സാധു കണ്ട സീതാദേവി


അവൾ മുഖമുയർത്തി. 
ആ മിഴികളിൽ കത്തിയെരിയുന്ന കാട്ടുതീയുണ്ടായിരുന്നു.
"രാവണൻ്റെ സപ്രമഞ്ചത്തിൽ ഉറങ്ങുന്നതിനേക്കൾ ഭേതമാണ് അവൻ്റെ തീൻമേശയിൽ മാംസമായി കിടക്കുന്നത്. ചന്ദ്രഹാസമുയർത്തി നിങ്ങളുടെ ചക്രവർത്തി വരട്ടെ. അവനെന്നെ വധിക്കാൻ സാധിച്ചാൽ ....
പാതി നിർത്തി ഒരു നിമിഷം നിശബ്ദയായ സീത വീണ്ടും പറഞ്ഞു
ഭാര്യ എന്ന പദത്തിന് നിങ്ങളുടെ നാട്ടിൽ വലിയ വിലയൊന്നും ഉണ്ടാവില്ല. പക്ഷേ ഞങ്ങൾക്കത് പാവനമായൊരു പദമാണ്.
പാതിവ്രത്യത്തിൻ്റെ ചൂടറിഞ്ഞ നരാധമന്മാർ ഏറെയുണ്ട് കഥകളിൽ .....
ഞങ്ങൾ ഭർത്താവിൻ്റെ നിഴലായി നടക്കും. അവരെ സ്നേഹത്താൽ നയിക്കും.
സുഖദുഃഖങ്ങൾ ഒരുമിച്ച് പങ്കിടും, നിങ്ങൾ പറഞ്ഞ പോലെ പേരും, പെരുമയും, ധനവും, അധികാരവുമുള്ള ഒരുവനെ കണ്ടാൽ ഭർത്താവിനെ വിട്ട് കണ്ടവൻ്റെ കൂടെ പോകുന്നവരല്ല ഞങ്ങൾ. താലി ഞങ്ങൾക്ക് വെറുമൊരു ആഭരണമല്ല, അത് ആജീവാനന്തബന്ധമാണ്. മഞ്ഞളിൻ്റെ വിശുദ്ധിയും തങ്കത്തിൻ്റെ കരുത്തുമുള്ള ബന്ധം. അതിനാൽ പതിവ്രതകളായ സ്ത്രീകൾക്കു നേരെ ചന്ദ്രഹാസമുയർത്താൻ ധൈര്യമുണ്ടെങ്കിൽ നിങ്ങളുടെ രാജാധിരാജനോട് വരാൻ പറയൂ.... നിന്ന നിൽപ്പിൽ ഭസ്മമായിപ്പോകുമവൻ. അവളുടെ മിഴികളിലെ അഗ്നിനാളങ്ങൾ തങ്ങളേയും ദഹിപ്പിക്കും എന്ന് തോന്നിയതിനാലാകാം അവർ പിന്നെ ഉപദേശിക്കാൻ നിൽക്കാതെ മാറിപ്പോയി.

ലങ്കാധിപതിയായ രാവണൻ്റെ അശോകവനത്തിൽ താമരപ്പൊയ്കകളും,വള്ളിക്കുടിലുകളും നിറഞ്ഞ ഉദ്യാനത്തിൽ ലക്ഷ്മീ സമാനയായ ജനകപുത്രി കാട്ടുപുല്ലുകൾ നിറഞ്ഞ തറയിൽ മണ്ണും, പൊടിയും പുരണ്ട വസ്ത്രങ്ങളോടെ രാവണൻ്റെ ഭീഷിണികളേയും പലവിധ പ്രലോഭനങ്ങളേയും തള്ളിക്കളഞ്ഞ് രാമനേയും ധ്യാനിച്ചിരിക്കുമ്പോൾ കാവൽകാരായ രാക്ഷസ സ്ത്രീകളുടെ ഉപദേശത്തിന് മറുപടി കൊടുത്ത സീതാദേവിയുടെ വാക്കുകളാണത്.
ഒരു മുറിയിൽ, ഒരു കട്ടിലിൽ ഭർത്താവിൽ നിന്ന് അല്പമൊന്നകന്നു കിടന്നാൽ
ആ നിമിഷം വാട്സപ്പ് വഴി പുരുഷ സുഹൃത്തിനോട് സല്ലപിക്കാൻ നോക്കുന്ന ചില ആധുനിക ഭാര്യമാര്യമായി പുലബന്ധം പോലുമില്ലാത്തവളായിരുന്നു ശ്രീരാമൻ്റെ സീത. 
സീതയോട് രാക്ഷസ സ്ത്രീകൾ പറഞ്ഞത് മുഴുവൻ ഹനുമാൻ സ്വാമി മരത്തിനു മുകളിലിരുന്ന് കേൾക്കുകയായിരുന്നു.
അവർ പറഞ്ഞു,
സീതേ,
ഭവതീ, രാവണനേക്കുറിച്ച് നിനക്ക് എന്തറിയാം? കൈയ്യിലെത്തിയ സൗഭാഗ്യം ആരെങ്കിലും വിട്ടു കളയുമോ? അദ്ദേഹത്തിൻ്റെ പിതൃക്കളെക്കുറിച്ച് നിനക്ക് ചിന്തിക്കാൻ പോലും കഴിയുമോ?
ബ്രഹ്മാവിൻ്റെ മാനസപുത്രന്മാരായി ആറ് പ്രജാപതികൾ ഉണ്ടായിരുന്നു
അത്രി, മരീചി, അംഗിരസ്സ്, ക്രതു, പുലസ്ത്യൻ, പുലഹൻ എന്നിവർ മഹർഷിമാരായിരുന്നു. ഇതിൽ പുലസ്ത്യനെന്ന ദിവ്യൻ്റെ പുത്രനായ വിശ്രവസ്സാണ് രാവണൻ്റെ പിതാവ്. ഇങ്ങനെ മഹത്തായ കുലത്തിൽ ജനിച്ച ചക്രവർത്തിയുടെ പട്ടമഹിഷി സ്ഥാനം കൈവരുമ്പോൾ സ്വീകരിക്കുകയല്ലേ വേണ്ടത്?
ഇന്ദ്ര ലോകത്ത് പോലും വെന്നിക്കൊടി പാറിച്ച ധീരനാണ് രാവണൻ.  ഇന്ദ്രാണിയേക്കാൾ മഹത്വമുണ്ട് രാവണപട്ടമഹിഷിക്ക്.
ദേവീ,
ഞങ്ങൾ പറയുന്നത് കേൾക്കൂ.....
 അപ്സര നാരികളെക്കാൾ മനോഹരിയായ മണ്ഡോദരിയെപ്പോലും ഉപേക്ഷിച്ച് ദേവിയെ റാണിയാക്കാൻ ഒരുങ്ങുകയാണ് ചക്രവർത്തി. അത്രയേറെ ഭവതിയെ അദ്ദേഹം സ്നേഹിച്ചുപോയി. അതു കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയേറെ സൗമ്യമായി പെരുമാറുന്നത്. ക്ഷമകെട്ടാൽ ആ ക്രോധം
അഗ്നിപർവ്വതത്തേക്കാൾ അപകടകരമാണ്. അതിനാൽ ഞങ്ങൾ പറയുന്നത് കേൾക്കൂ.....  രാമനെ മറന്ന് ലങ്കയുടെ മഹാറാണിപ്പട്ടം സ്വീകരിക്കൂ...

ഇവരോടുള്ള സീതാദേവിയുടെ മറുപടി കേട്ട് ഭഗവാനെ മനസ്സുകൊണ്ട് നമസ്കരിച്ച ഹനുമാൻ ആ രാക്ഷസ്സ സ്ത്രീകൾ പോയപ്പോൾ സീതാദേവിയുടെ മുന്നിലെത്താനുള്ള തയ്യാറെടുപ്പിലായി.
ഇതാണ് ഹനുമാൻ കാത്തിരുന്ന നിമിഷം.
ഇനി വൈകിക്കൂടാ രാക്ഷസിമാർ ഉണരും മുമ്പ് സീതാദേവിയെ കണ്ട് സംസാരിക്കണം. സ്വാമിയുടെ സന്ദേശങ്ങളും, അംഗുലീയവും നൽകി മടങ്ങണം. ദേവി തന്നെ കാണുമ്പോൾ ഭയപ്പെടുമോ? സംസാരിക്കുന്ന കുരങ്ങനെ കണ്ട് ശബ്ദമുണ്ടാക്കിയാൽ കാവൽക്കാരികൾ ഉണരും. കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടും. ചിന്താവിഷ്ടനായ ഹനുമാൻ്റെ ഉള്ളിൽ രാമനാമം നിറഞ്ഞു.
ഇതു മതി ഇതാണുചിതം.

ഒരു മരച്ചുവട്ടിലിരുന്ന് ഹനുമാൻ പതിയെ പാടാൻ തുടങ്ങി.

രഘുവംശം .... സഹസ്ര വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ആ വംശത്തിൽ ദശരഥനെന്നൊരു മഹാരാജാവ് ജീവിച്ചിരുന്നു. അനേക വർഷം പുത്രഭാഗ്യമില്ലാതിരുന്ന ദശരഥന് പുത്രകാമേഷ്ടി യാഗഫലത്തിലൂടെ പിറന്ന നാല് മക്കളിൽ മൂത്തവനായിരുന്നു ശ്രീരാമചന്ദ്രൻ ....

സീത ഞെട്ടിയുണർന്നു.
ശ്രീരാമചന്ദ്രൻ?
ആരാണ് ആ പേര് ഇവിടെ പറഞ്ഞിരിക്കുന്നത്. ചുറ്റും നോക്കി. ആരുമില്ല. തോന്നലാകാം. മനസ്സിൽ നിറയുന്ന രാമരൂപം ചിന്തകളിൽ മറ്റൊന്നിനും കടന്നു വരാൻ കഴിയാത്ത വിധം വിശ്വരൂപമെടുത്ത് നിൽക്കുകയാണല്ലോ. സീത വീണ്ടും മിഴികളടച്ചു.

ബാല്യം കടക്കുന്നതിനു മുമ്പേ വിശ്വാമിത്ര മഹർഷി രാമനേയും അനുജനായ ലക്ഷ്മണനേയും തൻ്റെ യാഗം സംരക്ഷിക്കുന്നതിനായി കാട്ടിലേക്ക് കൊണ്ടുപോയി. താടകവനത്തിൽ വച്ച് ദുഷ്ടയായ താടകയെ രാമൻ വധിച്ചു.
ഇത്തവണ സീത ചാടിയെഴുന്നേറ്റു. സത്യം ആരോ വന്നിട്ടുണ്ട്. രാമൻ്റെ ജന്മം മുതൽക്കുള്ള കഥകൾ വളരെ വ്യക്തമായി പറയുന്ന മെങ്കിൽ അതാരായിരിക്കും?. മരത്തിനു പിന്നിൽ ചെന്നു നോക്കി. രണ്ട് വേരുകൾക്കിടയിൽ കൂപ്പുകൈകളുമായി കണ്ണടച്ചിരിക്കുന്ന ഒരു കുട്ടിക്കരങ്ങനെയല്ലാതെ ആരേയും കണ്ടില്ല. എന്തായാലും ഉറക്കം വരാതെ തളർന്നിരിക്കുന്ന ഈ രാത്രിയിൽ രാമകഥ കേൾക്കുകയെങ്കിലും ചെയ്യാമല്ലോ.... 
സീത വീണ്ടും മരത്തിൽ ചാരി കണ്ണടച്ചിരുന്നു.
വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷക്കു ശേഷം അവർ മിഥിലയിലെത്തി. ദൈവദത്തമായ ത്രയംബകം വില്ലു കുലച്ച് രാമൻ വരവർണ്ണിനിയായ സീതാദേവിയെ സ്വന്തമാക്കി.......
ഹനുമാൻ കഥ തുടർന്നുകൊണ്ടിരുന്നു.

സീത, ഭൂതകാലത്തിൻ്റെ സുന്ദര തീരങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. രാമനെ കണ്ട ആ നിമിഷം കൺമുന്നിൽ തെളിഞ്ഞു വന്നു.
എടുത്തുയർത്തിയ ശൈവചാപവുമായി പുഞ്ചിരിച്ച് നിവർന്നു നിൽക്കുന്ന ആരോഗ്യ ദൃഢഗാത്രനായ രാജകുമാരൻ. അല്പം ഇരുണ്ടതെങ്കിലും ചൈതന്യം നിറഞ്ഞ രൂപം.ആ കണ്ണുകളാണ് അന്ന് തന്നെ ആകർഷിച്ചത്. ഗംഗയുടെ ആഴമുള്ള മിഴികൾ. അമിതമായ സന്തോഷമോ ദുഃഖമോ രാമനെ ബാധിക്കില്ലെന്ന് യോഗിവര്യൻ്റെ ഭാവമുണർത്തുന്ന കണ്ണുകൾ പറയുന്നു. മിഥിലയിലെ പൂവാടിയിൽ നിന്നും ശേഖരിച്ച കൃഷ്ണതുളസി കൊണ്ടുള്ള വരണമാല ആ കഴുത്തിലണിയിക്കുമ്പോൾ ശിരോവസ്ത്രത്തിനിടയിലൂടെ തെളിയുന്ന തന്നെ നാണത്തിൽ തുടുത്ത മുഖത്തേക്ക് നോക്കി മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചത് മറക്കാനാവുന്നില്ല.
സീത ഓർമ്മകളുടെ സ്വർണ്ണരഥത്തിലേറി മിഥിലയിൽ നിന്നും അയോധ്യയിലേക്ക് തിരിച്ചു. വിവാഹ ശേഷമുള്ള ദിനങ്ങൾ. അമ്മമാരും, അനുജത്തിമാരുമൊത്ത് അയോധ്യയിലെ കൊട്ടാരത്തിൽ കളിയും ചിരിയുമായി കഴിഞ്ഞ കാലം.

"ഒരു പെണ്ണിൻ്റെ ഏറ്റവും വലിയ ഭാഗ്യം ഭർത്ത്യഗൃഹത്തിൽ അന്യഥാ ബോധമില്ലാതെ കഴിയുക എന്നതാണ്."

കഥയിപ്പോഴും തുടരുന്നുണ്ട്. അവൾ ശ്രദ്ധിച്ചു. 
ഗുഹൻ തോണിയിൽ മുതലകൾ നിറഞ്ഞ ഗംഗാനദി കടത്തിയതും മുനിമാരെ സന്ദർശിച്ചതുമൊക്കെ ആരാണ് ഇത്ര വ്യക്തമായി പറയുന്നത്?.
ലങ്കാധിപനായ രാവണൻ സീതാദേവിയെ ബലമായി പുഷ്പകവിമാനത്തിൽ കയറ്റി ദക്ഷിണ ദിക്കിലേക്ക് കൊണ്ടുപോയി. യാത്രാമദ്ധ്യേ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ രാവണനെ നേരിട്ടു. രാവണൻ തൻ്റെ ചന്ദ്രഹാസത്താൽ ആ പക്ഷീ ശ്രേഷ്ഠൻ്റെ ചിറകുകൾ അരിഞ്ഞ് കളഞ്ഞു.
ദേവി തൻ്റെ ആഭരണങ്ങൾ ഉത്തരീയത്തിൽ പൊതിഞ്ഞ് താഴേക്കിട്ടു.
സീത ജടായുവിനെ ഓർത്തു. മനുഷ്യരുടെ ഭാഷ സംസാരിക്കുന്ന പക്ഷി. പഞ്ചവടിയിലേക്കുള്ള യാത്രയിൽ ഞങ്ങൾക്ക് വേണ്ട എല്ലാ സഹായവും നൽകിയ ജടായു. ചിറകറ്റു വീണ അദ്ദേഹത്തിന് എന്ത് പറ്റിക്കാണും? താഴേക്കിട്ട ആഭരണങ്ങൾ ആർക്കാണ് കിട്ടിയിട്ടുണ്ടാവുക?
ഇതുവരെയുള്ള കഥ തനിക്കറിയാമായിരുന്നു. ഇനി കഥ തുടർന്നാൽ ..... അത് തൻ്റെ മനസ്സിൻ്റെ ചിന്തകളല്ല എന്ന് സീത തിരിച്ചറിഞ്ഞു. 

കഥ അപ്പോഴും തുടരുകയായിരുന്നു. സശ്രദ്ധം സീത അത് കേട്ടിരുന്നു.

"... ആശ്രമത്തിൽ മടങ്ങിയെത്തിയ രാമലക്ഷ്മണന്മാർ സീതാദേവിയെ കാണാതെ പരിഭ്രമിച്ചു.. മുനിമാരോട് അന്വേഷിച്ചപ്പോൾ വിവരങ്ങൾ അറിഞ്ഞു. ദക്ഷിണ ദിക്കിലേക്ക് ആകാശമാർഗ്ഗമാണ് പോയതെന്ന് അവർ പ്രവചിച്ചു. ഇരുവരും തെക്കോട്ട് സഞ്ചരിച്ചു. വഴിയിൽ കിഷ്കിന്ധാധിപനായ സുഗ്രീവനെന്ന വാനരരാജനുമായി സഖ്യമുണ്ടാക്കി. സുഗ്രീവ ശത്രുവായ ബാലിയെ വധിച്ച് രാമൻ സിംഹാസനം സുഗ്രീവന് നൽകി. ഉടമ്പടി അനുസരിച്ച് സുഗ്രീവൻ സീതാന്വേഷണ ചുമതല ഏ കെടുത്തു. സീതാദേവി താഴേക്കിട്ട ആഭരണങ്ങൾ വാനരന്മാർക്കാണ് കിട്ടിയത്. അവരത് സുഗ്രീവനും സുഗ്രീവൻ രാമനും കൈമാറി. ആഭരണങ്ങൾ രാമചന്ദ്രപ്രഭു തിരിച്ചറിഞ്ഞതോടെ വാനരസേന നാനാദിക്കിലേക്കും പുറപ്പെട്ടു.
ദക്ഷിണദിക്കിലേക്ക് പുറപ്പെട്ട
വാനരസേന ജടായുവിൻ്റെ സഹോദരനായ സമ്പാതിയെ കണ്ടുമുട്ടി. ജടായു മരിച്ചു എന്ന വാർത്ത ഇവരിൽ നിന്നും അറിഞ്ഞ സമ്പാതി അനുജൻ്റ അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷം ലങ്കയേക്കുറിച്ചും, ലങ്കയിൽ രാവണൻ്റെ തടവുകാരിയായി കഴിയുന്ന സീതാദേവിയെക്കുറിച്ചും സൂചനകൾ നൽകി.

നിശബ്ദത നിറഞ്ഞ അല്പനേരം.

സീത ഇനിയെന്തെന്നറിയാൻ ആകാംക്ഷയോടെ ചുറ്റും നോക്കി. താൻ ലങ്കയിലുണ്ടെന്ന് തൻ്റെ പ്രിയതമൻ അറിഞ്ഞിരിക്കുന്നു. പക്ഷേ ഈ മഹാസാഗരം കടന്ന് എങ്ങിനെ അദ്ദേഹം ലങ്കയിലെത്തും?. 
ആലോചനകളുടെ ആഴക്കടലിൽ മുങ്ങിത്താഴുന്നതിനിടെ ആ ശബ്ദം സീത വീണ്ടും കേട്ടു .

"എങ്ങിനെ കടൽ കടക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിൽ വൃദ്ധനായ ജാംബവാൻ ഒരു മാർഗ്ഗം പറഞ്ഞത്.കടൽ ചാടിക്കടക്കുക. ഇത്രയും വലിയ കടൽ എങ്ങിനെ ഒരു വാനരന് ചാടിക്കടക്കാനാകും, കുരങ്ങന്മാർക്കിടയിൽ ഹനുമാൻ എന്നൊരുവനുണ്ട്. ജന്മനാ തന്നെ അവന് ചാല സിദ്ധകൾ നൽകപ്പെട്ടിരിക്കുന്നു. അങ്ങിനെ ജാംബവാൻ്റെ നിർദ്ദേശപ്രകാരം ദേവിയെ തിരക്ക് ആ വാനരൻ, ഈ ഞാൻ.... ഇവിടെ എത്തിയിരിക്കുന്നു.

സീതക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.  എങ്ങിനെയാണിത് വിശ്വസിക്കുക. കടൽ ചാടിക്കടന്ന് ഒരു വാനരൻ ഇവിടെയെത്തിയത്രേ!....
അതും മനുഷ്യ ഭാഷ സംസാരിക്കാൻ കഴിയുന്ന വാനരൻ. ജടായു എന്ന പക്ഷിക്കു സംസാരിക്കാമെങ്കിൽ കുരങ്ങും സംസാരിക്കമല്ലോ.....!
എന്നാലും കടൽ ചാടിക്കടക്കുന്നതെങ്ങിനെ?
ഇവൻ്റെ വാക്കുകൾ അവഗണിക്കാനും അവിശ്വസിക്കാനും കഴിയുന്നില്ല.രാമചരിതം ആദിമദ്ധ്യാന്തം വർണ്ണിക്കുന്നുണ്ടല്ലോ. 
അയോദ്ധ്യയിൽ നടന്ന സംഭവങ്ങൾ വരെ എത്ര കൃത്യമായിട്ടാണ് പറയുന്നത്!.

ഹനുമാൻ മരത്തിനു പിന്നിൽ നിന്ന് സീതയുടെ മുന്നിലെത്തി. സാഷ്ടാംഗം നമസ്കരിച്ചു.
സംശയഭാവത്തോടെ തന്നെ നോക്കുന്ന സീതാദേവിയെ കണ്ട് കുറച്ച് പിറകോട്ടു മാറി നിന്ന് ഹനുമാൻ വളരെ സുരക്ഷിതമായി വച്ചിരുന്ന അംഗുലീയം കൈയ്യിലെടുത്തു.
ദേവീ... സംശയം വേണ്ട. ഞാൻ ശ്രീരാമചന്ദ്രമൂർത്തിയുടെ ദൂതൻ തന്നെയാണ്. ഇതാ ഈ അംഗുലീയം നോക്കുക. അവിടുത്തേക്ക് സന്ദേഹമൊട്ടും ഉണ്ടാകാതിരിക്കാൻ സ്വാമി എന്നെ ഏല്പിച്ചതാണ്. സീതയുടെ പാദങ്ങളിൽ മോതിരം സമർപ്പിച്ച് ഹനുമാൻ വണങ്ങി മാറി നിന്നു.
ഇന്ദ്രനീലക്കല്ല് പതിച്ച തങ്കമോതിരം.  
ത്രയംബകം വില്ലൊടിഞ്ഞ ശബ്ദം കേട്ട് കോരിത്തരിച്ചു നിന്ന തന്നെ രാമനണിയിച്ച വൈരമോതിരത്തിന് പകരമായി ഞാനണിയിച്ച അംഗുലീയം. സീത ആ മോതിരം കണ്ണുകളോട് ചേർത്തു പിടിച്ചു. രാമസ്മരണകളാൽ നിറഞ്ഞു തുളുമ്പിയ മിഴികളിൽ നിന്നും അടർന്നുവീണ കണ്ണീരാൽ ആ മോതിരം നനഞ്ഞു.

എൻ്റെ സ്വാമി സുഖമായിരിക്കുന്നോ? ഇടറുന്ന ശബ്ദത്തോടെ സീത ചോദിച്ചു. എന്നെ കാണാത്ത ദുഃഖത്താൽ ഭക്ഷണവും ഉറക്കവും മറന്ന് ക്ഷീണിച്ചിരിക്കുകയാകും അല്ലേ?.... ഹനുമാൻ മറുപടി പറയും മുമ്പ് എന്തൊക്കെയോ ഓർത്തിട്ടെന്ന പോലെ സീതാദേവി പൊട്ടിക്കരയാൻ തുടങ്ങി.
"ദേവീ അരുത് കാവൽക്കാരികൾ ഉണരും. അവിടന്ന് ധൈര്യമായിട്ടിരിക്കുക. സ്വാമിയുടെ ആജ്ഞ അനുസരിക്കാൻ പതിനായിരക്കണക്കിന് വാനരസേനയുണ്ട്. സൂര്യപുത്രനായ സുഗ്രീവനും, രാമദേവൻ്റെ അനുജൻ ലക്ഷ്മണനും കൂടെയുണ്ട്. മംഗളമൂർത്തിയായ രാമചന്ദ്രപ്രഭു വരും. അധർമ്മത്തിൻ്റെ ആൾരൂപമായ രാവണൻ്റെ വംശത്തെ ചുട്ടുചാമ്പലാക്കി ദേവിയെ തിരികെ കൊണ്ടു പോകും.
ഈ മഹാസാഗരം ചാടിക്കടക്കാൻ എനിക്കു ശക്തി നൽകിയ കൈലാസനാഥനെ സാക്ഷിയാക്കി ഞാനുറപ്പുതരുന്നു.
ഹനുമാൻ്റെ വാക്കുകൾ കേട് സീതയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. മാസങ്ങൾക്കു ശേഷം ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് കാലവർഷക്കാറുകൾ പെയ്തൊഴിഞ്ഞ ആകാശത്ത് ഉദിച്ചുയർന്ന സൂര്യബിംബത്തിൻ്റെ പ്രകാശമുണ്ടായിരുന്നു.
രാക്ഷസ വർഗ്ഗമാകെ നീചന്മാമാരാണ്. എല്ലാറ്റിനേയും ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്. ഹനുമാൻ പറഞ്ഞു.
എല്ലാവരും ദുഷ്ടന്മാരല്ല. രാവണന് വിഭീഷണൻ എന്നൊരു സഹോദരനുണ്ട്. സത്യവും ധർമ്മവും മാത്രം നോക്കി മാത്രം ജീവിക്കുന്ന ഒരുവൻ.സീത പറഞ്ഞു. അയാൾ പല തവണ ജ്യേഷ്ഠനെ ഉപദേശിച്ചത്രേ..... എന്നെ തിരികെയെത്തിക്കാൻ.
അദ്ദേഹത്തിൻ്റെ പുത്രി കല ഇടക്കിടെ ഇവിടെ വരും. അവളുടെ അമ്മയും നന്മയുള്ള സ്ത്രീയാണ്. പക്ഷേ അതുകൊണ്ടെന്തു ഫലം?
ഈ നിരപരാധികളും ആ ദുഷ്ടന്മാരുടെ പാപങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുമല്ലോ...

"ഞാനുടനെ തിരികെ ചെന്ന് സ്വാമിയെ വിവരങ്ങൾ ധരിപ്പിച്ചാൽ ഉടനെ ഞങ്ങൾ രാമചന്ദ്രമൂർത്തിയോടൊപ്പം ലങ്കയിലേക്ക് വരും." ഹനുമാൻ ആവേശത്തോടെ പറഞ്ഞു.
എത്ര മാസങ്ങളായി അദ്ദേഹത്തെ കാണാതെ ഞാനീ മരച്ചുവട്ടിൽ കഴിയുന്നു. മനസ്സ് കൊതിക്കുകയാണ്. ഒരു നോക്കു കാണാൻ എന്നാണ് അതിനു സാധിക്കുക?. നിറഞ്ഞൊഴുകിയ മിഴികൾ സീത തുടച്ചു. 

"എങ്കിൽ ഒരു കാര്യം ചെയ്യൂ
അമ്മേ ദേവീ എൻ്റെ തോളിൽ കയറിയിരുന്നാട്ടെ. സൂര്യോദയത്തിനു മുമ്പ് ഭഗവാൻ്റെ മുന്നിൽ ഞാനെത്തിക്കാം. ഹനുമാൻ ശിരസ്സ് കുനിച്ചു നിന്നു.

മനോവേദനകൾക്കിടയിലും സീത ചിരിച്ചു പോയി.

കളി പറയാനുള്ള നേരമല്ല കുട്ടി കുരങ്ങാ ഞാനെങ്ങിനെ നിൻ്റെ മേൽ കയറിയിരിക്കും.?
"കടൽ ചാടിക്കടന്ന് ഇവിടെയെത്താമെങ്കിൽ അതിനും സാധിക്കും. ഏതായാലും സംശയം തീർത്തു തരാം" .ഹനുമാൻ അല്പം പിറകോട്ടു മാറിനിന്നു. 

സീത വിസ്മയഭരിതയായി.

ഇത്തിരി ക്കുഞ്ഞൻ കുരങ്ങൻ ഹനുമാൻ കാണെക്കാണെ ഉയർന്നു വളർന്നു.
ശിംശപ വൃക്ഷത്തേക്കാൾ ഉയരത്തിൽ .... രാവണൻ്റെ മട്ടുപ്പാവിനേക്കാൾ ഉയരത്തിൽ ....കോട്ട വാതിലിൽ സ്ഥാപിച്ച ദീപസ്തംഭത്തക്കാൾ ഉയരത്തിൽ .

സീത പൊട്ടിക്കരഞ്ഞുപോയി.

കരളിൽ നിറഞ്ഞ ആനന്ദമത്രയും കണ്ണുകളിലൂടെ ഗംഗയായി ഒഴുകിയെത്തി.
താൻ നിരാലംബയല്ല. രാവണൻ്റെ ഉദ്യാനത്തിൽ ഇക്കാലമത്രയും ഊണും ഉറക്കവും ഉപേക്ഷിച്ച് കിടന്നത് വെറുതെയാകില്ല. ആരൊക്കെയോ രാമനു തുണയായി ലഭിച്ചിരിക്കുന്നു.
അവിശ്വസനീയമായ  എന്തൊക്കെയോ തൻ്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്. ആർക്കും എടുത്തുയർത്താൻ കഴിയാത്ത ശൈവചാപം ഒരാൾ അനായാസം ഞാൻ കെട്ടി ഉറപ്പിക്കുക.
വഴിയിൽ തടഞ്ഞ ത്രികാലജ്ഞാനിയും, വിശ്വൈക ധനുർധരനുമായ ഭൃഗുരാമനെപ്പോലും അസ്തപ്രജ്ഞനാക്കുക. മൂന്നേമുക്കാൽ നാഴിക കൊണ്ട് ഖരനേയും ദൂഷണത്രിശ്ശിരാക്കളേയുമൊക്കെ യമപുരിക്കയക്കുക. ഇപ്പോഴിതാ കടൽ ചാടിക്കടന്നു വന്ന ദൂതൻ വിണ്ണുയരത്തിൽ വളർന്നു നിൽക്കുന്നു. രാമനും രാമനെ ചുറ്റി നിൽക്കുന്നവരും വെറും മനുഷ്യരല്ലെന്നോ എങ്കിൽ .....
തനിക്കു ഇനി ഭയമില്ല.
രാവണൻ്റെ രാക്ഷസക്കോട്ടകളെ തച്ചുടക്കാൻ കരുത്തുള്ള വാനര വീരന്മാരുടെ സേനയുമായി രാമനെത്തും.
ആ കരവേഗത്തിൻ മുമ്പിൽ രാവണൻ അടിയറവ് പറയും.
ഹനുമാൻ വീണ്ടും പഴയ രൂപത്തിലെത്തി.
"ഇപ്പാൾ വിശ്വാസമായില്ലേ... നമുക്ക് പുറപ്പെടാം... ഹനുമാൻ പറഞ്ഞു.

വേണ്ട!....
 ഒരു ദൂതനെന്ന നിലയിൽ അങ്ങ് സ്വന്തം കടമ നിർവ്വഹിക്കുക.
അദ്ദേഹം വരട്ടെ!
രാമബാണങ്ങളാൽ ലങ്കാപതിയുടെ അഹങ്കാരത്തിൻ്റെ മകുടങ്ങൾ അറ്റുവീഴുന്നത് എനിക്കു കാണണം. താങ്കളുടെ കരബലത്താൽ രാമൻ രാവണനെ ജയിച്ച് സീതയെ വീണ്ടെടുത്തു എന്ന് നാളെ ലോകം പറഞ്ഞാൽ അദ്ദേഹത്തിന് അത് താങ്ങാൻ കഴിയുന്നതല്ല.
വേഗം മടങ്ങിപ്പോവുക!
എത്രയും വേഗം അവിടെയെത്തി അദ്ദേഹത്തെ വിവരങ്ങൾ അറിയിക്കുക. " സീത തൻ്റെ ചേലത്തുമ്പിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ചൂഡാരത്നം സാവകാശത്തിൽ പുറത്തെടുത്തു. .
"ഹനുമാനേ, 
ഇത് സ്വമിയെ ഏല്പിച്ച്, എന്നെ കണ്ടുവെന്ന് അടയാളമായി ഇത് നൽകണം.
 ഭക്ത്യാദരങ്ങളോടെ ചൂഡാരത്നം ഏറ്റുവാങ്ങി പ്രണമിച്ച് ഹനുമാൻ യാത്രാനുമതി തേടി.

" ദേവീ 
ഉദയങ്ങളും, അസ്തമനങ്ങളും ഇനി പ്രതീക്ഷയുടെ കിരണങ്ങൾ ചൊരിയട്ടെ!. അവിടന്നനുഭവിച്ച വേദനകൾ ഇനി ഒരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെ. രാവണൻ്റെ ലങ്കാപുരിയിൽ നിന്ന് കാവൽദേവതയായ ലങ്കാലക്ഷ്മി മറഞ്ഞു കഴിഞ്ഞു. എവിടെ സ്ത്രീ അപമാനിതയാവുന്നുവോ, അവിടെ അവൾ നിരാശ്രയത്വത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ അമരുന്നുവോ, അവിടെ നിന്ന് ഐശ്വര്യം മറയും. അരാജകത്വത്തിൻ്റെ കരിനിഴൽ വീണ നാട്ടിൽ തിന്മകൾ ഫണമെടുത്താടുമ്പോൾ, അവൻ വരും. ഉയർത്തിപ്പിടിച്ച മഹാചാപവുമായി.....
 അതിൽ നിറയെ ദിവ്യാസ്ത്രങ്ങളുമായി ....
കാറ്റിനേയും, കടലിനേയും, അഗ്നിയേയും, ആകാശത്തേയും തനിക്കു തുണയാക്കി ആ സംഹാരമൂർത്തി ലങ്കയെ നോക്കി ഇതാ ... പടയൊരുക്കം തുടങ്ങുകയായി.
ഞാനവിടെയെത്തി ദേവി നൽകിയ ചൂഡാരത്നം ആ പാദങ്ങളിൽ സമർപ്പിക്കുന്ന നിമിഷം അതാണ് ലങ്കാധിപൻ്റെ അഹന്തയുടെ വിധി നിർണ്ണയിക്കുന്ന ആദ്യ നിമിഷം.
അമ്മേ ദേവീ, എന്നെ അനുഗ്രഹിച്ചയക്കുക.

പ്രതീക്ഷയുടെ മരന്ദമാരിയായി സീതയുടെ മനസ്സ് നിറഞ്ഞു. അവൾ ഇരുകരങ്ങളുമുയർത്തി ഹനുമാനെ അനുഗ്രഹിച്ചു.
കൃതാർത്ഥതയോടെ മരക്കൊമ്പിലേക്ക് ചാടിക്കയറി ഒരിക്കൽ കൂടി സീതാദേവിയെ തിരിഞ്ഞു നോക്കി ഇല ചാർത്തിനുള്ളിൽ മറയുന്ന ആ അത്ഭുത കുട്ടിക്കുരങ്ങനെ സീത നോക്കിയിരുന്നു.

ശുഭം

****************************
സീതാദേവിയുടെ ചൂഡാരത്‌നവുമായി ശ്രീരാമസന്നിധിയിലേക്ക് പോയ ഹനുമാൻ ലങ്കാനഗരിയിൽ നിന്ന് വെറുതെ പോവുകയല്ലായിരുന്നു. 

എൻ്റെ ദേവി വൃക്ഷച്ചുവട്ടിൽ വിശന്ന്  ഉറങ്ങാതിരിക്കുമ്പോൾ ഇന്ന് മുതൽ സപ്രമഞ്ചത്തിൽ രാവണനും, ലങ്കാവാസികളും സുഖമായി ഉറങ്ങണ്ട.
ഇനി അവരുടെ രാത്രികൾ നിദ്രാവിഹീനങ്ങളാകണം. ഭയം എന്നത് രാവണസിരകളിൽ പടർന്നിറങ്ങണം. ഹനുമാൻ കോട്ട മതിലിനു മുകളിൽ നിന്നും താഴേക്കിറങ്ങി മനോഹരമായ ഉദ്യാനത്തിലേക്ക് കയറി.
ലങ്കാപുരിക്ക് ഹനുമാൻ നൽകിയ ശിക്ഷ മറ്റൊരു പോസ്റ്റിൽ ഉടൻ പ്രതീക്ഷിക്കാം.

സാധുകണ്ട സീതയെ നിങ്ങൾക്കിഷ്ടപ്പെട്ടു എങ്കിൽ അഭിപ്രായങ്ങൾ എഴുതുക.

നിർദ്ധരായ സന്യാസിമാർക്കുള്ള ആശ്രയ കേന്ദ്രമാണ് കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.സിദ്ധയോഗിശ്വരനായ കൃഷ്ണാനന്ദ സരസ്വതി മഹാരാജിനാൽ 1961 ൽ സ്ഥാപിച്ച ആശ്രമം. 26 വർഷം മുമ്പ് സമാധിസ്ഥനായ ആ മഹാഗുരുവിൻ്റെ സമാധി ക്ഷേത്രം സിദ്ധന്മാരും, അവധൂതന്മാരും, വന്ന് താമസിച്ച് ജപ ധ്യാനങ്ങൾ ചെയ്യാറുള്ള പുണ്യഭൂമി.
ഈ തപോഭൂമിയുടെ സംരക്ഷണ ചുമതലയാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി എന്ന ഈ ലേഖകനുള്ളത്. 
വൃദ്ധരായ സന്യാസിശ്രേഷ്ഠന്മാരെ സംരക്ഷിക്കുന്നതിനായി നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി സഹകരിക്കുക.
ആശ്രമ സഹായ സമിതി,
കൃഷ്ണാനന്ദം സത്സംഗ സമിതി ,
കൃഷ്ണാനന്ദ വേദ ആശ്രമം
 9061971227
 9207971227

അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy 
SBl Pattambi branch 
A/c : 37707148920
IFSC : SBIN0070186.

GooglePay: 9061971227

വന്ദേ ഗുരുപരമ്പരാം:

അഭിപ്രായങ്ങള്‍

  1. പ്രണാമം സ്വാമി 🙏🙏🙏 വളരെ വളരെ പ്രാധാന്യം ഉള്ള ഒരു സ്ത്രീ കഥാപാത്രം....🙏🔥🔥 മുഴുവനും വായിച്ചില്ല... വായിച്ച്, മനനം ചെയ്ത് ബാക്കി അഭിപ്രായം പോസ്റ്റ് ചെയ്യാം 🙏👍 ശംഭോ മഹാദേവ 🙏

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഭഗവാൻ ശ്രീ രാമചന്ദ്രൻ തുണയ്ക്കും. ഉറപ്പ്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം