രാമായണം A
നാം നിത്യേന ഉപയോഗിക്കുന്ന ക്യാപ്‌സൂളുകൾ പോലെയാണ് നമ്മുടെ പുരാണേതിഹാസകഥകൾ. പല വർണങ്ങളിലുള്ള പുറന്തോടുകളാണ് ഇത്തരം ക്യാപ്‌സൂളുകളുടെ ആകർഷണം. എന്നാൽ അവയ്ക്കുള്ളിലാണ് മരുന്നുകളുള്ളത്. പുറന്തോടുകൾ, സുഗമമായി ഇവ അകത്തെത്തിക്കാനുള്ള ഒരുപാധിമാത്രം. പുരാണ കഥകൾക്കുള്ളിൽ മനുഷ്യസമൂഹത്തെ ചികിത്സിക്കാനുള്ള മഹത്തായ ഔഷധങ്ങൾ.... നന്മയുടെ സന്ദേശങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. ലോകത്താകമാനം കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ഭാരതത്തിലിന്നും സ്നേഹസുരഭിലമായ കുടുംബത്തിന്റെ പാരസ്പര്യത്തിൽ നാം അഭിരമിക്കുന്നത് ഇങ്ങനെ നമുക്ക് പകർന്നു കിട്ടിയ സന്ദേശങ്ങളിലൂടെയാണ്. അച്ഛനും മകനും.. ഭർത്താവും ഭാര്യയും.. ജ്യേഷ്‌ഠനും അനുജനും എന്നുവേണ്ട നമ്മുടെ സമസ്തബന്ധങ്ങളും ഇങ്ങനെ തീവ്രവും സ്‌നിഗ്ദ്‌ധവുമായ ഒരു നന്മ വൃക്ഷത്തിന്റെ അടിവേരുകൾ വലിച്ചെടുത്ത നീരുണ്ടു നില നില്ക്കുന്നതാണ്. കുടുംബം മാത്രമല്ല. സമൂഹത്തിലെ മറ്റു മേഖലകളിലെല്ലാംതന്നെ ഇത് പ്രകടമാണ്. ഗുരു ശിഷ്യബന്ധവും സൗഹൃദങ്ങളും രാഷ്ട്രീയ സാമൂഹ്യ വൈദ്യശാഖകളുമൊക്കെ ഇത്തരത്തിൽ ബന്ധിതമായിരിക്കുന്നു. എല്ലാറ്റിനും ഉദാഹരണങ്ങളാകുന്ന കുറെ കഥകളിലൂടെ, വാല്മീകിയും വ്യാസനും ...