ഗുരുപൂജ / ഗുരുദക്ഷിണ

ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം  എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.


ഉള്‍ക്കാഴ്ചയറിയേ കാലഘത്തിലെല്ലാം അനുയോജ്യമായ ഗുരുസാമീപ്യവും ദിശാബോധവും ലഭിക്കുന്നതിലൂടെ ഒരു മനുഷ്യൻ അവനെത്തിച്ചേരേണ്ട ശ്രേഷ്ഠമായപാത മനസിലാക്കുന്നു. എല്ലാവര്‍ക്കും ജീവിതാരംഭം മുതല്‍ അവസാനം വരെ അനുകരിക്കാന്‍ ഒരു മുന്‍ഗാമിയുമാകും. ഭക്ഷണരീതിയില്‍, വസ്ത്രധാരണത്തില്‍, സംസാരശൈലിയില്‍….

ഓം ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുസാക്ഷാല്‍ പരബ്രഹ്മ
തസ്‌മൈ ശ്രീ ഗുരുവേ നമഃ

ത്രിമൂര്‍ത്തികളുടെ നിര്‍വഹണം ഗുരുവിലൂടെ നടപ്പാകുന്നു. ഗുരു ബ്രഹ്മാവാണ്. സൃഷ്ടിയാണ് ബ്രഹ്മാവിന്. ശുദ്ധശൂന്യമായ മനസോടെ പിറക്കുന്ന മര്‍ത്യന്റെ ഇളംമനസില്‍ ഈശ്വരന്‍ എന്ന സങ്കല്‍പ്പം അമ്മയിലൂടെയോ അച്ചനിലൂടെയോ ഗുരുസ്ഥാനത്ത് നിന്ന് നിര്‍വഹിക്കുന്നു. പുതുതായി ലോകത്തിലേക്കുവന്ന കുട്ടി, തന്റെ മനസില്‍ കൈവന്ന ഈശ്വരചിന്തയിലൂടെ
മുന്നോട്ടുപോകുമ്പോള്‍ അത് എന്നും അങ്ങനെ തന്നെ നിലനിര്‍ത്താനും ഗുരു എത്തിച്ചേരുന്നു. ഇതാണ് വിഷ്ണുഭഗവാന്റെ കര്‍ത്തവ്യം. സൃഷ്ടിച്ചതിനെ നിലനിര്‍ത്തുക. അതിനായി ജീവിതക്രമങ്ങള്‍ യഥാസമയം നല്‍കുന്നതിനും ഗുരു ആവശ്യമാണ്. വിഘാതമായി വരുന്നതിനെ സംഹരിക്കുന്നതിനും തക്കസമയത്ത് ഗുരു എത്തുന്നു.

ഗുരുശിഷ്യബന്ധത്തെ വ്യാഖ്യാനിക്കുന്നത് ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പത്തിലൂടെയാണ്. നാലുകൈകള്‍, ഗ്രന്ഥം, ജപമാല,അഗ്‌നി, ജ്ഞാനമുദ്ര എന്നിവയിലൂടെ അറിവ്, സാധന, ശുദ്ധി, ജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്നു. അറിവിനെ വിശ്വാസപൂര്‍വം ജീവിതചര്യയാക്കി അനുശീലനം ചെയ്യുമ്പോഴാണ് ജ്ഞാനം നേടുക. "ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം" എന്ന് ഗീതയില്‍
പറയുന്നു.

ലളിതമായതിനെ വിശ്വാസത്തോടെ അനുവര്‍ത്തിച്ചാല്‍ സിദ്ധിയുണ്ടാകുമെന്നാണ് സുഗ്രീവന്‍ പറയുന്നത് ‘ചിത്തംഭഗവാങ്കലുറക്കാകിലും അതിഭക്തിയോടെ സാദനും രാമരാമേതി ജപിക്കയാല്‍ മുക്തി സിദ്ധിച്ചിടും’ എന്നാണ്. അപൂര്‍ണമായ അറിവ് അഹങ്കാരമുണ്ടാക്കുന്നു. അര്‍ജുനന്‍ ഒരു സന്ദര്‍ഭത്തില്‍ ഭഗവാനെ പോലും ഉപദേശിക്കുന്നു. ഈ യുദ്ധത്തിലൊന്നും  കാര്യമില്ലായെന്നും മറ്റും.


നാം ഉത്തമനായ ഗുരുവിനെ വേണം സ്വീകരിക്കാന്‍. സാക്ഷാത്കാരം നേടിയാല്‍ മാത്രമെ യഥാര്‍ത്ഥ ഗുരു ആകുന്നുള്ളു. നരേന്ദ്രന്‍ ‘നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ’ എന്ന് ചോദിച്ചപ്പോള്‍ ‘നിന്റെ കണ്ണുകള്‍ കണ്ടാല്‍ യോഗിയുടെത് പോലുണ്ട് എന്നാണ് ദേവേന്ദ്രനാഥ ടാക്കൂര്‍ മറുപടി പറഞ്ഞത്. എന്നാല്‍ ജീവിതം മുഴുവന്‍ ആദര്‍ശത്തിന് വേണ്ടി മാത്രം മാറ്റിവച്ച
ശ്രീരാമകൃഷ്ണദേവന്‍ ‘ ഉണ്ട് കുഞ്ഞേ, നിന്നെക്കാണുന്നത് പോലെ ഞാന്‍ കണ്ടിട്ടുണ്ട്’ എന്നാണ്  സംശയലേശമന്യേ മറുപടി പറഞ്ഞത്. നിരുപാധികമായ സമര്‍പ്പണത്തിലൂടെയാണ് ഒരു ശിഷ്യന്‍ ഉടലെടുക്കുന്നത്. അര്‍ജുനന് ഈ പ്രപത്തി ഉണ്ടായപ്പോഴാണ്
ഭഗവാന്‍ ഗീത ഉപദേശിച്ചത്. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ദീര്‍ഘനാളുകള്‍ക്കൊപ്പം അര്‍ജുനന്‍ ഒരിക്കല്‍ കൂടി ഗീത കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കുരുക്ഷേത്രഭൂമിയിലെ അര്‍ജുനനും അന്നത്തെ തന്നെ ഞാനുമല്ല ഇപ്പോള്‍. അതുകൊണ്ട് എനിക്കിപ്പോള്‍ സാധ്യമല്ല’ ഇതായിരുന്നു ഭഗവാന്റെ മറുപടി. ബ്രഹ്മചര്യനിഷ്ഠ അനിവാര്യമാണ്. ഏകലവ്യന്റെ കഴിവ്, സാധനകൊണ്ടും അപാരമായ ഗുരുഭക്തികൊണ്ടും നേടിയതാണ്. അര്‍ജുനനെയും അത്ഭുതപ്പെടുത്തിയ വിദ്യയാണ് ഏകലവ്യന് പ്രാപ്തമായത്. കുരക്കുന്ന നായയുടെ വായില്‍ ഏഴ് അമ്പ്. നായയുടെ ജീവന് ഒന്നും സംഭവിച്ചില്ല. ഒരു തുള്ളി രക്തം വന്നില്ല. ഓരോ അമ്പും ഒന്നിനു പിറകെ ഒന്നായി അയച്ചതാണ്. ഏഴുതവണയായി. നായയുടെ വായില്‍ പ്രവേശിച്ച സമയം പക്ഷേ ഏഴും ഒരുമിച്ചാണ്. ഒന്നുപോലും അല്പം കൂടുതലോ കുറവോ പോയില്ല. നായ കുരച്ചു കൊണ്ടുമിരിക്കുന്നു.  ഇങ്ങനെ ചെയ്യാനുള്ള ഏകലവ്യന്റെ കഴിവിലാണ് അര്‍ജുനന്‍ പോലും തോറ്റുപോയത്. പക്ഷേ ഇതുപോലൊരു കഴിവിനെ നിസാരമായ ഒരു കാര്യത്തിന് ഉപയോഗിച്ചത് അപൂര്‍ണമായ ജ്ഞാനമാണ്. അതുകൊണ്ട് ഗുരുദക്ഷിണയായി പെരുവിരല്‍ ചോദിച്ചു.  ഏകലവ്യന്റെ അനന്യമായ ഗുരുഭക്തിയിലും നിഷ്‌കളങ്കതയിലും സംപ്രീതനായ ദ്രോണാചാര്യന്‍ ‘നിന്റെ കഴിവുകള്‍ ശതഗുണീഭവിക്കട്ടെ” എന്നനുഗ്രഹിച്ചു.

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം മഠാധിപതിയായി വിവിധ പരമ്പരകളിലുള്ള ആശ്രമങ്ങളിലെ മഠാധിപതിമാർ സ്വാമിസാധു  കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ സന്യാസ ദീക്ഷാ ഗുരു : അന്താരാഷ്ട്ര ധർമ്മപ്രചാരകൻ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ നേതൃത്വത്തിൽ സ്ഥാനാരോഹണം ചെയ്യുന്ന ചിത്രം.

യഥാസമയം ഓരോ വ്യക്തിക്കും ഗുരുവിനെ ലഭിക്കണം. ഒരു വ്യക്തിക്ക് കുലം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ ഏത് പ്രതികൂലമായാലും നല്ല ഒരു ഗുരുവിന് പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കും. അസുരകുലജാതനാണ് പ്രഹ്ലാദന്‍. പക്ഷേ നാരദമഹര്‍ഷിയുടെ ശിക്ഷണം കൊണ്ട് പ്രഹ്ലാദന്‍ ഉത്തമനായ നാരായണഭക്തനായി മാറി. ബ്രാഹ്മണകുലത്തില്‍
ജനിച്ചെങ്കിലും വിധിവശാല്‍ കാട്ടാളനായി ജീവിച്ച രത്‌നാകരനെന്ന കൊടുംഭീകരന്‍ സപ്തര്‍ഷികളുടെ സാമീപ്യം കൊണ്ട് വാത്മീകമഹര്‍ഷിയായി. ലോകമംഗളത്തിനായി രാമായണം രചിച്ച നൈഷ്ഠിക ബ്രഹ്മചാരിയും ധര്‍മിഷ്ഠനുമായ ഭീഷ്മര്‍ കൗരവരുടെ രാജധാനിയില്‍ വസിച്ചതുമൂലം അധര്‍മ്മത്തിനെതിരെ യഥാസമയം പ്രതികരിക്കാതായി. കുരുക്ഷേത്ര യുദ്ധാവസാനം ശരശയ്യയില്‍ കിടന്നുകൊണ്ട് ഭഗവാനോട് എനിക്കെന്തുകൊണ്ട് ഇങ്ങനെ കിടക്കേണ്ടിവന്നു എന്ന ചോദ്യത്തിന് ‘ഒരു പതിവ്രതയെ സഭാമധ്യത്തില്‍ വച്ച് വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ യഥാവിധി പ്രതികരിക്കാത്തതിന്’ എന്നായിരുന്നു മറുപടി. തന്റെ തെറ്റിനെ ബോധ്യപ്പെടുത്തി പശ്ചാത്താപവും പ്രായശ്ചിത്തവും ചെയ്യിച്ച് പരമപദം പൂകാന്‍ ഭഗവാന്‍ ഭീഷ്മര്‍ക്ക്
തുണയാകുന്നു.

ഉള്‍ക്കാഴ്ചയിലൂടെ ജന്മം സഫലമാക്കാന്‍ സഹായിച്ച ഗുരുവിനെ പൂജ ചെയ്യുന്നു. ദക്ഷിണ അര്‍പ്പിക്കുന്നു. തനമനധന പൂര്‍വകമായ സമര്‍പ്പണം. ഗുരുവിന്റെ മനസ് അറിഞ്ഞ് ഗുരുദക്ഷിണ. ഗുരു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ദക്ഷിണ നിശ്ചയിക്കുന്നതും.  ആ ദക്ഷിണ ആര്‍ജിക്കുന്നതിലൂടെയാണ് ശിഷ്യന്റെ ജ്ഞാനവും പൂര്‍ണമാകുന്നത്. ഗുരുവിലൂടെ ലഭിച്ച കഴിവിനെ സമാജോന്മുഖമായി വിനിയോഗിക്കാനുള്ള പരിശീലനം കൂടിയാണ് ഗുരുദക്ഷിണ. ഛത്രപതി ശിവജി പന്ത്രണ്ടാം വയസില്‍ തുടങ്ങിയ പരിശ്രമം 32 വര്‍ഷം കൊണ്ട് പൂര്‍ത്തികരിച്ച് 1694 ല്‍ താന്‍ ആര്‍ജിച്ചത് ലോകഹിതത്തിന് എന്നുള്ളതാണ് പൂര്‍വികര്‍ നമ്മെ പഠിപ്പിക്കുന്നത്. ഒരു ജന്മം മുഴുവന്‍ നേടിയ തപശക്തികൊ സ്വന്തം നട്ടെല്ലിനെ വജ്രായുധത്തിന് പാകമാക്കി വൃതാസുരനിഗ്രഹത്തിനായി ജീവന്‍ ത്യജിച്ച ദധീചി മഹര്‍ഷിയാണ് നമുക്ക് "പ്രേരണം ആത്മനോ മോക്ഷാര്‍ത്ഥംജഗത് ഹിതായ ച" എന്നതാണ് ശ്രീരാമകൃഷ്ണദേവന്റെ ജീവിതസന്ദേശം. മുഴുപട്ടിണിയില്‍ നിന്ന് മോചനം നേടാന്‍ ദേവിയോട് വരം ചോദിക്കാന്‍ മുന്നിലത്തിയപ്പോള്‍, എനിക്കുമാത്രം എന്തിന് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

വ്യാസജയന്തിയില്‍ ആഷാഢപൂര്‍ണിമ. ലോകം മുഴുവന്‍ ഗുരുപൂജ ചെയ്യുന്നു. നാരായണന്‍ മുതല്‍ തന്റെ മുമ്പിലുള്ള മുഴുവന്‍ ഗുരുപരമ്പരയെയും നാം പൂജിക്കുന്നു.

 സദ്ഗുരു : സിദ്ധ യോഗീശ്വരൻ : സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം സ്ഥാപക മഠാധിപതി

‘നാരായണം പത്മഭൂവം വസിഷ്ടം ശക്തിശ്ച തല്‍പുത്ര പരാശരശ്ച
വ്യാസം ശുകം ഗൗഢപദം മഹാന്തം ഗോവിന്ദ യോഗീന്ദ്ര മഥാസ്യ ശിഷ്യം
ശീശങ്കരാചാര്യ മഥാസ്യ പത്മപാദശ്ച ഹസ്താമലകശ്ച ശിഷ്യം
തം ത്രോടകം വാര്‍ത്തിക കാരമന്യാനസ്മല്‍ ഗുരുന്‍ സന്തത മാനതോസ്മി’

സാക്ഷാല്‍ നാരായണന്‍ മുതല്‍ ബ്രഹ്മദേവന്‍, വസിഷ്ഠന്‍, ശാക്തേയന്‍, പരാശരന്‍, വ്യാസന്‍, ശ്രീശുകന്‍, ഗൗഡപാദര്‍, ഗോവിന്ദാചാര്യര്‍, ശ്രീശങ്കരാചാര്യര്‍ എന്നിവരിലൂടെയാണ് അനാതിയായ ജ്ഞാനപ്രവാഹം നടന്നിട്ടുള്ളത്. പിന്നീട് ശങ്കരാചാര്യശിഷ്യരായ പത്മപാദര്‍, ഹസ്താമലകാചാര്യര്‍, ത്രോടകാചാര്യര്‍, സുരേശ്വരാചാര്യര്‍ എന്നിവരിലൂടെ ദശനാമി സമ്പ്രദായത്തില്‍ ഇന്ന് നമ്മുടെ കാലഘട്ടത്തിലേക്കും ആ പ്രവാഹം എത്തിനില്‍ക്കുന്നു.

 ഗുരുപൂജക്കും ഗുരുദക്ഷിണക്കും മനസ്സൊരുക്കി ഏവരും ഈ കൊറോണ കാലത്ത് സാമൂഹിക സുരക്ഷാ നിയമങ്ങൾ പാലിച്ച് ഗുരുനാഥന്മാരെ നേരിൽ കാണാൻ കഴിയുമെങ്കിൽ കണ്ട്, അല്ലെങ്കിൽ മനസ്സാ സ്മരിച്ച് ഗുരുദക്ഷിണ സമർപ്പിക്കുക.

എല്ലാവർക്കും ഗുരുപരമ്പരകളുടെ അനുഗ്രഹം ലഭിക്കട്ടെ എന്ന ആശംസകളോടെ ഗുരുപാദങ്ങളിൽ ഈ ബ്ലോഗ് സമർപ്പിക്കുന്നു


അഭിപ്രായങ്ങളും നിർദ്ദേശങ്ങളും


സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
കൃഷ്ണാനന്ദ സിദ്ധേ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട് പോസ്റ്റ്
തൃശ്ശൂർ ജില്ല.
കേരള
Phone. 9061 971 227


കടപ്പാട് : 


അഭിപ്രായങ്ങള്‍

  1. പ്രണാമം സ്വാമി 🙏🙏🙏 സദ് ഗുരുവിൻ്റെ സാമിപ്യം ഉണ്ടെങ്കിൽ സദാശിവൻ കൂടെ ഉണ്ട്🙏🙏🙏 ശംഭോ മഹാദേവ 🙏

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം