ഒരു കുഞ്ഞിന് ചെയ്യേണ്ട ആചാരങ്ങൾ

സാധുവിൻ്റെ ചെറിയ അറിവിലെ വിഷയങ്ങൾ മാത്രമാണ് ഇതിൽ ചേർക്കുന്നത്.
കാലദേശ ആചാരങ്ങങൾ അനുസരിച്ച് വിത്യാസം കാണാം.
 കേരളത്തില്‍ കാണുന്ന ഒരു പ്രത്യകതരം ആചാരമാണ് നൂല്കെട്ട്. ഇത് വീടുകളിലും  അമ്പലങ്ങളിലും വച്ച് നടത്താറുണ്ട്. കുഞ്ഞിന് 28 ദിവസം പ്രയാമുളളപ്പോള്‍ ആണ് ഈ അനുഷ്ഠാനം സാധാരണയായി നടത്തുന്നത്. കു‍ഞ്ഞ് ജനിച്ച ദിവസത്തെ നക്ഷത്രം ആദ്യം ആവര്‍ത്തിച്ച് വരുന്ന ദിവസമാണ് ഈ ചടങ്ങ് നടത്തുവാന്‍ ഏറ്റവും ഉത്തമം. എന്നാല്‍ 38 നും, 45നും, 90 നും ഈ ചടങ്ങ് നടത്താറുണ്ട്. കുടുംമ്പ ക്ഷേത്ര സന്നിധിയില്‍ നേര്‍ച്ചയായി നൂല് കെട്ട് ചടങ്ങുകള്‍ നടത്തുന്നതാണ് ഏറ്റവും ശ്രേഷ്ഠവും അത്യുത്തമവും. 90 ദിവസം കഴിയാത്ത കുഞ്ഞുങ്ങളെ ക്ഷേത്രത്തില്‍ കൊണ്ടു പോകാൻ പാടുളളതല്ല.

      നൂല് കെട്ട് ചടങ്ങിന്റെ പ്രാരംഭമായി ഒരു തട്ടത്തില്‍ അല്പം പച്ചരി നിരത്തി അതിനു മുകളില്‍ പുറുത്തിനാരില്‍* മഞ്ഞള്‍ പൂശി ഉണക്കിയെടുത്തതും, ഇടം പിരി വലം പിരി കോര്‍ത്ത കറുത്ത ചരടും, അരഞ്ഞാണം, തള, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും, 3 വെറ്റിലയും, ഒരുപാക്കും, കുറച്ച് നാണയങ്ങളും ഇട്ട് കുട്ടിയുടം ജന്‍മനക്ഷത്രം കുറിച്ച ഒരു തുണ്ടും പൂജക്കായി ദേവീസന്നിധിയില്‍ സമര്‍പ്പിക്കുന്നു. പൂജാരി പൂജിച്ചശേഷം ഇവതിരികെ ഏല്‍പ്പിക്കുമ്പോള്‍ ആണ് നൂല് കെട്ട് ചടങ്ങിന്റെ ആരംഭം. കുഞ്ഞിന്റെ അപ്പച്ചിമാര്‍ക്കോ (അമ്മാവി) അല്ലെങ്കില്‍ കുഞ്ഞിന്റെ അച്ഛനോ ഈ ചടങ്ങ് നടത്താവുന്നതാണ്. കുഞ്ഞിനെ അമ്മയുടെ മടിയില്‍ ഇരുത്തി ആദ്യം പുറുത്തിനാരും, തുടര്‍ന്ന് കറുത്തചരടും, പിന്നീട് അരഞ്ഞാണവും, അതിനുശേഷം തള, വള, മോതിരം, മാല എന്ന ക്രമത്തില്‍ അണിയിക്കാവുന്നതാണ്. അതിനുശേഷം മറ്റുളളവര്‍ക്കും കുഞ്ഞിന് ആഭരണങ്ങള്‍ അണിയിക്കാവുന്നതാണ്.
ഒരു വ്യക്‌തിയുടെ ജീവിതത്തില്‍ പലവിധത്തിലുള്ള ചടങ്ങുകള്‍ നടക്കാറുണ്ട്‌. അതു പലതും എങ്ങനെ അനുഷ്‌ഠിക്കണം അതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന്‌ അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ആദ്യമായി കുഞ്ഞിന്റെ കണ്ണെഴുതാന്‍ പറ്റിയ ദിവസം
-------------------------- കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ്‌ ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച്‌ ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച്‌ കണ്ണെഴുതിക്കാം. ഇതിന്‌ സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന്‌ ചില പ്രത്യേകതകള്‍ ഉണ്ട്‌. കയ്യോന്നിനീരും നാരങ്ങാനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്‌ണം മുക്കി ഉണക്കി അത്‌ പ്ലാവിന്‍ വിറക്‌ കത്തിക്കുന്ന നാളത്തില്‍ കത്തിച്ച്‌ കിട്ടുന്ന കരിയില്‍ നെയ്യ്‌ ചേര്‍ത്ത്‌ കണ്‍മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കേട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക്‌ ദര്‍ശനമായി തിരിഞ്ഞുനിന്ന്‌ വലതുകൈയിലെ മോതിരവിരല്‍കൊണ്ട്‌ ആദ്യം ഇടതുകണ്ണിലും പിന്നീട്‌ വലതുകണ്ണിലും മഷിയെഴുതിക്കണം.

പേരിടല്‍
------------------- കുഞ്ഞിന്‌ പേരിടുന്ന ചടങ്ങ്‌ വളരെ ആഘോഷപൂര്‍വ്വമായിട്ടാണ്‌ ഇന്ന്‌ നടത്തുന്നത്‌. കുട്ടിജനിച്ച്‌ 12-ാം നാളില്‍ പേരിടല്‍ നടത്തുന്നത്‌ ഉത്തമമാണ്‌. എന്നാല്‍ സാധാരണയായി 28-ാം ദിവസമാണ്‌ പേരിടുന്നത്‌. കിഴക്ക്‌ ദര്‍ശനമായി അച്‌ഛനോ, മുത്തച്‌ഛനോ, മുത്തശ്ശിയോ, അമ്മാവനോ കുട്ടിയെ മടിയിലിരുത്തി വേണം പേരിടേണ്ടത്‌. കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട്‌ അടച്ചുവച്ച്‌ വലതുചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ശേഷം വലതുചെവി അടച്ചുപിടിച്ച്‌ ഇടത്‌ ചെവിയില്‍ മൂന്നുതവണ പേര്‌ വിളിക്കണം. ചെവി അടച്ചുപിടിക്കാന്‍ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട്‌ മുകളിലും വാല്‍ താഴെയുമായിട്ട്‌ വേണം പിടിക്കുവാന്‍. ചെവിയില്‍ വിളിക്കുന്ന പേര്‌ ഒരിക്കലും മാറ്റരുത്‌. ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, പൂരൂരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നാളുകള്‍ ഒഴികെ ബാക്കി എല്ലാ നാളുകളും പേരിടാന്‍ യോഗ്യമാണ്‌. ചൊവ്വ, ശനി, കുട്ടിയുടെ പിറന്നാള്‍ ദിനം എന്നിവ പേരിടാന്‍ യോഗ്യമല്ല.

വാതില്‍പ്പുറപ്പാട്‌
---------------------------- കുട്ടി ജനിച്ച്‌ മൂന്നാം മാസത്തില്‍ പൗര്‍ണ്ണമിപക്ഷത്തിലെ ആദ്യ ഞായറാഴ്‌ച കുട്ടിയെ വീടിന്‌ പുറത്ത്‌ കൊണ്ടുവന്ന്‌ സൂര്യനെ കാണിക്കണം. ഈ പതിവാണ്‌ വാതില്‍പ്പുറപ്പാട്‌ എന്നറിയപ്പെടുന്നത്‌. നാലാം മാസത്തില്‍ പൗര്‍ണ്ണമി ദിവസം കുട്ടിയെ പൂര്‍ണ്ണചന്ദ്രനെ കാണിക്കുന്നതും ഉത്തമമാണ്‌.

തൊട്ടിലുകെട്ടല്‍
------------------------- കുട്ടി ജനിച്ച്‌ 56 ദിവസം കഴിഞ്ഞ്‌ കുട്ടിയെ തൊട്ടില്‍ കെട്ടി അതില്‍ കിടത്തുന്ന ഒരു പതിവുണ്ട്‌. വീടിന്റെ തെക്ക്‌ കിഴക്കേ മൂല തൊട്ടില്‍ കെട്ടാന്‍ യോഗ്യമല്ല. തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ തൊട്ടിലുകെട്ടുന്നത്‌ ഉത്തമമാണ്‌. തൊട്ടിലില്‍ കിടത്തുമ്പോള്‍ കുട്ടിയുടെ തല കിഴക്കോട്ടോ, തെക്കോട്ടോ ആവുന്നതാണ്‌ നല്ലത്‌. തെക്കുനിന്നും പടിഞ്ഞാറുനിന്നും തൊട്ടില്‍ ആട്ടരുത്‌. കറുത്തനിറമുള്ള വസ്‌ത്രങ്ങള്‍കൊണ്ട്‌ ഒരിക്കലും തൊട്ടില്‍ കെട്ടരുത്‌. തൊട്ടിലില്‍ മറ്റു തുണികള്‍ വലിച്ചുവാരിയിടുന്നത്‌ ശുഭമല്ല. വെളുത്തപക്ഷത്തിലെ വ്യാഴാഴ്‌ച ദിവസം കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നതാണ്‌ ഉത്തമം.

ചോറൂണ്‌
-------------------- ചോറൂണിന്‌ ശുഭമുഹൂര്‍ത്തം നോക്കണം. സാധാരണയായി പെണ്‍കുട്ടികള്‍ക്ക്‌ 5-ാം മാസത്തിലും ആണ്‍കുട്ടികള്‍ക്ക്‌ ആറാം മാസത്തിലുമാണ്‌ ചോറൂണ്‌ നടത്തുന്നത്‌. കുഞ്ഞിന്റെ അമ്മയുടെ കുടുംബക്ഷേത്രത്തിലോ, അടുത്തുള്ള ക്ഷേത്രത്തിലോവച്ച്‌ വേണം ചോറൂണ്‌ നടത്താന്‍. ദേവതയ്‌ക്ക് അഭിമുഖമായി ഇരുന്ന്‌ വേണം ചോറൂണ്‌ നടത്തുവാന്‍. കുഞ്ഞിന്റെ അച്‌ഛന്‍ കുഞ്ഞിനെ മടിയിലിരുത്തി തള്ളവിരലും മോതിരവിരലും ചേര്‍ത്ത്‌ അന്നമൂട്ട്‌ നടത്തണം. അശ്വതി, പുണര്‍തം, പൂയം, ഉത്രം, രോഹിണി, മകയിരം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രട്ടാതി, രേവതി, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാളുകള്‍ ചോറൂണിന്‌ നല്ലതാണ്‌. കുഞ്ഞിന്റെ ജന്മനക്ഷത്രത്തില്‍ ചോറൂണ്‌ നടത്തുന്നത്‌ നല്ലതല്ല.

മുടിമുറിക്കല്‍
---------------------- ജനിച്ചപ്പോള്‍ തന്നെയുള്ള മുടി കുട്ടിക്ക്‌ മൂന്ന്‌ വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മുറിക്കണം എന്നതാണ്‌ ആചാരം. പലരും കുട്ടിയെ ആറാംമാസത്തില്‍ തന്നെ മുടിയെടുപ്പിക്കുന്നുണ്ട്‌. ഇത്‌ കുട്ടിയുടെ തലയ്‌ക്ക് ഹാനികരമാണ്‌. കുട്ടിയുടെ ജന്മമാസത്തിലോ, ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോ
മുടി മുറിക്കുന്നത്‌ നല്ലതല്ല.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് ചേർക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക്

മഠാധിപതി
സാധു കൃഷ്ണാനന്ദ സരസ്വതി
കൃഷ്ണാനന്ദ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട് പോസ്റ്റ്
തൃശ്ശൂർ ജില്ല
കേരള
90 61 97 12 27
92 O7 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം