തിരുവാതിര



ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതത്തിന്റെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര. അശ്വതിനാളില്‍ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളിൽ സമാപിക്കുന്നു. അശ്വതിയിൽ വ്രതം തുടങ്ങിയാല്‍ പുലർച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളിൽ പ്രകാശം പരക്കുംമുമ്പ്, കാർത്തികനാളിൽ കാക്ക കരയും മുമ്പ്, രോഹിണി നാളിൽ രോമം പുണരുംമുമ്പ്, മകയിരം നാളിൽ മക്കൾ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം എന്നാണ് പഴമൊഴി.

കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകൾ. അതിൽ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കുവേണ്ടിയാണെങ്കിൽ തിരുവാതിര ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്. മകയിരത്തിന്റെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചിൽ, ഏത്തയ്ക്ക, മാറാൻ ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകൾ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വൻപയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്.
സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീകൾ‌ നൂറ്റൊന്നു വെറ്റില കീറാതെ മുറുക്കണമെന്നാണ് പറയുന്നത്. തിരുവാതിര നാളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് പാതിരപ്പൂചൂടൽ. പാതിരാപ്പൂ എന്നു പറയുന്നത് ദശപുഷ്പത്തെയാണ്. വളരെ രസകരമായ നിമിഷങ്ങളാണ് ഇത്. കുട്ടികൾ കളിക്കാറുളള പൂപറിക്കാൻ പോവുന്നോ എന്ന കളിപോലെയാണിതും തുടങ്ങുന്നത്. തിരുവാതിര കളിക്കുന്ന സ്ത്രീകൾ ഇരുഭാഗമായി തിരിയുന്നു. ഒരു ഭാഗമുളളവർ പൂ പറിക്കാൻ പോരുമോ എന്ന പാട്ടുപാടുമ്പോൾ മറുഭാഗത്തുളളവർ ഞങ്ങളാരും വരുന്നില്ല എന്ന പാട്ടുപാടുന്നു. പ്രാദേശിക വ്യത്യാസം അനുസരിച്ച് ആ ദേശത്തെ ദേവനെ വണങ്ങി ഈ പാട്ടുകളിൽ സ്തുതിക്കാറുണ്ട്.
പാതിരാ കഴിയുന്നതോടെ പാതിരാപ്പൂ എടുക്കാൻ എല്ലാവരും കൂടി പോവുന്നു. കൊടിവിളക്കും അഷ്ടമംഗല്യവും കിണ്ടിയിൽ വെള്ളവുമായി ആർപ്പും കുരവയോടുംകൂടിയാണ് പാതിരാപ്പൂ എടുക്കാൻ പോവുന്നത്. പാതിരാപ്പൂ നേരത്തെ തന്നെ ഒരു സ്ഥലത്ത് കൂട്ടത്തിലുളള ആരെങ്കിലും വെച്ചിരിക്കും. പിന്നീട് പൂത്തിരുവാതിര കൊണ്ടാടുന്ന പെണ്ണിനെ ആവണിപ്പലകയിൽ ഇരുത്തി പാതിരാപ്പൂവിന്റെ നീര് കൊടുക്കുക എന്ന ചടങ്ങ് നടത്തും. പത്തു പുഷ്പങ്ങളെക്കുറിച്ചു പാടുന്ന പാട്ടിൽ എല്ലാം നീർകൊടുക്കാൻ പറയുന്നുണ്ട്. ആ സമയത്താണ് കിണ്ടിയിൽ നിന്നു വെള്ളം എടുത്ത് ചെറുതായി ഒഴിക്കുന്നു. അതുകഴിഞ്ഞ് പൂത്തിരുവാതിരപ്പെണ്ണ് പാതിരാപ്പൂ എടുത്ത് പഴയസ്ഥലത്ത് വരുന്നു. വഞ്ചിപ്പാട്ടാണ് ഈ സമയത്ത് പാടുന്നത്.
പാതിരാപ്പൂ വിളക്കത്തുവെച്ച് പൂത്തിരുവാതിരപ്പെണ്ണും കൂടെ ഇരിക്കുന്നു. പിന്നീടാണ് ദശപുഷ്പത്തെ സ്തുതിക്കുന്നത്. ഓരോ പൂവിനും ഓരോ ദേവതമാരുണ്ട്. പത്തു പുഷ്പത്തെക്കുറിച്ചും പാടിക്കഴിഞ്ഞാൽ പാതിരാപ്പൂ ചൂടുകയായി. തുടർന്നും തിരുവാതിരക്കളി തുടരുന്നു. പിറ്റേന്നും പുലർച്ചെവരെയാണ് കളി നടക്കുന്നത്.
ഓരോ ആചാരങ്ങൾക്കു പിന്നിലും ഓരോ നന്മയുണ്ട്. വിശുദ്ധിയുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് തിരുവാതിര. പഴയ തലമുറയിൽ നിന്നും നഷടപ്പെടാതെ കിട്ടിയ ഒരു ചൈതന്യം കൂടിയാണിത്.


ദശപുഷ്പങ്ങൾ
 അവയുടെ ഫലങ്ങൾ

ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

നെടുമംഗല്യത്തിന്

ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേവി സൗഭാഗ്യം

മഹ്യം തുഭ്യം നമോ നമഃ

ഈ മന്ത്രം ചൊല്ലി നിത്യേന ദേവിയെ ധ്യാനിക്കുന്നതും ദീർഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനും ഉത്തമമാണ്.

ഭാര്യാഭർതൃഐക്യത്തിന്

'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ'

ഭാര്യാഭർതൃഐക്യം വർദ്ധിപ്പിക്കാൻ ഈ മന്ത്രം ഉരുവിടുക

ദശപുഷ്പവും അതു ചൂടിയാലുളള ഫലവും

കറുക – ആധിവ്യാധി നാശം

പൂവാങ്കുരുന്നില – ദാരിദ്ര ദുഃഖശമനം

നിലപ്പന – പാപനാശം

കയ്യോന്നി – പഞ്ചപാപശമനം

മുക്കുറ്റി – ഭർത്തൃസുഖം, പുത്രസിദ്ധി

തിരുതാളി – സൗന്ദര്യ വർദ്ധനവ്

ഉഴിഞ്ഞ– അഭീഷ്ടസിദ്ധി

ചെറൂള – ദീർഘായുസ്സ്

മുയൽ ചെവിയൻ – മംഗല്യസിദ്ധി

കൃഷ്ണക്രാന്തി – വിഷ്ണു ഫലപ്രാപ്തി.

എട്ടങ്ങാടിയും മഹത്വവും

ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ എട്ടങ്ങാടി നിവേദിക്കലാണ് പ്രധാന ആകർഷണമായ ചടങ്ങ്.  ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, ഏത്തപ്പഴം, വൻപയർ, ശർക്കര എന്നിവയാണ് എട്ടങ്ങാടിയിൽ ചേരുന്നത്. ആർദ്രാവ്രതം നോൽക്കുന്ന അംഗനമാർ വീട്ടു മുറ്റത്തു കൂട്ടുന്ന ഉമിത്തീയിൽ ചേനയും ചേമ്പും ചെറുകിഴങ്ങും ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ ചുട്ടെടുത്ത് എട്ടങ്ങാടി തയാറാക്കുന്ന രീതിയായിരുന്നു പഴയ കാലത്ത്. ഇപ്പോൾ ചെറുകിഴങ്ങ് മാത്രമാണു ചുട്ടെടുക്കുക. ചേനയും ചേമ്പും കൂർക്കയും കാച്ചിലും ഏത്തക്കായയും വേവിച്ചു ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുത്തു നുറുക്കിയ ഏത്തപ്പഴവും ചീകിയ ശർക്കരയും ചേർത്താൽ എട്ടങ്ങാടിയുടെ ആദ്യഘട്ടം തയാറായി. ഇതിലേക്കു വൻപയറും എള്ളും വറുത്തു ചേർക്കുന്നു. കരിക്ക് ചെറിയ കഷണങ്ങളാക്കി അരിഞ്ഞു ചേർത്താൽ എട്ടങ്ങാടി തയാറായി.

തിരുവാതിര വിഭവങ്ങൾ
∙ തിരുവാതിരപ്പുഴുക്ക്
ആവശ്യമായ ഇനങ്ങൾ: 

1. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, നേന്ത്രക്കായ എന്നിവ നുറുക്കിയത് – 750 ഗ്രാം
2. കടല കുതിർത്ത് വേവിച്ചത് – 250 ഗ്രാം
3. നാളികേരം – ഒന്ന്
4. ജീരകം – ഒരു നുള്ള്
5. വറ്റൽ മുളക് വറുത്തത് – 12 എണ്ണം
6. മഞ്ഞൾപ്പൊടി – പാകത്തിന്
7. വെളിച്ചെണ്ണ – കുറച്ച്
8. കറിവേപ്പില, ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം – വെന്ത കടലയിലേക്ക് ഒന്നാമത്തെ ചേരുവകളും ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിക്കുക. നാളികേരവും ജീരകവും വറ്റൽമുളകും തരുതരു പ്പായി അരച്ച് വെന്ത കൂട്ടിലേക്ക് ഇട്ട് ഇളക്കുക. ഒപ്പം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ഉപയോഗിക്കുക.

തിരുവാതിരയെ കുറിച്ച് ചെറുതെങ്കിലും ഇങ്ങനെയൊരു വിശദീകരണം തയാറാക്കാൻ സഹായിച്ച സോഷ്യൽ മീഡിയയിയിലെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്ദി.
ചിത്രങ്ങൾ:
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൂറ്റനാട് റോഡിൽ കട്ടിൽമാടം പ്രദേശത്തെ മാരിയമ്മൻ സുബ്രഹ്മണ്യ ക്ഷേത്ര ഗ്രാമത്തിലെ തിരുവാതിര സംഘങ്ങൾ.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക:

സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
തൃശ്ശൂർ ജില്ല
9061971227
9207971227

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം