിക്കാന്‍ പോകുന്നവരോ ആകുന്നില്ല.  ബന്ധനമെന്നോ മോചനമെന്നോ ഒന്നില്ല. ഇതാണ്  അഖണ്‌ഡമായ സത്യം. കാരണം, ആ വാക്കുകളോ അതില്‍ അടങ്ങിയിരിക്കുന്ന സങ്കല്‍പ്പങ്ങളോ  എല്ലാം തന്നെ സ്വയം അസാധുവായ ദ്വൈതഭാവനകളാണ്. ദ്വൈതങ്ങള്‍ക്ക് അതീതമായ സ്ഥിതിയാണ് അഖണ്‌ഡമായ സത്യം. അതുതന്നെയാണ്  മനുഷ്യന്റെ അനുധാവനവും.

വേദാന്ത ദാര്‍ശനികര്‍ താഴെ പറയുന്ന ഒരു കഥയാണ്ബന്ധനത്തിന്റെയും മുക്തിയുടേയും സ്വഭാവം ചിത്രീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാറുള്ളത്. പണ്ടൊരിക്കല്‍ ഒരു അലക്ക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക്‌ ഒരു കഴുതയും. അയാള്‍ ഒരുദിവസം ഒരു കയര്‍ എടുത്തു അതിന്റെ ഒഴിഞ്ഞ അറ്റം കഴുതയെ കാണിച്ചിട്ട് അതിന്റെ കഴുത്തില്‍ ചുറ്റുന്നതുപോലെ കാണിച്ചിട്ട് അതിനെ ഒരുകുറ്റിയില്‍ കേട്ടിയിടുന്നതായി നടിച്ചു. പാവം കഴുത. തന്നെ കെട്ടിയിട്ടിരിക്കുന്നതായി ധരിച്ച് ആ കുറ്റിയുടെ ചുറ്റുമായി മാത്രം നിന്നു. പിറ്റേ ദിവസം അലക്കുകാരന്‍  തന്റെ മകനെ ആ കഴുതയെ കൊണ്ടുവരുന്നതിനായി പറഞ്ഞയച്ചു. പക്ഷേ ആ കുട്ടി ആ കഴുതയെ അവിടെനിന്നും നടത്താനായി ശ്രമിച്ചപ്പോള്‍ അത് അവിടെനിന്നും നടന്ന് അകലാന്‍ കൂട്ടാക്കിയില്ല. അവന്‍ അതിനെ അടിക്കാന്‍ തുടങ്ങിയിട്ട് പോലും അത് അനങ്ങിയില്ല. ആ കഴുത നടക്കാത്തത് എന്താണെന്ന് അവനു മനസ്സിലായില്ല. അവന്‍ തിരിച്ചുപോയി തന്റെ അച്ഛനോട് സംഭവിച്ചത് എന്താണെന്ന് വിവരിച്ചു.  ആ അലക്കുകാരന്‍ തന്റെ മകന്റെ വിവരണം കേട്ട് ചിരിച്ചുപോയി. എന്നിട് അയാള്‍ തന്നെ കഴുതയുടെ അടുത്തേക്ക്‌ പോയി. എന്നിട്ടയാള്‍ കയര്‍ എടുത്ത് കുറ്റിയില്‍ നിന്നും അഴിക്കുന്നതുപോലെ കാണിച്ചു. അതിന് ശേഷം മാത്രമേ കഴുത അവിടെനിന്നും നടക്കാന്‍ തയ്യാറായുള്ളൂ.

അതുപോലെ തന്നെ, നിരവധി ആളുകള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്നും മാറാന്‍ കൂട്ടാക്കുന്നില്ല,  ജീവിതം വേദനകളുടേയും, ദുരിതങ്ങളുടേയും തുടര്‍ച്ചയാണെന്നു മനസ്സിലാക്കിയിട്ടുപോലും. കാരണം അവര്‍ നില്‍ക്കുന്നിടത്തുനിന്നും മാറാന്‍ കഴിയുകയില്ല എന്നാണ് അവര്‍ തങ്ങളുടെ  അറിവില്ലായ്മ കൊണ്ട് ധരിച്ച് വച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ നമ്മള്‍ എല്ലാവരും തന്നെ എന്നും സ്വതന്ത്രരായിരുന്നു. പക്ഷേ നമ്മുടെ ഭാവനകള്‍ മാത്രമാണ് നമ്മളില്‍ ബന്ധനം സൃഷ്ടിച്ചതും, സ്വയംകൃതമായ ബന്ധനത്തില്‍ നിന്നും മോചിതരാകാതെ നിര്‍ത്തുന്നതും. എല്ലാ ആത്മീയ ആചാരങ്ങളും, ആ അലക്കുകാരന്‍ കഴുതയെ അഴിച്ച് അതിന്റെ സ്ഥാനത്തുനിന്നും മാറ്റുന്നതിന് വേണ്ടി കാണിച്ചതുപോലെയുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ്.  വേദാന്തം, ഒരുവനെ  തന്റെ ബന്ധനത്തിന്റെ ഭാവനാപാശത്തില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടി വളരെ ക്ലിപ്‌തമായ ചില ആത്മീയ സാധനകള്‍ നല്‍കുന്നുണ്ട്.  അത്. ശ്രവണം, മനനം, നിധിന്യാസം എന്നിങ്ങനെ ആണ്. 

ശ്രവണം എന്നത് ഉത്കൃഷ്ട കൃതികളുടെ പഠനവും, വിവേകികളായ ഗുരുനാഥന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കലും ആണ്. അതുമൂലം അവര്‍ക്കു ബാഹ്യവസ്തുക്കളുടെ സാധുതയും  സ്വ-ആത്മത്വത്തിന്റെ പ്രധാനമായ സ്വഭാവവവും മനസ്സിലാക്കി, യഥാര്‍ത്ഥമായതിനെ അയാഥാര്‍ത്ഥമായതില്‍ നിന്നും വിവേചിച്ച് അറിയാന്‍ കഴിയുന്നു. അങ്ങിനെ ഒരുവന് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്വത്തിലേക്കും സ്വയം നയിക്കപ്പെടാന്‍ കഴിയുന്നു. മനനം എന്നാല്‍ ധ്യാനാത്മകത ആണ് – വീണ്ടും വീണ്ടും പ്രത്യേക സങ്കലപ്പങ്ങള്‍ അപഗ്രഥിക്കല്‍ ആണ്. നേരിട്ട് ഗുരുനാഥന്മാരില്‍ നിന്നോ ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ നിന്നോ ലഭിച്ച സത്യങ്ങളുടെ വിചിന്തനം ചെയ്യുന്ന നടപടി ആണത്. നിധിന്യാസം എന്നാല്‍ ആസത്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്ന നടപടി ക്രമങ്ങള്‍ ആണ്. ഒരുവന്‍ അവന്റെ സത്യത്തിലുള്ള പ്രജ്ഞാനം തന്റെ ജീവിതരീതിയില്‍ നിലനിറുത്തണം. 

വേദാന്തം എന്നത്  ജ്ഞാനത്തിന്റെ വഴിയാണ്. വൈകാരികമായ പക്വതയും കാര്യഗൌരവവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് വേദാന്തം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാരണം മാര്‍ഗത്തില്‍ നിന്നും നിപതിച്ചുപോകാന്‍ സാദ്ധ്യതയുള്ള വളരെ അധികം ലോലമായ ഘട്ടങ്ങള്‍ ഉള്ള ഒന്നാണത്.  നിശ്ചയമായും വേദാന്തം എന്നത് കത്തിയുടെ വക്കിലൂടെ നടത്തുന്ന പാദന്യാസത്തിന് തുല്യമാണ് എന്ന് പറയാം. ജ്ഞാനത്തിന്റെ പാതയില്‍ ചരിക്കുന്നവര്‍ക്ക് ഉയര്‍ന്ന ജാഗ്രതയും മികച്ച സമതുലനാവസ്ഥയും ആവശ്യമാണ്‌. ഈ ഗുണങ്ങള്‍ കൈ വരിക്കുന്നത് പഠനങ്ങളില്‍കൂടിയും  മാനസികമായി വളര്‍ത്തി എടുക്കുന്ന  നിശ്ചയദാര്‍ഢ്യത്തില്‍ കൂടിയും, അതുപോലെ തന്നെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും വസ്തുക്കളില്‍നിന്നുമുള്ള  പിന്‍വാങ്ങലില്‍ കൂടിയും ആണ്. ബാഹ്യ വസ്തുക്കളുടെ ആസാധുത മനസ്സിലാക്കുകയും അവയില്‍ നിന്നും സ്വയം അകന്ന് നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്‌ ഈ പാതയില്‍ ചരിക്കാന്‍ കഴിയും. പക്ഷേ അങ്ങിനെ ചെയ്യാന്‍, ഹൃദയത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണവും ബൌദ്ധികവും വികാരപരവും ആയ പ്രവര്‍ത്തനങ്ങളില്‍ സമതുലനതയും അത്യാവശ്യമാണ്. നിര്‍ഭയരായി ഈ പാതയിലൂടെ ചരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ പാത നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയും ഉത്തരം കാണാത്ത കലഹങ്ങളും ചോദ്യാവലികളും ആകുന്ന   നായ്ക്കളുടെ കുരകളാല്‍ അസ്വസ്ഥരാകാതെ നടന്നുപോകുന്ന ആനക്കുട്ടികളെ പോലെയുള്ള വര്‍ക്കാണ് ഈ പാതയില്‍ പരിശീലനം ചെയ്യാന്‍ കഴിയുന്നത്‌. ഉത്തരം കാണാത്ത കലഹങ്ങളും ചോദ്യാവലികളും എല്ലാം ഉപേക്ഷിക്കാന്‍ കഴിയണം. അങ്ങിനെയുള്ള ഉത്തുംഗ ഹൃദയര്‍ക്കുള്ളതാണ് ഈ പാത.

ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്ന ഒന്നാണ് ഈ പാത. അവര്‍ ധരിച്ചിരിക്കുന്നത്‌ ത്യാഗത്തിന്റെ പാതയാണ് ഇതെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കീഴടക്കലിന്റെ പാതയാണത്. വേദാന്ത വിദ്യാര്‍ത്ഥി ലോകത്തെ ത്യജിക്കുന്നത് പരാജിതനായിട്ടല്ല, എന്നാല്‍, ഒരു ജേതാവായിട്ടാണ്. ബാഹ്യ വസ്തുക്കളുടെ ദൂഷ്യങ്ങളെ അയാള്‍ കീഴടക്കുന്നു. അങ്ങിനെ ഒരാള്‍ക്ക്‌ ചീത്തയായിട്ടുള്ള ഒന്നുമില്ല. സര്‍വ്വതും നന്നയിട്ടും ശുഭകരവും  ആയിത്തീരുന്നു. വേദാന്തം പറയുന്നത് ജനനവും മരണവും അനശ്വരതയുടെ മഹാ സാമ്രാജ്യ ത്തിന്റെ രണ്ടു പടിവാതിലുകളാണ് എന്നാണ്. ഒന്നിലൂടെ മനുഷ്യജീവികള്‍ ഈ ലോകത്തിലേക്ക് വരുന്നു. മറ്റൊന്നിലൂടെ അവര്‍ അനശ്വരതയുടെ സാമ്രാജ്യത്തിലേക്ക് കടക്കുന്നു. സാക്ഷാത്കാരം സിദ്ധിച്ച ഒരു ആത്മാവിനു മരണം എന്നത് ഭീതിയുടെ ഉറവിടമല്ല. നേരെമറിച്ച്  അനശ്വരതയിലേക്കുള്ള യാത്രയിലെ അനിവാര്യമായ ഒരു വാഹനം മാത്രമാണ്.

ആത്മ സാക്ഷാത്കാരത്തിന്‍റെ നാല് ഘട്ടങ്ങള്‍

പൂര്‍ണമായും ഉപനിഷത്തുക്കളെ ആസ്പദമാക്കിയുള്ളതാണ് വേദാന്ത സമ്പ്രദായം. ഈ രചനകളില്‍ നിരവധി മഹാ വാക്യങ്ങള്‍ ഉണ്ട്. ഉപനിഷത്ത്        

ദര്‍ശങ്ങളുടെ നേടുംതൂണുകള്‍ ആണ് അവ. അതിലെ നാലെണ്ണം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. (1) ബ്രഹ്മന്‍ മാത്രമാണ് സത്യം, പ്രപഞ്ചം മിഥ്യയാണ്‌. (“ബ്രഹ്മ സത്യം ജഗത് മിഥ്യ” – വിവേകചൂഡാമണി)  (2) രണ്ടാമത് ഒന്നില്ലാത്ത ഒന്ന് ബ്രഹ്മന്‍ മാത്രമാണ്. “ഏകം ഈഅദ്വൈതം ബ്രഹ്മ” – ചാന്ദൂക്യഉപനിഷദ്) (3) ഞാന്‍ എന്ന സ്വ-ആത്മത്വം ആണ് ബ്രഹ്മന്‍, അല്ലെങ്കില്‍ ഞാന്‍ എന്ന അവബോധം ആണ് ബ്രഹ്മന്‍. (“അഹം ബ്രഹ്മാസ്മി”) (4) ഈ മുഴുവന്‍ പ്രപഞ്ചവും ബ്രഹ്മന്‍ ആണ്. (സര്‍വ്വം ഘല്‍വിദം ബ്രഹ്മ”)  (മഹാവാക്യങ്ങളുടെ എണ്ണത്തിലും ഉള്ളടകത്തിലും പണ്ഡിതര്‍ക്ക് ഭിന്നതയുണ്ട്). ചില പണ്ഡിതര്‍ ആരോപിക്കുന്നത് ഈ കൊടുത്തിരിക്കുന്ന മഹാവാക്യങ്ങള്‍ പരസ്പര വിരുദ്ധങ്ങള്‍ ആണെന്നാണ്‌. പക്ഷേ, ശങ്കരന്റെ വാദമുഖങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്ന് തോന്നിക്കുന്ന വൈരുദ്ധ്യങ്ങള്‍ക്ക് തര്‍ക്കം തീര്‍ക്കുന്നുണ്ട്. മേല്‍ ഉദ്ധരിച്ചിരിക്കുന്ന നാലുമഹാവാക്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു വേദാന്ത അഭിലാഷിക്ക് തന്റെ ആന്തരിക യാത്രയില്‍ അനുഭവപ്പെടുന്ന ഘട്ടങ്ങളെ ആണ് വിശദമാക്കുന്നത്. വൈരുദ്ധ്യങ്ങളുടെ പ്രശ്നം ഉയര്‍ത്തുന്നത് മനസ്സാണ്. കാരണം മനസ്സിനു അതിന്റെ വളരെ പരിമിതമായ സ്വഭാവം കൊണ്ടുതന്നെ അതീന്ത്രിയവും  വൈവിദ്ധ്യമുള്ളതുമായ യാഥാര്‍ത്ഥ സത്യം പിടികിട്ടുകയില്ല. അതുകൊണ്ടുതന്നെ സാക്ഷാത്കാരത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ചുള്ള അപൂര്‍ണമായ വാക്കുകളിലൂടെ ഉള്ള വെളിപ്പെടുത്തലുകള്‍ വൈരുദ്ധ്യങ്ങള്‍ ആയിത്തന്നെ തോന്നും. ഈ മഹാവാക്യങ്ങളെക്കുറിച്ചുള്ള ശങ്കരന്റെ വ്യാഖ്യാനങ്ങളുടെ വിശകലനങ്ങള്‍ അവയുടെ ആന്തരിക അര്‍ത്ഥങ്ങളെ അറിയാനും അവയില്‍ അടങ്ങിയിരിക്കുന്ന മുഖ്യമായ രമ്യത അനാവരണം ചെയ്യാനും,  സഹായിക്കും.

 ബ്രഹ്മന്‍ മാത്രമാണ് സത്യം, പ്രപഞ്ചം മിഥ്യയാണ്‌.       

ഒരു വിദ്യാര്‍ത്ഥിയുടെ ആത്മീയ യാത്രയിലെ ആദ്യത്തെ ചവിട്ടുപടി, ബാഹ്യമായ ഒരു ലോകത്തിന്റെ നിലനില്‍പ്പ്‌ ബൌദ്ധികമായി റദ്ദുചെയ്യുക എന്നതും, ബ്രഹ്മന്‍ എന്ന പേരില്‍ ഒരൊറ്റ സത്യത്തിന്റെ നിലനില്‍പ്പ്‌ അംഗീകരിക്കുക എന്നതും ആണ്. ലൌകികമായ എല്ലാ ചിന്തകളും അഭിലാഷങ്ങളും ക്ഷണഭംഗുരങ്ങളായ ഫലങ്ങളിലേക്കാണ് നയിക്കുന്നത്. കാരണം ഇക്കാണുന്ന പ്രപഞ്ചവും അതിലെ സര്‍വ്വതും നശ്വരമായതാണ്. ഗുണഗണങ്ങളും സത്കര്‍മങ്ങളും ഒന്നും തന്നെ ശാശ്വതമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നില്ല. ക്ഷണികവും നശിക്കപ്പെട്ടു പോകുന്നതുമായ ഒന്നില്‍ നിന്നും തികച്ചും മാറ്റമില്ലാതെ നില്‍ക്കുന്ന ഒരു ഫലം ഉണ്ടാകുകയില്ല. ലൌകികമായ വസ്തുക്കള്‍ ഒരാളെ താഴേക്കു പിടിച്ചു വലിക്കും, വിവേചനത്തിന്റെ ശക്തി ഉപയോഗിച്ച് അവയെ തികച്ചും അപഗ്രഥിക്കാതിരുന്നാല്‍. വേദാന്തം, അതുകൊണ്ട്, ബാഹ്യ വസ്തുക്കളുടെ അയഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ ഉപദേശിക്കുന്നു. അങ്ങിനെ ചെയ്യുന്നതുകൊണ്ട് ഒരാള്‍ക്ക്‌ തന്റെ ലൌകികമായ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നു. ദ്വൈത ഭാവനകളുടേയും, ഗുണഭാവനകളുടെയും വലയില്‍പ്പെടാതെ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നത്‌ വിവേചനം ഒന്ന് കൊണ്ട് മാത്രമാണ്. പരിപൂര്‍ണമായ നിശ്ചയദാര്‍ഢ്യവും, അര്‍പ്പണ ബോധവും ഇല്ലാതെ വിവേചനം ബലപ്പെടുത്താന്‍ ആകുകയുമില്ല. ഇക്കാരണം കൊണ്ട് തന്നെ വേദാന്ത സമ്പ്രദായം ഏറ്റവും ആദ്യം ഊന്നല്‍ കൊടുക്കുന്നത് ക്ഷണഭംഗുരങ്ങളായ ലൌകിക വസ്തുവകകളെ ശാശ്വതമായ നിത്യ സത്യത്തില്‍ നിന്നും എങ്ങിനെ വിവേചിക്കാം എന്നുള്ളതിനാണ്. അതിനു ശേഷം തന്റെ ജീവിതം മുഴുവനും തന്നെ ജ്ഞാനത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ അര്‍പ്പിക്കാനുള്ള ദൃഢനിശ്ചയം എടുക്കുവാന്‍ വേദാന്തം ആവശ്യപ്പെടുന്നു.

ജ്ഞാനത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെടാനുള്ള ദൃഢനിശ്ചയത്തിന് പരിത്യാഗവും, അനാസക്തിയും ആണ് വളരെ ഫലപ്രദമായ ഉപകരണങ്ങള്‍. അവ ഒരാളുടെ മാനസികമായ നിശ്ചയദാര്‍ഢ്യത്തിന് ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഉറപ്പും സുരക്ഷിതത്ത്വവും ഉള്ള അടിത്തറമേല്‍ ജീവിത ദര്‍ശനങ്ങള്‍ പണിതുയര്‍ത്താന്‍ അങ്ങിനെയുള്ളവര്‍ക്ക് കഴിയുന്നു. അങ്ങിനെയുള്ള ശിലാതുല്യമായ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍, അപൂര്‍ണവും, ക്ഷണഭംഗുരങ്ങളും ആയ ലൌകിക വസ്തുക്കളെ പിന്തുടരുന്നതിന് പകരം,    ജീവിതത്തിന്റെ സര്‍വ്വ അംശങ്ങളിളും  ഈശ്വരത്വം വിഭാവനം ചെയ്ത് അനുഭവച്ച് പരിശീലിച്ചു മുന്നോട്ടുപോകാന്‍ ഒരുവന് കഴിയുന്നു. വേദാന്തത്തെ സംബന്ധിച്ചിടത്തോളം, അറിവ് എന്നത് ബാഹ്യവസ്തുക്കളുടെ യഥാര്‍ത്ഥത്തില്‍ ഉള്ള മൂല്യം പഠിപ്പിക്കാന്‍ പര്യാപ്തമല്ല. ഒരുവനെ ലൌകിക വസ്തുക്കളുടെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കാന്‍ സഹായിക്കാത്ത ഒരു അറിവും അറിവായി വേദാന്തം കാണുന്നില്ല. ഒരുവന്റെ ജീവിത ഭാരം വര്‍ദ്ധിപ്പിക്കുന്ന ലൌകിക വസ്തുക്കളെക്കുറിച്ചുള്ള വെറും വിവരണങ്ങള്‍ മാത്രമായിട്ടാണ് വേദാന്തം അതിനെ കാണുന്നത്. ഉചിതമായ അപഗ്രഥനങ്ങള്‍ ഇല്ലാതെ ഇന്ദ്രിയങ്ങളില്‍ നിന്നും മനസ്സില്‍നിന്നും ലഭിക്കുന്ന  വിവരങ്ങള്‍, ഒരുവനെ വേദനകളുടെയും ക്ലേശങ്ങളുടെയും സാഗരത്തില്‍ മുക്കിക്കളയുന്നു. പ്രജ്ഞാനത്തിന്റെ അഗാധതയില്‍ നിന്നും വരുന്ന ജ്ഞാനം, നേരെമറിച്ച്, അയഥാര്‍ത്ഥയില്‍ നിന്നും യഥാര്‍ത്ഥത്തെ വിവേചിച്ചറിയാന്‍ സഹായിക്കുന്നു. മനസ്സിനേയും ചിന്തകളേയും ശുദ്ധീകരിക്കുന്നതുവരെ ഒരുവന് ബാഹ്യലോകത്തിന്റെ യഥാര്‍ത്ഥത്തിലുള്ള സ്വഭാവം മനസ്സിലാകാനോ, ഉള്ളിന്റെ അഗാധതയില്‍ നിന്നും നിരന്തരം അവനോടു സംസാരിച്ചുകൊണ്ടിരിക്കുന്ന മന:സാക്ഷിയുടെ അല്ലെങ്കില്‍ സഹജാവബോധത്തിന്റെ സ്വരം കേള്‍ക്കാനോ കഴിയുകയില്ല.

ഒരുവന്‍ ഈ ലോകത്തേക്ക് വരുന്നത് തന്നെ അനുഭവങ്ങളിലൂടെ പഠിക്കാന്‍ വേണ്ടിയാണ്. അങ്ങിനെ ഉള്ള  അനുഭവങ്ങള്‍ ബുദ്ധിശൂന്യമായ അഭിലാഷങ്ങളെ അടിസ്ഥാനമാക്കിയിടുള്ളതാവരുത്. നേരെമറിച്ച് അവ  ജീവിതത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കിക്കുന്ന അറിവിലേക്ക് നയിക്കാന്‍ ഉതകുന്ന  വൈദഗ്ദ്ധ്യപൂര്‍ണമായുള്ള പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതു ആവണം. പ്രവൃത്തിയില്‍ നിപുണതയും, മനസ്സിനുമേല്‍ നിയന്ത്രണശക്തിയും നല്‍കാന്‍ ഉതകാത്ത എല്ലാ അനുഭവങ്ങളും വെറും സമയ നഷ്ടപ്പെടുത്തു’ന്നവയാണ്. വിവേകിയായ ഒരാള്‍ തന്റെ മനസ്സിനെ ലൌകികമായി വശീകരിക്കുകയും, പ്രീണിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും മാറ്റി ആത്മ സാക്ഷാത്കരത്തിലേക്ക് തിരിച്ച് വിടുന്നു. സ്വയം ചെറിയ ചെറിയ കാര്യങ്ങളാല്‍ വശീകരിക്കപ്പെട്ടാല്‍ ജീവിതത്തിന്റെ ആന്തരിക പഥങ്ങളില്‍ നീരീക്ഷണങ്ങള്‍ നടത്താന്‍ സമയം കിട്ടുകില്ല. അതുകൊണ്ട് ഉപനിഷത്തിലെ ആദ്യത്തെ ഈ മഹാവാക്യം, ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരത്വം എന്ന സത്യത്തിന് ഊന്നല്‍നല്‍കിക്കൊണ്ട് നമ്മുടെ ഉള്‍ക്കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അതോടൊപ്പം തന്നെ ബാഹ്യമായ ലോകത്തിന്റെ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനും. അത് ഈ ലോകത്തുനിന്നും പാലായനം ചെയ്യാനുള്ള ഒരു വഴിയായിട്ടല്ല. എന്നാല്‍ നമ്മുടെ തന്നെ ഉള്ളിലേക്കുള്ള വഴിയായിട്ടും പിന്നെ, ബാഹ്യമായ വസ്തുവകകളുടെ ബഹുവര്‍ത്തിത്വം ഏകത്വത്തില്‍ അലിയിപ്പിച്ച് ഇല്ലാതാക്കാന്‍ കൂടിയും ആണ്.     

രണ്ടാമത് ഒന്നില്ലാത്ത ഒന്ന് ബ്രഹ്മന്‍ മാത്രമാണ്      

ആത്മ സാക്ഷാത്കാരത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍ വിദ്യാര്‍ത്ഥി ഈ പ്രപഞ്ചത്തില്‍ ഉടനീളം നിലനില്‍പ്പുള്ള ഒരേ ഒരു തത്വത്തെക്കുറിച്ച് മാത്രം ബോധവാനായി തീരുന്നു. അവന്റെ പ്രജ്ഞാനം വികസിക്കുന്നു. തന്റെ മനസ്സിനെ ഈ ലോകത്തിന്റെ നിലനില്‍പ്പ്‌ നിഷേധിച്ച് ഊര്‍ജം നശിപ്പിക്കാനായി പിന്നീട് അയാള്‍ അനുവദിക്കുന്നില്ല. സാക്ഷാത്കാരത്തിന്റെ ഒന്നാമത്തെ ഘട്ടത്തില്‍ രണ്ടു പ്രക്രിയകള്‍ ഉണ്ട്. ബ്രഹ്മന്റെ നിലനില്‍പ്പ്‌ അംഗീകരിക്കുകയും, ലോകത്തിന്റെ നിലനില്‍പ്പ്‌ നിഷേധിക്കുകയും. പക്ഷേ രണ്ടാമത്തെ ഘട്ടത്തില്‍  നിഷേധാത്മകമല്ലാത്ത സമീപനം മാത്രമാണ് ഉള്ളത്. “രണ്ടാമത് ഒന്നില്ലാത്ത ഒന്ന് ബ്രഹ്മന്‍ മാത്രമാണ്”.  സാക്ഷാത്കാരത്തിന്റെ ഈ ഘട്ടത്തില്‍ ആന്തരികവും ബാഹ്യവും ആയ ലോകങ്ങളില്‍ നിലനില്‍ക്കുന്നു എന്ന് തോന്നിക്കുന്ന കലഹങ്ങള്‍ പരിഹരിക്കപ്പെടുന്നു. മാത്രവുമല്ല, ബാഹ്യവസ്തുക്കളില്‍ ഈശ്വരത്വം ദര്‍ശിക്കാന് ഉത്സാഹിക്ക് കഴിയുന്നു, ഈ ഘട്ടത്തില്‍.

 ഞാന്‍ എന്ന സ്വ-ആത്മത്വം ആണ് ബ്രഹ്മന്‍

ഒരു ആത്മീയ അന്വേഷകന് ബാഹ്യമായ ഏകത്വം എന്ന സത്യം മാത്രം തിരിച്ചറിഞ്ഞതുകൊണ്ട് മതിയാകുന്നില്ല. ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ സമാധാനവും രമ്യതയും ബാഹ്യലോകവുമായിട്ടുള്ള ബന്ധത്തില്‍ കൈവരിക്കുന്നുണ്ട് എങ്കിലും, ആന്തരികവും ബാഹ്യവുമായ ലോകങ്ങള്‍ക്കിടയില്‍ സൂക്ഷ്മമായ ഒരു അന്തരം അപ്പോഴും നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായുള്ള മനനം പരിശീലിക്കുന്നതിലൂടെ ഒരു വേദാന്ത വിദ്യാര്‍ത്ഥി ഇങ്ങിനെ ചിന്തിക്കാന്‍ തുടങ്ങുന്നു ”രണ്ടാമത് ഒന്നില്ലാത്തതായി ബ്രഹ്മന്‍ ഒന്നു മാത്രമേ ഉള്ളൂ എങ്കില്‍ പിന്നെ ഞാന്‍ ആരാണ്?”. ആഴത്തിലുള്ള മനനത്തിലൂടെ ആന്തരികവും ബാഹ്യവും ആയി നിലനിന്നിരുന്ന ആ ദ്വൈതത്വം അയാള്‍ ലയിപ്പിച്ച് ഇല്ലാതെ ആക്കുന്നു. അങ്ങിനെ അയാള്‍ മനസ്സിലാക്കുന്നു, തന്റെ ഉള്ളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന അതേ ആത്മത്വം തന്നെ ആണ് സര്‍വ്വ വ്യാപിയായ ബ്രഹ്മന്‍ എന്നും: “ഞാന്‍ബ്രഹ്മന്‍ ആകുന്നു”. സാക്ഷാത്കാരത്തിന്റെ മൂനാമത്തെ ഘട്ടം ആണത്. പുറമേ ഒന്നും ഇല്ല. എല്ലാം അകത്തു മാത്രമേ ഉള്ളൂ. ബ്രഹ്മനും ആത്മനും ഒന്നു തന്നെ ആണ്. 

എല്ലാം ബ്രഹ്മന്‍ ആണ്.   

ആത്യന്തികമായി, ഒരു വിദ്യാര്‍ത്ഥി “ഞാന്‍”, “എന്റെ”, “നീ”, “നിന്റെ” എന്നൊക്കെ ഉള്ള വികാരങ്ങളും, സമീപനങ്ങളും എല്ലാം അതിജീവിക്കുന്നു. ഈ സങ്കല്പ്പങ്ങളില്‍ ഒന്നും അങ്ങിനെ ഒരു വ്യത്യാസം കാണാന്‍ കഴിയുകയില്ല. അയാളുടെ ചെറിയ അഹങ്കാരം ഒരു ഉയര്‍ന്ന അഹങ്കാരം ആയി മാറുന്നു. പരിമിതമായ “ഞാന്‍” ഒരു ഉയര്‍ന്ന “ഞാന്‍” ആയി വളര്‍ന്ന് വികസിക്കുന്നു. ഈ നിലയില്‍ ഒരാള്‍ക്ക്‌ തികച്ചും മനസ്സിലാകും വ്യക്തിഗതമായ “ഞാന്‍” എന്നത് ഏറ്റവും ഉയര്‍ന്ന ആ “ഞാന്‍” എന്നതിന്റെ പ്രത്യക്ഷപ്പെടല്‍ മാത്രമാണ് എന്ന്. ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് തന്റെ സര്‍വ്വ ആസക്തികളും, അഭിലാഷങ്ങളും, വികാരങ്ങളും, ആശാ ബന്ധനങ്ങളും, വെറുപ്പുകളും, അസൂയ, ഭയം, മായിക ഭ്രമങ്ങളും എല്ലാം പരിപൂര്‍ണമായി കീഴടക്കാന്‍ കഴിയുന്നു. ക്ലേശം അനുഭവക്കുന്നവരെ സഹായിക്കാന്‍ ഉള്ള അനുകമ്പകൊണ്ട് അയാളുടെ ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങുന്നു. അങ്ങിനെ ഉള്ള ഒരാള്‍ക്ക്‌ ഈ മുഴുവന്‍ പ്രപഞ്ചവും ബ്രഹ്മന്‍ ആണ്. അയാള്‍ സ്വയം പ്രപഞ്ചത്തിലും, പ്രപഞ്ചം അയാളിലും കാണുന്നു. ബ്രഹ്മ-പ്രജ്ഞാനത്തില്‍ ആണ് അയാള്‍ നിവസിക്കുന്നത്. സാക്ഷാത്കാരത്തിന്റെ നാലാമത്തെ ഘട്ടം ആണത്.

ഈ ഘട്ടത്തില്‍ പരമമായ നിര്‍വൃതിയും ആനന്ദവും  സര്‍വ്വതിനോടും ഉള്ള ദിവ്യമായ സ്നേഹത്തിലൂടെ  പ്രകടിപ്പിക്കപ്പെടുന്നു. ഒരാളുടെ മുഴുവന്‍ നിലനില്‍പ്പുതന്നെയും  ജീവനും, ജ്ഞാനവും, സമാധാനവും പ്രകരിപ്പിക്കുന്ന  സാര്‍വ ലൌകികമായ സ്നേഹത്തിന്‍റെ ഒരു കേന്ദ്രീകൃത ബിന്ദുവായി മാറുന്നു. ഈ നിലയില്‍, വാക്കുകള്‍ മന്ത്രങ്ങള്‍ ആകും. എല്ലാ കര്‍മങ്ങളും മനുഷ്യരാശിക്കായുള്ള നിസ്വാര്‍ത്ഥ സേവനങ്ങള്‍ ആകും. അങ്ങിനെയുള്ള ഒരാള്‍ ജനന മരണ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായിട്ടാണ് ജീവിക്കുന്നത്. അയാള്‍ക്ക്‌ ജനന മരണങ്ങള്‍ വസ്ത്രം മാറുന്നതുപോലെ അപ്രധാനമാണ്.

മനനവും ധ്യാനവും         

വേദാന്തം പ്രധാനമായും ജ്ഞാനയോഗം ആണ്, ജ്ഞാനത്തിന്റെ മാര്‍ഗം ആണ്. രണ്ട് ഭിന്നമായ മാര്‍ഗത്തിലൂടെ ആണ് ജ്ഞാനയോഗം പരിശീലിക്കുന്നത്: മനനവും, ധ്യാനവും. പ്രാചീന പ്രാമാണിക വേദാന്ത ഗ്രന്ഥങ്ങളില്‍ ശ്രവണം (പഠനം), മനനം (വിചിന്തനം), നിധിന്യാസനം (പ്രയോഗം) എന്നിങ്ങനെയുള്ള മൂന്നു വഴികളാണ് ലക്ഷ്യം നേടാന്‍ ഉതകുന്ന സൂചനകളായി കൊടുത്തിരിക്കുന്നത്. വേദാന്ത ദര്‍ശന ഗ്രന്ഥങ്ങളില്‍ മനനവും ധ്യാനവും പരിശീലിക്കാനുള്ള ഉചിതമായ വഴികള്‍ വ്യക്തമായി നല്‍കിയിട്ടില്ല. മറ്റു രൂപത്തില്‍ ഗുരു-ശിഷ്യ ശിക്ഷണത്തിലൂടെ നേരിട്ട്പഠിപ്പിക്കുന്ന ഒന്നായിട്ടാണ് പറയുന്നത്. മേല്‍ സൂചിപ്പിച്ച മഹാവാക്യങ്ങള്‍ മനനത്തിനും, സാക്ഷാത്കാരത്തിന്റെ ഘട്ടങ്ങളെ  ചൂചിപ്പിക്കുന്നതിനും ഉള്ള മാര്‍ഗ നിര്‍ദ്ദേശ രേഖകള്‍ ആണ്. മഹാവാക്യങ്ങളുടെ ശരിയായ ധാരണകളില്‍ കൂടിയും ധ്യാനത്തിന്റെ സാങ്കേതിക നൈപുണ്യങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യുക വഴി ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ അന്വേഷണത്തില്‍ ജയം കൈവരിക്കാന്‍ കഴിയുന്നു. 

മനനവും ധ്യാനവും പരസ്പര പൂരകങ്ങള്‍ ആയ പരിശീലനനങ്ങള്‍ ആണ്. മനനം നടത്താതെ ഉള്ള ധ്യാനം വെറും മാനസിക വ്യായാമം ആയിത്തീരുന്നു. ധ്യാനം ഇല്ലാത്ത മനനം വെറും ഭാവന മാത്രം ആയി ഭവിക്കുന്നു. മനനത്തിന്റെ സഹായത്തോടെ ഒരാള്‍ യാഥാര്‍ത്ഥ്യം എന്തെന്ന് ബുദ്ധിപരമായി മനസ്സിലാക്കാന്‍ കഴിയുന്നു. ധ്യാനത്തിന്റെ സഹായത്തോടെ ആന്തരിക യാഥാര്‍ത്ഥ്യം എന്തെന്ന് അനുഭവിച്ചറിയാന്‍ കഴിയുന്നു. മനനത്തിലൂടെ ഒരാള്‍ക്ക്‌ അറിയാന്‍ കഴിയുന്നു, ധ്യാനത്തിലൂടെ ഒരാള്‍ക്ക് സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നു. മനനം ധ്യാനത്തിന് ഉള്ള ഒരു   മുന്‍ഉപാധി ആണ്. കാരണം, സാധാരണ പ്രതിഭാസങ്ങള്‍ക്ക് അതീതമായ ഒരു  ഉയര്‍ന്ന നിലയിലുള്ള യാഥാര്‍ത്ഥ്യം നിലവില്‍ ഉണ്ടെന്ന് ബൌദ്ധികമായി അറിയുന്നതുവരെ ആ നിലയിലുള്ള യാഥാര്‍ത്ഥ്യം അനുഭവച്ചറിയാന്‍ ഉള്ള ത്വരത ഉണ്ടാകുന്നില്ല. 

വേദാന്ത രീതിയിലുള്ള മനനം ക്രിസ്തീയ രീതിയിലുള്ള മനനത്തില്‍ നിന്നും തികച്ചും വിഭിന്നമാണ്. വേദാന്ത മനനത്തില്‍ ബാഹ്യവസ്തുക്കളുടെ ക്ഷണഭംഗുരത്വവും അതുകൊണ്ട് തന്നെ അവയുടെ ആത്യന്തികമായ അസാധുതയും ആണ് ഒരു വിദ്യാര്‍ത്ഥി മനനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിതാന്തം പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ലൌകിക പ്രതിഭാസങ്ങള്‍ക്ക് അതീതമായ നിത്യസത്യത്തെയാണ് അവര്‍ തേടുന്നത്. ഈ മനനത്തില്‍ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യം, ആത്മ-സാക്ഷാത്കാരം, ഏപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ചോദ്യങ്ങളും വിശകലങ്ങളും ആണ് വേദാന്ത മനനത്തിലെ മുഖ്യരീതി. അന്വേഷണ വിഷയത്തിന്റെ സത്യം മനസ്സിലാക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥി കര്‍ശനമായ തര്‍ക്കശാസ്‌ത്ര രീതികള്‍ ഉപയോഗിക്കുന്നു. എന്നിട്ട് സത്യം സ്വീകരിക്കുന്നതില്‍ വിശ്വാസവും അര്‍പ്പണബോധവും ഉപയോഗിക്കുന്നു. എന്നിട്ട് ആ സത്യം മുന്‍പോട്ട് എടുത്ത് നിത്യജീവിതത്തില്‍ പരിശീലിക്കുന്നതില്‍ ശക്തമായ നിശ്ചയദാര്‍ഢ്യം കൊണ്ടുവരുന്നു. മതത്തിന്റെയോ  വൈദികശാസ്ത്രത്തിന്റെയോ ദൈവ സങ്കല്‍പ്പങ്ങളെ ആശ്രയിക്കാതെ ആചാരാനുഷ്ഠാനങ്ങളെ വേദാന്തം  നിരുല്‍സാഹപ്പെടുത്തുന്നു. മതപരമായ മനനങ്ങള്‍ വേദാന്തം ഒരു പകല്‍കിനാവായിട്ടാണ് കാണുന്നത്. കാരണം വിസ്വാസപ്രമാണങ്ങളെ മാത്രം ആശ്രയിച്ചുള്ള വെറും ആവര്‍ത്തിച്ചുള്ള മാതൃകാ രൂപങ്ങളെ മാത്രമാണ് അത്തരം മനനങ്ങള്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഒരു മത അനുയായി കൃഷ്ണനെയോ, ക്രിസ്തുവിനെയോക്കുറിച്ചുള്ള, കൈ മറിഞ്ഞു വന്ന കഥകള്‍ ഓര്‍മിച്ചു ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അതുതന്നെ മനനം ചെയ്യുന്നു. അവരുടെ ആരാധനാപാത്രത്തിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ ആണ് മനനത്തിന് ആധാരം. അങ്ങിനെയുള്ള വ്യായാമം ഭക്തി വര്‍ദ്ധിപ്പിച്ചേക്കാം. പക്ഷേ, അത് സാക്ഷാത്ക്കാരത്തിലേക്ക് അയാളെ അടുപ്പിക്കുന്നില്ല.

നേരെമറിച്ച്, വേദാന്ത മനനം സത്യവും അസത്യവും തമ്മിലുള്ള വിവേചനത്തിലാണ് ശ്രദ്ധിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ നിത്യസത്യം മനസ്സിലാക്കുന്നതിനാണത്. അനാദി ആയ ശബ്ദം ആണ് “ഓം”. പ്രതീകാത്മകമായും വസ്‌തുതയായും സനാതനമായ അഖണ്ഡമായ സത്യം തന്നെ ആണ് ആ ശബ്ദം. ആ ശബ്ദം ആണ് വേദാന്ത സമ്പ്രദായത്തിലെ മനനത്തിന് പാത്രംമാകുന്നത്. ഇക്കാര്യത്തില്‍, പതാഞ്ജലി യോഗവും, വേദാന്തവും വളരെ അധികം ഒന്നാകുന്നുണ്ട്. രാജയോഗത്തിലും ഓം എന്ന ശബ്ദം മനനം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മാത്രവുമല്ല, ഓം എന്നത് അഖണ്ഡമായ സത്യത്തിന്റെ പേരാണെന്നും വ്യക്തമാക്കുന്നുണ്ട്. രണ്ടു സമ്പ്രദായങ്ങളും അനാദി ആയ ആ ശബ്ദം എങ്ങിനെ ധ്യാനത്തിന് വിധേയമാക്കാം എന്നും, അതിന്റെ മനസ്സുകൊണ്ടുള്ള അനുരണനം ശ്വാസഗതിയുമായി എങ്ങിനെ ഏകോപിപ്പിക്കാം എന്നും  പഠിപ്പിക്കുന്നുണ്ട്. ഓം എന്ന ശബ്ദം മൂന്ന് സ്വരങ്ങള്‍ അടങ്ങിയതാണ്. അ-ഉ-മ്, പിന്നെ ഒരു നാലാമത്തെ നിശബ്ദത എന്ന ഒരു സ്ഥിതിയും. ഈ നാലാമത്തെ സ്ഥിതി ആണ് ‘തുരിയ’- അതീന്ത്രിയമായ സ്ഥിതി, അഖണ്ഡമായ ബ്രഹ്മസ്ഥിതി. അ-ഉ-മ് എന്ന മൂന്ന് സ്വരങ്ങള്‍യഥാക്രമം സൂചിപ്പിക്കുന്ന മൂന്നു സ്ഥിതികൾ ജാഗ്രതാവസ്ഥ, സ്വപ്നാവസ്ഥ, സുഷുപ്തി എന്നിങ്ങനെയുള്ള ഈശ്വരത്വത്തിന്റെ മൂന്നു ഭാഗങ്ങളാണ്. ഈ മൂന്ന് ഭാഗങ്ങള്‍ സൃഷ്ടി, സ്ഥിതി,സംഹാരം എന്നീ പ്രക്രിയകളെ പ്രതിനിധാനം ചെയ്യുന്നു. ഉപനിഷത്തുകള്‍ പറയുന്നത് ഓം എന്നത് വില്ലും സ്വ-ആത്മത്വം എന്നത് ശരവും ആണെന്നാണ്‌.  ബ്രഹ്മന്‍ എന്ന പരമാത്മാവ്‌ ശരലക്ഷ്യവും. വളരെ ശ്രദ്ധിച്ച് വേണം ശരം തൊടുക്കാന്‍, ബ്രഹ്മ-പ്രജ്ഞാനമാകുന്ന ലക്ഷ്യത്തില്‍ ലയിച്ച് നില്‍ക്കുന്ന പ്രാവീണ്യനായ ഒരു വില്ലാളിയെപ്പോലെ.  

വേദാന്ത സമ്പ്രദായം ഈ പാതയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും പരിഗണിക്കുന്നുണ്ട്. അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ ഈ ശാഖയിലേക്ക് ഉപനയിപ്പിക്കാതിരിക്കാന്‍ അനുവദിക്കാറില്ല. ഈ സമ്പ്രദായം പരിശീലിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ടാതായ ചില മുന്‍വ്യവസ്ഥകല്‍ ഉണ്ട്. ശാന്തമായ മനസ്സുള്ളവര്‍, ഇന്ദ്രിയങ്ങളെ അദ്ധീനതയില്‍ ആക്കിയവര്‍, വികാരങ്ങളെ ശുദ്ധീകരിച്ചവര്‍, വേദാന്ത ഗുരുക്കന്മാരുടെ ആജ്ഞകള്‍ അനുവര്‍ത്തിക്കാന്‍ സ്വയം സജ്ജരായവര്‍, നിഷേധാത്മകമല്ലാത്ത ചിന്തകള്‍ സ്വായത്തമാക്കിയവര്‍, ബന്ധനത്തിന്റെ പാശത്തില്‍ നിന്നും വിമോചിതരാകാന്‍ സ്വയം ഉത്കടമായ ആഗ്രഹം ഉള്ളവര്‍ – ഇങ്ങിനെ ഉള്ളവരാണ് വേദാന്തത്തിന്റെ വിദ്യാര്‍ത്ഥികള്‍ ആകുന്നവര്‍. ജ്ഞാനത്തിന്റെ പാതയില്‍ ചരിക്കാന്‍ ആവശ്യമായ ഈ മുന്‍‌കൂര്‍ വ്യവസ്ഥകള്‍, പലവിധത്തില്‍ നോക്കിയാലും യോഗ സമ്പ്രദായത്തിലെ യമ നിയമങ്ങള്‍ ആണ്.

മാണ്ടുക്യകാരികയിലും മറ്റു പല ഉപനിഷത്തുക്കളിലും വിവരിച്ചിരിക്കുന്നതുപോലെ ഓംകാരത്തിന്റെ അര്‍ത്ഥം ഒരു വിദ്യാര്‍ത്ഥി മനസ്സിലാക്കുന്നത് വരെ, ധ്യാനത്തില്‍ അതിന്റെ വെറും മന്ത്രണം യാന്ത്രികവും വിരസവും മാത്രം ആയിരിക്കും. ഓംകാരത്തിന്റെ അര്‍ത്ഥം ശരിയായി മനനം ചെയ്തിട്ടുണ്ടെങ്കില്‍, ആ ശബ്ദവും ആയി വിദ്യാര്‍ത്ഥി ശരിക്കും  ഏകതാളമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ധ്യാനത്തില്‍ ഈ ശബ്ദം അയാളെ ജീവിതത്തിന്റെ ഉയര്‍ന്ന മണ്ഡലങ്ങളിലേക്ക് സാക്ഷാത്കരിക്കും. ഈ പാതയില്‍ ജയം അത്ര എളുപ്പമല്ല. നിരന്തരമുള്ള അവബോധം, യോഗ്യതയുള്ള ഒരു ഗുരുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍, സനാതനവും  അഖണ്ഡവും ആയ നിത്യസത്യത്തില്‍ വിശ്വാസവും, സമര്‍പ്പണവും – ഇതെല്ലാം ഉണ്ടെങ്കില്‍ ഒരു അര്‍ത്ഥിക്ക് ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്താന്‍ കഴിയും.

കടപ്പാട്.

തുടർന്നും ഇതുപോലുള്ള വിവർത്തനങ്ങൾ പകർത്തി നൽകാൻ ഗുരുപരമ്പരകൾ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ

കൃഷ്ണാനന്ദം സത്സംഗ സമിതി

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പെരിയമ്പലം

തൃശ്ശൂർ ജില്ല

കേരള

9061971227

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം