ഋഭുവിൻ്റെ കഥ
കഥാകൗതുകം
നിദാഘൻ
ഋഭു എന്ന പേരിൽ മഹാത്മാവായ ഒരു മഹർഷി ഉണ്ടായിരുന്നു. ബ്രഹ്മപുത്രനാണ് ഋഭു. അദ്ദേഹം ജന്മനാ പരമാർത്ഥതത്ത്വം അറിഞ്ഞ അസാധാരണ പണ്ഡിതനായിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു പുലസ്ത്യമഹർഷിയുടെ പുത്രനായ നിദാഘൻ. ഋഭുമഹർഷി എത്ര ശ്രമിച്ചിട്ടും നിദാഘന് ബ്രഹ്മബോധം സിദ്ധിച്ചില്ല. അഭ്യസിപ്പിക്കുന്ന വിദ്യ നല്ലപോലെ ഗ്രഹിക്കും. അദ്ധ്യാത്മജ്ഞാനവും നന്നായി ഉണ്ട്. എന്നാൽ അദ്വൈതത്തിൽ വിശ്വാസമില്ല.
ദേവികാനദിയുടെ തീരത്ത് വീരനഗരം എന്ന പേരിൽ അതിമനോഹരവും സമ്പൽസമൃദ്ധവുമായ ഒരു നഗരം ഉണ്ടായിരുന്നു. പുലസ്ത്യമഹർഷിയാണ് ആ നഗരം പണിയിച്ചത്. പുത്രനായ നിദാഘന് സസുഖം താമസിക്കുവാനായി പുലസ്ത്യൻ ആ നഗരം വിട്ടുകൊടുത്തു. അങ്ങിനെ നിദാഘൻ അവിടെ വാസം തുടങ്ങി. കുറച്ച് കാലത്തിനുള്ളിൽ ഗുരുകുലവും ഗുരുവിനെയുമെല്ലാം മറന്നു പോവുകയും ചെയ്തു. കുറേ വർഷങ്ങൾക്ക് ശേഷം ശിഷ്യനെ സന്ദർശിക്കാൻ ഋഭുമഹർഷി ആ നഗരത്തിലെത്തി. അപ്പോൾ നിദാഘൻ്റെ ഗൃഹത്തിൽ വൈശ്വദേവം എന്ന ഹോമം നടത്തുന്ന സന്ദർഭമായിരുന്നു. ഹോമം കഴിഞ്ഞാൽ നൂറ് ബ്രാഹ്മണർക്ക് ഹവിസ്സ് ആഹുതി ചെയ്യണം. അതിന് വേണ്ടി ബ്രാഹ്മണർ പല ദിക്കിൽ നിന്നും വന്നു ചേർന്നിരുന്നു. ഋഭുവും അവരുടെ ഇടയിൽ പോയി നിന്നു.
ഹോമം കഴിഞ്ഞപ്പോൾ നിദാഘൻ ഓരോരുത്തരെയായി അർഘ്യപാദ്യാദികൾ നൽകി ഗൃഹത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബ്രാഹ്മണരിൽ ഒരാളായി നിന്ന ഋഭുവിനെയും ആദരപൂർവ്വം ഉള്ളിലേക്കാനയിച്ച് കാൽ കഴുകിച്ച് പീഠത്തിൽ ഇരുത്തിയ ശേഷം ഭക്ഷണത്തിന് ക്ഷണിച്ചു. മുനിയുടെ ആഗ്രഹപ്രകാരം മധുരവസ്തുക്കളും പാനീയങ്ങളും അദ്ദേഹത്തിന് ആഹാരമായി നൽകി. ആഹാരത്തിനു ശേഷം നിദാഘൻ ഓരോ ബ്രാഹ്മണനോടും സന്തുഷ്ടനായോ എന്ന് ചോദിച്ചു. എല്ലാവരും സന്തോഷത്തോടെ നിദാഘൻ്റെ ആഥിത്യത്തെ പ്രശംസിച്ചു. ഋഭുവിനോടും അയാൾ വിനയപൂർവം ചോദിച്ചു. "മഹർഷേ, അങ്ങ് ഭക്ഷണപാനീയങ്ങളിൽ തൃപ്തനാണോ? അങ്ങെവിടെ നിന്ന് വരുന്നു? എവിടെയാണ് വസിക്കുന്നത്? എങ്ങോട്ട് പോകുന്നു?"
നിദാഘൻ്റെ ചോദ്യത്തിന് ഋഭുമഹർഷി ഇങ്ങനെ മറുപടി പറഞ്ഞു: "ഹേ ബ്രാഹ്മണാ, വിശന്നവന് മാത്രമേ ഭക്ഷണം കൊണ്ട് തൃപ്തി വരികയുള്ളൂ. എനിക്ക് വിശപ്പില്ലായിരുന്നു. അതിനാൽ തൃപ്തിയുമില്ല. എന്നാൽ അഹംപുരുഷൻ എന്ന ഞാനറിയുന്നു, വിശപ്പും ദാഹവുമെല്ലാം ശരീരത്തിൻ്റെ ധർമ്മങ്ങളാണ്. വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും എപ്പോഴും ഞാൻ തൃപ്തനാണ്. മനസ്സിൻ്റെ തൃപ്തിയും ചിത്തത്തിൻ്റെ സ്വസ്ഥതയും ഞാൻ എന്ന പുരുഷനെ ബാധിക്കുന്നതല്ല. എവിടെ വസിക്കുന്നു?, എവിടെനിന്ന് വരുന്നു?, എങ്ങോട്ട് പോകുന്നു? എന്നൊക്കെ ഭവാൻ ചോദിച്ചല്ലോ. അതിനെക്കുറിച്ചും അറിഞ്ഞുകൊള്ളു. പുരുഷൻ ആകാശത്തെപ്പോലെ എല്ലായിടത്തും പോകുന്നവനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും ആകുന്നു. അപ്പോൾ എവിടെ നിന്ന്, എങ്ങോട്ട് എന്നൊക്കെ ചോദിക്കുന്നതിന് എന്താണ് അർത്ഥം? മണ്ണ് കൊണ്ടുണ്ടാക്കിയ ഗൃഹം എപ്പോഴും മണ്ണ് പുരണ്ടതായിരിക്കും. അതിൽ വസിക്കുന്ന പുരുഷനെ പരമാത്മാവെന്നറിഞ്ഞാലും. അതുകൊണ്ട് ആത്മാവ് ദേഹവ്യതിരിക്തമാണെന്നറിഞ്ഞ് മനസ്സിനെ സമത്വചിന്തയോടെ ആക്കിത്തീർക്കൂ."
ഇങ്ങനെ ഋഭുമഹർഷിയുടെ വചനങ്ങൾ കേട്ട് നിദാഘൻ അദ്ദേഹത്തെ നമസ്കരിച്ചു കൊണ്ട് പറഞ്ഞു: "അല്ലയോ മഹാത്മാവേ, പ്രസാദിച്ചാലും. എൻ്റെ ഹിതത്തിനായി ഇവിടെ എത്തിച്ചേർന്ന അങ്ങ് ആരെന്ന് പറഞ്ഞാലും. അങ്ങയുടെ വാക്കുകൾ കേട്ട് എൻ്റെ മോഹങ്ങൾ കെട്ടടങ്ങിയിരിക്കുന്നു.
വീരനഗരത്തിൽ നിന്നും പോകുന്നതിന് മുൻപായി ഋഭുമഹർഷി നിദാഘനോട് പറഞ്ഞു: "അല്ലയോ ബ്രാഹ്മണ, നിനക്ക് പരമാത്മജ്ഞാനം നൽകാനെത്തിയ നിൻ്റെ ആചാര്യനായ ഋഭുവാണ് ഞാൻ. പരമാത്മതത്വം നിനക്ക് ഞാൻ പറഞ്ഞുതന്നു കഴിഞ്ഞു. ഈ ആത്മസ്വരൂപം ഏകവും ഭേദമില്ലാത്തതും ആണെന്ന് അറിയൂ. ഈ സകല ജഗത്തും വിശ്വബ്രഹ്മ പരമാത്മാവായ വാസുദേവൻ്റെ സ്വരൂപമാണെന്നും മനസിലാക്കൂ. ഞാനിപ്പോൾ പോകുന്നു." നിദാഘൻ ഗുരുവിൻ്റെ വാക്കുകൾ സ്വീകരിച്ച് അദ്ദേഹത്തെ നമസ്കരിച്ച് പൂജിച്ചു. അനന്തരം ഋഭു മഹർഷി അവിടെനിന്നും യാത്രയായി. നിദാഘന് ഗുരുകുലത്തിൽ കഴിഞ്ഞ കാലം മനസ്സിൽ തെളിഞ്ഞു. ഗുരുവാക്യങ്ങൾ അവൻ ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്തു. എങ്കിലും അൽപ്പകാലത്തിനുള്ളിൽ അവൻ ഗുരുവിനെയും ഗുരുവചനങ്ങളെയും വീണ്ടും വിസ്മരിച്ചു.
കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഋഭു വീണ്ടും വീരനഗരത്തിൽ വന്നു. ശിഷ്യൻ എത്ര അലസനായാലും, എത്ര ഗ്രാഹ്യശക്തി കുറഞ്ഞവനായാലും ലക്ഷ്യം കൈവരിക്കുന്നത് വരെ അവനെ കൈവിടാതെ തക്കതായ അഭ്യസനം നൽകുക എന്നത് ഗുരുവിൻ്റെ കടമയാണ്. അത് ഭാരതീയ സംസ്കാരത്തിൻ്റെ പ്രത്യേകതകളിൽ ഒന്നാണ്. മഹർഷി നഗരത്തിൽ എത്തിയപ്പോൾ അവിടെ രാജാവിൻ്റെ എഴുന്നള്ളത്ത് നടക്കുകയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്നും അകന്ന് ഒരു ഭാഗത്ത് മാറിനിൽക്കുകയായിരുന്ന നിദാഘനെ ഋഭു കണ്ടു. ഉടൻ തന്നെ മുനി അവൻ്റെ അടുത്ത് ചെന്ന് അഭിവാദ്യം ചെയ്ത് ചോദിച്ചു: "ഇവിടെ എന്താണ് ഇന്ന് വിശേഷം?"
നിദാഘൻ പറഞ്ഞു: പ്രണാമം മഹാമുനേ, രാജാവിൻ്റെ എഴുന്നള്ളത്ത് നടക്കുകയാണ്. ഋഭു ചോദിച്ചു: "ഇവിടെ ആരാണ് രാജാവ്?" "ആനയുടെ പുറത്തിരിക്കുന്നയാളാണ് രാജാവ്. മറ്റുള്ളതെല്ലാം പ്രജകൾ." നിദാഘൻ വിശദീകരിച്ചു. ഋഭു വീണ്ടും ചോദിച്ചു: "അല്ലയോ മഹാത്മൻ, ഇതിൽ ആനയേത് രാജാവേത് എന്നറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്. നിദാഘൻ പറഞ്ഞു: "അല്ലയോ ബ്രഹ്മൻ, താഴെ നിൽക്കുന്നത് ആന. മുകളിൽ ഇരിക്കുന്നത് രാജാവ്. ചെറിയൊരു ചിരിയോടെ ഋഭു പറഞ്ഞു: "താഴെ എന്ന വാക്കിൻ്റെ അർത്ഥമെന്താണ്? മുകളിൽ എന്ന് പറയുന്നത് എന്താണ്? എനിക്കൊന്ന് മനസിലാക്കിത്തരൂ."
ഋഭു ഇങ്ങനെ പറഞ്ഞപ്പോൾ നിദാഘൻ ഉടനെ അദ്ദേഹത്തിൻ്റെ ചുമലിൽ കയറിയിരുന്ന് ഇങ്ങനെ പറഞ്ഞു: "ഇപ്പോൾ രാജാവിനെപ്പോലെ ഞാൻ ഇരിക്കുന്നു. ആനയെന്ന പോലെ ഭവാൻ താഴെയും." മഹർഷി പറഞ്ഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠ, ഭവാൻ രാജാവിനെപ്പോലെയും ഞാൻ ആനയെപ്പോലെയും ആണെങ്കിൽ യഥാർത്ഥത്തിൽ ഭവാൻ ആരാണ്? ഞാൻ ആരാണ്? നിദാഘന് ഉത്തരം മുട്ടി. അവൻ ഉടനെ തന്നെ അദ്ദേഹത്തിൻ്റെ കാൽക്കൽ വീണ് നമസ്കരിച്ചു. സംസ്കൃതചിത്തനായ ഗുരുവിനെ നിദാഘൻ തിരിച്ചറിഞ്ഞു.
ഋഭു പറഞ്ഞു: "അല്ലയോ നിദാഘാ, ഗുരുകുലത്തിൽ വെച്ച് ഞാൻ നിനക്ക് ആത്മവിദ്യ ഉപദേശിച്ചു. അത് വേണ്ടുംവണ്ണം ഗ്രഹിക്കാതിരുന്ന നീ ആദരവോടെ എന്നെ സൽക്കരിച്ച് ശുശ്രൂഷിച്ചപ്പോൾ വീണ്ടും ഞാൻ ഉപദേശിച്ചു. എന്നിട്ടും ഭവാൻ അദ്വൈതബോധത്തിലേക്ക് വരാതിരുന്നത് കൊണ്ടാണ് ഇവിടെയും ഞാൻ വന്നത്. ഇപ്പോൾ ഭവാൻ അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇപ്രകാരം നിദാഘനോട് പറഞ്ഞിട്ട് ഋഭുമഹർഷി അവിടെ നിന്നും യാത്രയായി. നിദാഘൻ ഋഭുവിൻ്റെ ഉപദേശത്താൽ അദ്വൈത തൽപ്പരനായിത്തീർന്നു. അവൻ സർവപ്രാണികളെയും തന്നിൽനിന്നും ഭേദമില്ലാത്തതായി കണ്ടു. ബ്രഹ്മചാരിയായി മോക്ഷം പ്രാപിക്കുകയും ചെയ്തു.
അവലംബം: വിഷ്ണുപുരാണം
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ