ഊർമ്മിള രാമായണത്തിലൂടെ നമ്മെ പഠിപ്പിക്കുന്ന പാഠം'



 ഇന്ന്  രാമായണ  പഠനത്തിൽ നമുക്ക് പല കഥാപാത്രങ്ങളെയും വിശദമായി പഠിക്കാം , സുമിത്ര , രാവണൻ , കൗസല്യ , തടാക , ദശരഥൻ ,  മന്ഥര, വിശ്വാമിത്രൻ എന്നിവരെ പരിചയപ്പെടുത്തുന്നു എന്ന് വിചാരിക്കുക. രാമായണത്തിലെ കഥാപത്രങ്ങളെക്കുച്ചുള്ള ചോദ്യത്തിന് ഉത്തരം   പുർണ്ണമായും എഴുതുക അസാദ്ധ്യം തന്നെ.

ക്ഷമിക്കുക

    നാം മറന്നുകളഞ്ഞ രാമായണത്തിലെ ഊര്‍മിളയെക്കുറിച്ചാണ്  സാധു പറയുന്നത്. ..


ആദികാവ്യമാണ്‌ രാമായണം. വാത്മീകി ആദി കവിയും. എത്രവായിച്ചാലും പുതിയ പുതിയ മാനങ്ങള്‍ നല്‍കുന്ന സാഹിത്യകൃതി. ധര്‍മ്മാധര്‍മ്മങ്ങളും കഥാപാത്രങ്ങളുടെ സംമ്പൂര്‍ണതകൊണ്ടും വിസ്‌മയം കൊള്ളിക്കുന്നു. പക്ഷെ, പല ആവര്‍ത്തി വായിച്ചിട്ടും നിരവധി സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. സാധാരണക്കാരന്റെ നിഷ്കളങ്കമായ മനസ്സിലൂടെ രാമായണം വായിക്കുമ്പോൾ  കാണാനാവാത്ത അനവധി സംശയങ്ങളെ ബാക്കി വച്ച്‌ രാമായണകാരന്‍ നമ്മെ ഒന്നാകെ ആശയകുഴപ്പത്തില്‍ തള്ളുന്നു. നീതി കിട്ടാതെ പോയ അനവധിയായ സ്‌ത്രീ കഥാപാത്രങ്ങള്‍ ഇന്നും മനസ്സില്‍ ഒരു നോവായി ശേഷിക്കുന്നു. അവരില്‍ ഒരു പ്രധാനകഥാപാത്രം ഊര്‍മ്മിള തന്നെ. കേന്ദ്ര കഥാപാത്രങ്ങളായ രാമനും സീതയും കൂടെ ലക്ഷ്‌മണനും അവരുടെ ജീവിതയാത്രയില്‍ ഉടനീളം നേരിടേണ്ടിവന്ന ദുരന്തങ്ങളും പ്രശ്‌നങ്ങളും കൊണ്ട്‌ ശ്രദ്ധേയമാകുമ്പോഴും നാമാരും ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സ്‌ത്രീ കഥാപാത്രമാണ്‌ ഊര്‍മ്മിള . മിഥിലാപുരിയിലെ സന്യാസതുല്യനായ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. വാസ്‌തവത്തില്‍ ജനകമാഹാരാജാവിനു ജനിച്ച ഒരേ ഒരു മകള്‍ ഊർമ്മിള മാത്രമാണ്.. അവിടെയൊക്കെ സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരും പറഞ്ഞില്ല.. അത്‌ ജനകമാഹാരാജാവിന്റെ മഹാമനസ്‌കത. നാല്‌ പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക്‌ വിവാഹം ചെയ്‌തു കൊടുത്തതും ഒരുപക്ഷെ അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ടാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മറ്റു പെണ്‍മക്കളെയും അതെ കൊട്ടാരത്തിലേക്ക്‌ തന്നെ വിവാഹം ചെയ്‌തയച്ചു ജനകന്‍. അയോധ്യയില്‍ രാമനെ കാത്തിരുന്നത്‌ ദുരന്തങ്ങള്‍ ആയിരുന്നു. അന്തപ്പുരം ആശങ്കകളാല്‍ നീറി നിന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്‌മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന രാമന്റെ മുഖവും നമ്മള്‍ കണ്ടു. അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമതിക്കായി അന്ത:പ്പുരത്തില്‍ എത്തുന്നു. അവിടെ സീത അനുയാത്രക്ക്‌ നിര്‍ബന്ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാ ദുരിതങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌... രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്നു. "ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം." സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌... രാമനെ ദശരഥനായി കാണണം .. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു കൂടെ വരട്ടെ എന്ന്‌.. ലക്ഷ്‌മണന്‍ പറഞ്ഞത്‌ എന്താണെന്നോ..? കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്‌. ഊര്‍മ്മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല.. യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു... കരയരുത്‌.... അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവര്‍. കുട്ടിക്കാലത്ത്‌ നടന്ന ഒരു സംഭവം കൂടി- കുട്ടികള്‍ കളിക്കുകയായിരുന്നു. അപ്പോള്‍ പന്ത്‌ കൊട്ടാരത്തിലെ പത്തായത്തിനു പിന്നില്‍ വീണുപോയി ആയിരക്കണക്കിന്‌ പറ നെല്ല്‌ സൂക്ഷിക്കുന്ന പത്തായമാണ്‌. കുട്ടികള്‍ വിഷമിച്ചു. അതുകണ്ട ഊര്‍മ്മിള ഒറ്റയ്‌ക്ക്‌ പത്തായം നീക്കി പന്ത്‌ പുറത്തു എടുത്തുവെന്നാണ്‌ കഥ അത്രയ്‌ക്ക്‌ കരുത്തുറ്റ കഥാപാത്രമാണ്‌ ഊര്‍മ്മിള!. വനവാസക്കാലം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞു കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!. സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണ വലുപ്പമാര്‍ജിക്കുന്നു.     വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ രാമ സീത ദമ്പതിമാർ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ  പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയെ ആണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള..ഇനി ഊർമ്മിളയുടെ മഹത്വം വ്യക്തമാക്കുന്ന ഒരു സന്ദർഭം കൂടി  വിവരിക്കാം ,പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി.

എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു.


തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ.   പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു.

വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.

രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു.

രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു.

ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു.   രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു.

" രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽ തൊട്ടു വന്ദിക്കുന്നോ? "

രാമൻ പറഞ്ഞു.

"ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തിയണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്.

ഈ പാദത്തിൽ നമിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ.   ഭവതിയുടെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തു തീർക്കാനായത്..

ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ ലക്ഷമണന് ഇത്ര നന്നായി എന്നെ പരിപാലിക്കാൻ കഴിയില്ലായിരുന്നു.

മാത്രമല്ല ദേവി ഇവിടെ ഉള്ളതുകൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളും എന്ന സമാധാനവും എനിക്ക് ഉണ്ടായി.

ഏതു കർമ്മവും കൃത്യനിഷ്ടയോടും സമാധാനത്തോടും നിർവ്വഹിക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം.


എല്ലാം മനസ്സിലാക്കി വേണ്ടത് പോലെ ഗൃഹം പരിപാലിക്കാൻ ഉത്തമയായ ഗൃഹസ്ഥക്കു മാത്രമേ സാധിക്കുകയുള്ളൂ.

ഇതുകൊണ്ടെല്ലാമാണ്‌ ഞാൻ ദേവിയെ നമിച്ചത്. പകൽ സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിക്കില്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്. "

ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു.

" ശ്രീരാമചന്ദ്ര പ്രഭോ! അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം സാദ്ധ്യമായത്.  

വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹ ദുഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല.   എന്നാൽ ദേവാ ആ സമയത്തും അങ്ങ് എന്റെ അടുത്ത് എത്തി എന്നെ സമാധാനിപ്പിച്ചു.

അപ്പോൾ ഞാൻ അങ്ങയോടു ഒരു വരം ആവശ്യപ്പെട്ടു.   ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്നു എന്ന വിഷമം എനിക്കുണ്ടാവരുത്.

സാദാ പതിയോടു കൂടി സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തെ എനിക്ക് വരമായി തരണം എന്ന്.   അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വ കർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ടിക്കാൻ പ്രപ്തയാക്കിയത്.

" പതിയോടു കൂടി ആനന്ദത്തോടെ ഇരിക്കുന്ന പതിവൃതയായ പത്നിക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ. "

ഇതെല്ലാം കേട്ട് നിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

രാമായണത്തിൽ നിന്നും ഇത്രയും എഴുതുമ്പോൾ സർവ്വസംഗ പരിത്യാഗിയായ ഈ സാധുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയാണ്.

അണു കുടുംബങ്ങളിലേക്ക് ഒതുങ്ങുന്ന ഇന്നത്തെ തലമുറ അത്യാവശ്യം വായിക്കേണ്ട ഒരു കഥ ആണ് ഇത് സഹോദരങ്ങളുടെ ഇടയിൽ മാത്സര്യം വരുന്ന ഈ കലിയുഗത്തിൽ വളരെ പ്രസക്തമാണ് ഈ കഥ.

ഭർത്താവിനെക്കുറിച്ച് ഭാര്യയും , ഭാര്യയെക്കുറിച്ച് ഭർത്താവും മനസിലാക്കേണ്ട ഒരു തത്വമാണ് ഊർമ്മിള എന്ന ഭാര്യയെ .

ഒപ്പം

ആത്മഹത്യ ചെയ്യാൻ പോയ മാനസിക രോഗിയായ ഭർത്താവിനെ ഓർക്കാതെ രണ്ട് കുഞ്ഞു പെൺ മക്കളേയും, രോഗിയായ അമ്മയേയും ഏറ്റെടുത്ത് ധൈര്യപൂർവ്വം ജീവിച്ച പതിവ്രതയായി പതിനാല് വർഷത്തിനു ശേഷവും ഇന്നും ജീവിച്ചിരിക്കുന്ന ഊർമ്മിളയായി പുണ്യവതിയായ ആ പൂർവ്വാശ്രമ പത്‌നിയെ ആദിപരാശക്തിക്കു തുല്യം ആദരിച്ചു കൊണ്ട് സന്യാസിയായി മാറിയ ആ പഴയ ഭ്രാന്തൻ നിറകണ്ണുകളോടെ ഈ ബ്ലോഗ് ആ മായാദേവിയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു.

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പെരിയമ്പലം

തൃശ്ശൂർ ജില്ല

90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം