കർമ്മഫലം.
പ്രണാമം,
കർമ്മഫലം എന്താണ്?
സല്‍കര്‍മ്മം ദുഷ്‌കര്‍മ്മം എന്നിവയുണ്ടോ?
പുനര്‍ജന്മം ശാസ്ത്രീയമാണോ? കഴിഞ്ഞ ജന്മം ചെയ്ത സല്‍ഫലങ്ങള്‍ക്കും, ദുഷ്ഫലങ്ങള്‍ക്കും ഈ ജന്മത്തില്‍ അനുഭവിക്കേണ്ടിവരുമെന്ന് പറയുന്നത് അന്ധവിശ്വാസമാണോ? ഈ ജന്മത്തില്‍ ഒരു പാപകര്‍മ്മവും ചെയ്യാത്ത ഒരു ശിശു എങ്ങനെ മൂകനും അന്ധനും ബധിരനുമായി ജനിക്കാന്‍ കാരണം? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സാധാരണക്കാരില്‍നിന്ന് കേള്‍ക്കുന്നത് സ്വാഭാവികം.
ഓരോ വ്യക്തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തി ചെയ്ത കര്‍മ്മഫലം മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ് പിന്നീട് ആത്മാവ് തിരഞ്ഞെടുക്കുന്നത്. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കര്‍മ്മഫലം അനുഭവിച്ച് തീരുന്നതുവരെ പുനര്‍ജന്മവും ഉണ്ടാകും. ഒരാളുടെ മരണം, പുനര്‍ജന്മരീതി എന്നിവയെക്കുറിച്ചുള്ള അറിവ്, ശാസ്ത്രസത്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ആത്മീയമായി ചിന്തിക്കുന്ന ഏവര്‍ക്കും കൗതുകകരമായിരിക്കും. കര്‍മ്മഫലവും പുനര്‍ജന്മവും ഭാരതീയ ചിന്താധാരകള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാരവിചാരങ്ങള്‍, സങ്കല്‍പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് വിധേയമാണെന്നത് ആധുനിക ശാസ്ത്രവീക്ഷണമാണ്. ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ജനനമരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്തുതയാണ്. സുഖം,ദുഃഖം, ലാഭം,നഷ്ടം, ഉയര്‍ച്ച താഴ്ച, ചിരി, കരച്ചില്‍, ശരിതെറ്റ് ശാസ്ത്ര ദൃഷ്ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജന്മമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം. ആത്മാവ് എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് ശാസ്ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു. വിസ്തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച് ആര് നല്‍കിയാലും അത് ആ വ്യക്തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ് അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ഓക്‌സിജന്റെ 'തന്മാത്ര'പോലെ എല്ലാ ജീവജാലങ്ങളിലും ദ്രവ്യമുണ്ട്. ആ ദ്രവ്യങ്ങള്‍ കര്‍മ്മഫലം അനുസരിച്ച് ഒന്നില്‍ നിലനിന്ന് പിന്നീട് മറ്റൊന്നിലേക്ക് പോകുന്നു എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. അതായത് ആത്മാവ് പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. പരമാത്മാവില്‍ അലിഞ്ഞുചേരുന്നതുവരെ എന്നു പറയാം.അപ്പോള്‍ ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു. ഇതിലൂടെ ആത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്തമാകുന്നു. ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്. ശ്രീകൃഷ്ണന്‍ പറയുന്നു. ''ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ.'' അര്‍ജ്ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും. ശരീരത്തിന് സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍; വൈദ്യുതി ഉപകരണത്തിന് എന്തു സംഭവിച്ചാലും വൈദ്യുതിക്ക് ഒന്നും സംഭവിക്കുന്നില്ല. ഇനി ചിന്തിക്കേണ്ടത് ആത്മാവ് എന്തടിസ്ഥാനത്തിലാണ് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത് എന്നാണ്. ഇവിടെ നമുക്ക് ശാസ്ത്രീയമായി പറയാവുന്ന ഒരു പ്രയോഗം 'കര്‍മ്മഫലം' എന്നാണ്. നാം ചെയ്ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. വിശാലമായി ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ് ഒരു സൂക്ഷ്മജീവി മുതല്‍ ഈ ബ്രഹ്മാണ്ഡത്തിലെ സൂര്യഗോളംവരെയാണ്. അതിലേതിന്റേയും നിലനില്‍പ്പിന് കോട്ടം വരുത്തിയാല്‍ അത് പാപവുമാണ്. അതിന്റെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ. അനുഭവിച്ചുതീരുമ്പോള്‍ അതില്‍നിന്ന് മുക്തമാകുകയും ചെയ്യും. ആത്മാവിന് കൊണ്ടുപോകാന്‍ പാപകര്‍മ്മഫലങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആത്മാവിന് മോക്ഷപ്രാപ്തിയായെന്നു പറയാം.പാപപുണ്യങ്ങള്‍കൊണ്ടുപോകുന്നതിനെ ഇങ്ങനെ ഉപമിക്കാം: വൈദ്യുതി എത്ര ഉയര്‍ന്ന അളവിലായാലും വൈദ്യുതി കമ്പിയില്‍ക്കൂടി പോകുമ്പോള്‍ കമ്പിക്ക് ബാധകമാകാറില്ല. സുഗന്ധമോ, ദുര്‍ഗന്ധമോ ആയാലും വായു അതു പരത്തുമ്പോള്‍ വായുവിന്റെ അസ്ഥിത്വത്തെ ബാധിക്കാറില്ല. അതേപോലെയാണ് ആത്മാവിന്റെ കാര്യവും. സഞ്ചിതം, ആര്‍ജിതം, പ്രാരബ്ധം എന്നിങ്ങനെ മൂന്നിനം കര്‍മ്മഫലങ്ങളാണുള്ളത്. കഴിഞ്ഞ ജന്മംവരെയുള്ള ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളില്‍ അനുഭവിച്ചു തീര്‍ക്കാത്തതാണ് സഞ്ചിതകര്‍മ്മം. ഈ ജന്മത്തില്‍ ചെയ്തു കൂട്ടിയത് അഥവാ ഈ ജന്മത്തില്‍ ആര്‍ജിച്ചതാണ് ആര്‍ജ്ജിത കര്‍മ്മം. അപ്പപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റേതാണ് പ്രാരബ്ധകര്‍മ്മം. ഇവ മൂന്നും ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കണം.
കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”
കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്.”
“അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?”
കൃഷ്ണൻ പറഞ്ഞു “കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു”.
ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) – “ഗഹന കർമ്മണാ ഗതി” – കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. ഒരു വാക്യം കേട്ടിട്ടല്ലെ – ” The mills of God grind slow; but they grind exceedingly fine ” അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും – നന്മക്കും തിന്മക്കും.
ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു – ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും.
നമ്മുടെ കർമ്മഫലങ്ങളും – സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും.
മായാമൂഢരും അഹങ്കാരികളും സുരപാനം കൊണ്ട് തലക്ക് വെളിവില്ലാതായവരുമായ യാദവകുലം മുച്ചൂടും മുടിയേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ മുടിക്കേണ്ടത് തന്നെയാണ്. അതും ധര്‍മ്മസംസ്ഥാപനത്തിന്റെ ഭാഗം തന്നെ. അതും അവതാരോദ്ദേശം തന്നെയാണ്.
ദ്വാരകയിലെ അശുഭലക്ഷണങ്ങള്‍ കണ്ട് തന്റെ അന്തര്‍ദ്ധാന കാലമായെന്ന് നിശ്ചയിച്ച ഭഗവാന്‍ സ്ത്രീകളെയും കുട്ടികളെയും മറ്റും ശംഖോദ്ധാരം എന്ന തീര്‍ത്ഥസ്ഥലത്തേക്ക് അയച്ചു.
മദിരാമത്തരായ യാദവരുടെ അന്തച്ഛിദ്രം കണ്ട കണ്ണനാകട്ടെ അകലെ ഒരാല്‍ച്ചുവട്ടില്‍ മാറിയിരുന്നു. ഇടത്തെ കാല്‍ വലത്തേ തുടയില്‍ കയറ്റിവച്ചായിരുന്നു ഇരിപ്പ്. മാനിന്റെ മുഖം പോലെയിരിക്കുന്ന ഭഗവച്ചരണം കണ്ടിട്ട് മൃഗമാണെന്ന ശങ്കയാല്‍ ജരയെന്നു പേരായ ഒരു വേടന്‍ ആ പാദം ലക്ഷ്യമാക്കി അമ്പയച്ചു.
മാനിനെ തേടി ഓടിവന്ന വേടന്‍ കണ്ടത് കാല്‍പ്പാദത്തില്‍ അമ്പ് കൊണ്ട ചതുര്‍ബാഹുവായ ഭാഗവാനെയാണ്. മാപ്പപേക്ഷിച്ചു കേണു നമസ്കരിച്ച അവനോടു ഭഗവാന്‍ പറഞ്ഞത് ഇപ്രകാരമാണ്.
‘ഹേ ജരെ, ഭയം വേണ്ട, എഴുന്നേല്‍ക്കുക. എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് നീ ഈ കൃത്യം ചെയ്തത്. അതിനാല്‍ സുകൃതികളുടെ പദമായ സ്വര്‍ഗ്ഗം ഞാന്‍ നിനക്ക് അനുവദിച്ചിരിക്കുന്നു’.
എന്റെ സങ്കല്‍പ്പം അനുസരിച്ചാണ് എന്ന സൂചനക്ക് ഒരു വിശേഷാര്‍ത്ഥം ഉണ്ട്. ശ്രീരാമന്റെ ഒളിയമ്പേറ്റു മരിച്ച ബാലി പുനര്‍ജ്ജന്മം എടുത്ത് വേടനായി വന്നിരിക്കുന്നു ഇവിടെ, ഭഗവാന്‍ തന്നെയായ ശ്രീകൃഷ്ണനെ ഒളിഞ്ഞു നിന്ന് അമ്പെയ്യാനായി. ഇതൊരു നിയോഗമാണ്.
നീ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കാട്ടാളനായി പൂര്‍വ്വവിരോധം കാരണം എന്റെ കാലിനു മുറിവേല്‍പ്പിക്കും എന്നും അത് എന്റെ സ്വധാമപ്രാപ്തിക്ക് കാരണമാകും എന്നും ശ്രീരാമന്‍ അമ്പേറ്റ ബാലിയോട് പറഞ്ഞതായി ആനന്ദരാമായണത്തില്‍ പറയുന്നുണ്ട്.
കര്‍മ്മഫലം ജന്മജന്മാന്തരങ്ങളില്‍ ആയാലും അനുഭവിച്ചേ തീരൂ എന്ന് ഭഗവാന്‍ സ്വചര്യകൊണ്ട് ലോകത്തെ പഠിപ്പിക്കുന്നു.
കര്‍മ്മഫലം സുഖദായകമല്ലെന്ന ബോധ്യമുറച്ചതു കാരണം അതില്‍ ആഗ്രഹവും, ആസക്തിയും, ആശ്രയത്വവും അകലുന്ന അവസ്ഥയെ ഒരുതരം വിപരീതവും നിഷേധാത്മകവുമായ സമീപനമായി ചിന്തിക്കുന്നത് ശരിയല്ല. ഈശ്വരനു നിവേദിക്കുക (ലോക കല്യാണത്തിനു സമര്‍പ്പിക്കുക) എന്ന നിലയില്‍ അത് ക്രിയാത്മകവും, സര്‍ഗ്ഗാത്മകവും ആകുന്നു. കര്‍മ്മഫല ത്യാഗത്തില്‍ ഫലം ആര്‍ക്കുമുപകാരം ചെയ്യുന്നില്ലെന്ന വിപരീതാവസ്ഥയുണ്ട്. മറിച്ച് 'കര്‍മ്മഫലം നിവേദിക്കുന്നു' എന്ന നില വന്നാല്‍ അത് ഉദാത്തമായൊരു ശുഭകാര്യമാവും. അതുകൊണ്ട് കര്‍മ്മഫലം ത്യജിക്കുന്നതിനു പകരം, ജഗദീശ്വരനു നിവേദിക്കാം. ഭഗവത് ഗീത ഒന്‍പതാം അദ്ധ്യായത്തില്‍ ഭഗവാന്‍ അങ്ങിനെയൊരാഹ്വാനം സ്പഷ്ടമായി നല്‍കിയിട്ടുണ്ട്.
*' യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം'* ( ഭഗവദ് ഗീത 9/27)
(അര്‍ജ്ജുന! നീ യാതൊന്നു ചെയ്യുന്നുവോ, യാതൊന്നു ഭക്ഷിക്കുന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊരു തപസ്സു ചെയ്യുന്നുവോ അതൊക്കെയും എന്നില്‍ സമര്‍പ്പിച്ചാലും)
ഇങ്ങനെ വെറും ത്യാഗത്തേക്കാള്‍ ഉദാത്തമായ നിലയില്‍ കര്‍മ്മങ്ങളേയും ക്രമേണ തദനുസൃത ചിന്തകളേയും നമുക്ക് ഭഗവാന് നൈവേദ്യമാക്കി ചെയ്യാം. (വിശ്വപ്രേമത്താല്‍ പ്രചോദിതരായി കര്‍മ്മങ്ങള്‍ ലോകോപകാരപ്രദമായി ചെയ്യുന്നതിന്റെ മറ്റൊരു ഭാവാത്മക രീതി) ഈ വൃത്തിയും,
(ചിന്ത) പ്രവൃത്തിയും അനുസരിച്ച് മുന്നേറിയാല്‍ ഓരോ നിര്‍ദ്ദിഷ്ട ദൗത്യം നിര്‍വ്വഹിച്ചു കഴിയുമ്പോഴും മനസ്സ് അലയൊഴിഞ്ഞ ആഴി പോലെ ശാന്തമായിരിക്കുന്നത് അനുഭവിക്കാന്‍ കഴിയും.
ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ